2009-01-15 14:07:15

ക്രിസ്തുവിനോട് ഐക്യപ്പെടുപ്പോള്‍ നമുക്കു് ഒന്നും ഭയപ്പെടാനില്ലെന്ന്, പാപ്പാ


 
ലോകം ഇന്ന് അപകടകരമായ ശക്തികളാല്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ടു് ജീവിക്കുകയാണെങ്കില്‍ നമുക്കു് ഒന്നും ഭയപ്പെടാനില്ല. കാരണം അവിടുന്ന് എല്ലാശക്തികള്‍ക്കും ഉപരിയാണ്. അവിടുന്നു് സഭയുടെ മാത്രമല്ല പ്രപഞ്ചത്തിന്‍െറയും നാഥനാണ്. കാരണം, പ്രപഞ്ചം മുഴുവന്‍ അവിടുന്നിലാണ് നിലക്കൊള്ളുന്നത്. പൊതുകുടിക്കാഴ്ചാവേളയിലെ പൗലോസ് അപ്പസ്തോലനെ അധികരിച്ച പ്രബോധനപരമ്പരയില്‍, ‘ഇരട്ടലേഖനങ്ങളെന്നു്’ വിശേഷിപ്പിക്കപ്പെടുന്ന എഫേസോസുകാര്‍ക്കും, കൊളോസോസുകാര്‍ക്കും ഉള്ള ലേഖനങ്ങളെ വിചിന്തനവിഷയമാക്കവെ, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ആശയത്തിലും, ഭാഷയിലും, അവതരണശൈലിയിലും അവയ്ക്കു് സമാനത ഉള്ളതുകൊണ്ടാണ് അവയെ ‘ഇരട്ടലേഖനങ്ങള്‍’ എന്നു് പറയുന്നതു്. പ. പിതാവ് തുടര്‍ന്നു- ആ ലേഖനങ്ങള്‍ യേശുവിനെ തലവന്‍ എന്നു് വിശേഷിപ്പിക്കുന്നു. ആ പ്രയോഗം കൊണ്ട് എല്ലാത്തിനുപരി അര്‍ത്ഥമാക്കുക ക്രിസ്തു സഭയുടെ തലവന്‍ ആണെന്നാണ്. നായകന്‍, ഗുരു എന്നീ നിലകളില്‍ ക്രൈസ്തവസമൂഹത്തെ നയിക്കുന്ന അധികാരിയാണ് അവിടുന്നു്. ക്രിസ്തു നമ്മെ നയിക്കുക മാത്രമല്ല, അഭേദ്യമായി നമ്മോട് ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഈ ഐക്യമാണ് സത്യത്തിന്‍െറയും, നീതിയുടെയും, നന്മയുടെയും പാതയില്‍ സഞ്ചരിക്കുവാന്‍ നമുക്കു് ശക്തി പ്രദാനം ചെയ്യുക. അവിടുന്നു് സഭയുടെ മാത്രമല്ല ആകാശശക്തികളുടെയും, പ്രപഞ്ചം മുഴുവന്‍െറയും ശിരസ്സാണ്. എല്ലാ അധികാരങ്ങള്‍ക്കും, ശക്തികള്‍ക്കം മുകളിലായി ദൈവം ക്രിസ്തുവിനെ സ്ഥാപിച്ചിരിക്കുകയാണെന്നു് വി.പൗലോസ് പറയുന്നു. ക്രിസ്തു കുരിശിലെ തന്‍െറ രക്തത്താല്‍ സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും ഉള്ള എല്ലാത്തിനെയും അനുരജ്ഞിപ്പിച്ചു. എഫേസോസുക്ര്‍ക്കും, കൊളോസോസുകാര്‍ക്കും ഉള്ള ലേഖനങ്ങള്‍ രണ്ടും സഭയെ ക്രിസ്തുവിന്‍െറ വധുവായി അവതരിപ്പിക്കുന്നു. അവിടുന്ന് സ്നേഹത്തിന്‍െറ പരമോന്നതമാതൃക അവള്‍ക്കു് നല്‍കി. അവിടുത്തെ സ്നേഹമാണ് മാര്‍ഗ്ഗദര്‍ശനവും, പ്രചോദനവും, ജീവനും നല്‍കി സഭയെ കെട്ടിപ്പടുക്കുന്നതു്.







All the contents on this site are copyrighted ©.