2008-12-20 16:17:10

വൈവിധ്യം ഒരു ശിക്ഷണമാണ് അതില്‍ ഭയപ്പെടാനൊന്നുമില്ലന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍


വൈവിധ്യം ഒരു ശിക്ഷണമാണ്. അതില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് പാപ്പാ. മലാവി, സ്വീഡന്‍, സിയറ ലിയോണ്‍, ഐസ്ലാന്‍ഡ്, ലക്സംബര്‍ഗ്, മഡഗാസ്കര്‍, ബെലീസ്, ടൂണിഷ്യ, കസഖ്സ്ഥാന്‍, ബഹ്റൈന്‍, ഫിജീ എന്നീ രാജ്യങ്ങളുടെ നവസ്ഥാനപതികളുടെ സാക്ഷൃപത്രങ്ങള്‍ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ വച്ച് സ്വീകരിക്കവെ പൊതുവായി നടത്തിയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. വിശ്വാസത്തോടോ വംശത്തോടോ ബന്ധിതമായ ചില രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതികള്‍ മാനവകുലത്തെ രാഷ്ട്രീയമുതലെടുപ്പിലൂടെയും അക്രമത്തിലൂടെയും ദീര്‍ഘനാള്‍ പീഡിപ്പിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ അതു് ഇന്നും നടക്കുന്നു.. പ.പിതാവ് തുടര്‍ന്നു- ഓരോ രാജ്യത്തിന്‍െറയും രാഷ്ട്രീയവ്യവസ്ഥിതിയില്‍ അതിന്‍േറതായ പ്രതിഭയും ,വികലതകളുടെതായ ദുര്‍ഭൂതങ്ങളും ഉണ്ട്. ആ വികലതകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും ഭാവാത്മകമായവയെ ഉപരി സമ്പന്നമാക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുക ഓരോ ജനതയുടെയും ബാദ്ധ്യതയാണ്. സമാധാനം തേടുകയും അതിനെ പരിപോഷിപ്പിക്കുകയും ആണ് ഒരു സ്ഥാനപതിയുടെ മുഖ്യദൗത്യം. അദ്ദേഹം ഒരു സമാധാനശില്പിയായിരിക്കണം. സംഘര്‍ഷമില്ലാത്ത ഒരു രാഷ്ടീയമോ സാമ്പത്തികമോ ആയ അവസ്ഥയല്ല സമാധാനം. മറിച്ച് അതു് ഓരോത്തരുടെയും വ്യക്തിപരമായ വികസനത്തിനും എല്ലാവരുടെയും ഇടയിലെ ഏകതാനതയ്ക്കും പാതയൊരുക്കുന്ന വ്യവസ്ഥകളുടെ ആകെത്തുകയാണ്. ക്രിസ്തു സമാധാനസ്ഥാപകരെ ദൈവമക്കളെന്ന് വിളിക്കുന്നതുകൊണട് സ്ഥാനപതികളുടെ ദൗത്യം ശ്രേഷ്ഠമാണ്. നീതിയാണ് സമാധാനത്തിലേയ്ക്കു് നമ്മെ ആനയിക്കുക. സ്ഥാനപതികളോടുള്ള പൊതു പ്രഭാഷണത്തിനു ശേഷം വിവിധ ഭാഷക്കാരായ സ്ഥാനപതികളെ പാപ്പാ പ്രത്യേകം പ്രത്യേകം അഭിസംബോധന ചെയ്യുകയും ചെയ്തു.







All the contents on this site are copyrighted ©.