2008-08-16 12:38:07

സ്വര്‍ഗ്ഗാരോപിതയായ പരിശുദ്ധ കന്യകാമറിയം മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക ലക്ഷൃം ചൂണ്ടികാട്ടുന്നു, മാര്‍പാപ്പ.

 


സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട പരിശുദ്ധ മറിയം നമ്മുടെ ഭൗമിക തീര്‍ത്ഥാടനത്തിന്‍റെ ആത്യന്തിക ലക്ഷൃം നമുക്കു ചൂണ്ടിക്കാട്ടുന്നുവെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ. നമ്മുടെ അസ്ഥിത്വം പൂര്‍ണ്ണമായി- അരൂപിയും, ആത്മാവും, ശരീരവും- ജീവന്‍റെ പൂര്‍ണ്ണത പ്രാപിക്കുന്നതിനായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നും ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തില്‍ മഹത്വീകൃതയായിരിക്കുന്ന മറിയം നമ്മെ അനുസ്മരിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

സ്വര്‍ഗ്ഗാരോപണതിരുനാളില്‍ മദ്ധ്യാഹ്ന ത്രികാലപ്രാര്‍ത്ഥനയ്ക്ക് കാസ്റ്റല്‍ ഗണ്‍ദോള്‍ഫൊയിലെ അപ്പസ്തോലിക അരമനയുടെ അങ്കണത്തല്‍ സമ്മേളിച്ചിവരോടായി നടത്തിയ പ്രഭാഷണത്തിലാണ് പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഈ ഉദ്ബോധനങ്ങള്‍ നല്കിയത്. "പരിശുദ്ധ കന്യകാമറിയത്തെ എപ്പോഴും ക്രിസ്തുവിന്‍റെയും സഭയുടെയും രഹസ്യത്തോടു ബന്ധപ്പെടുത്തി കാണേണ്ടിയിരിക്കുന്നുവെന്ന് രണാടാം വത്തിക്കാ൯ സൂനഹദോസ് പഠിപ്പിക്കുന്നു", പാപ്പാ തുടര്‍ന്നു. "ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തില്‍ മഹത്വീകൃതയായിരിക്കുന്ന പരിശുദ്ധ മറിയമാണ് ലോകാവസാനത്തില്‍ പൂര്‍ത്തിയാകാനിരിക്കുന്ന സഭയുടെ പ്രതിരൂപവും ആരംഭവും. അതുപോലെ, കര്‍ത്താവിന്‍റെ ദിവസം ഉദയം ചെയ്യുന്നതുവരെ, മറിയം ഭൂമുഖത്ത് തീര്‍ത്ഥാടനം ചെയ്യുന്ന ദൈവജനത്തിന് സുനിശ്ചിതമായ പ്രത്യാശയുടെയും സമാശ്വാസത്തിന്‍റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കും (തിരുസ്സഭ,68).  കുരിശില്‍ മരിക്കുന്നതിനുമുമ്പ് യേശുതന്നെ തന്നെ ഭരമേല്പിച്ച മക്കളെ ദിവ്യാംബ പറുദീസയില്‍നിന്ന് നിരന്തരം, വിശേഷവിധിയായി പരീക്ഷകളുടെ ദുഷ്ക്കര സന്ദര്‍ഭങ്ങളില്‍, തൃക്കണ്‍പാര്‍ത്തുകൊണ്ടിരിക്കുന്നു. ഈ മാതൃനിര്‍വിശേഷ ഔത്സുക്യത്തിനു വാചാല സാക്ഷൃം നല്കുന്ന അനവധിയാളുകളെ ആ അമ്മയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കാണാ൯ കഴിയുന്നു. ഈ സന്ദര്‍ഭത്തില്‍ ജീവന്‍റെയും പ്രത്യാശയുടെയും നിസ്തുല്യ സാര്‍വ്വത്രിക നഗരമായ ലൂര്‍ദ്ദ് എന്‍റെ സ്മരണയിലെത്തുന്നു. അവിടെ പരിശുദ്ധ മറിയത്തിന്‍റെ പ്രത്യക്ഷീകരണങ്ങള്‍ ഉണ്ടായതിന്‍റെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളില്‍ സംബന്ധിക്കുന്നതിന്, ദൈവം തിരുമനസ്സാകുന്നപക്ഷം, ഒരു മാസത്തിനുള്ളില്‍ ഞാ൯ എത്തും".

സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ സ്വര്‍ഗ്ഗത്തില‍േക്ക് ദൃഷ്ടികളുയര്‍ത്താ൯ നമ്മ‍െ ഉത്തേജിപ്പിക്കുന്നുവെന്ന് അന്നു രാവിലെ കാസ്റ്റല്‍ ഗണ്‍ദോള്‍ഫൊയില്‍ വില്ലനോവയില‍െ വിശുദ്ധ തോമസ്സിന്‍റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലര്‍പ്പിച്ച ദിവ്യബലിയില‍െ വചനപ്രഘോഷണത്തില്‍ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ പറഞ്ഞു. "ഈ സ്വര്‍ഗ്ഗം കേവലം അമൂര്‍ത്തമോ, കലാകാരന്‍റെ ഭാവനാസൃഷ്ടിയോ അല്ല, മറിച്ച് മൂര്‍ത്തമായ സത്യമാണ്. ദൈവമാണ് സ്വര്‍ഗ്ഗം. അവിടുന്നാണ് നമ്മുടെ ജീവിത്തിന്‍റെ ആത്യന്തിക ലക്ഷൃ; നാം പുറപ്പെട്ടതും ലക്ഷൃംവയ്ക്കുന്നതുമായ നിത്യഭവനം", പാപ്പാ തുടര്‍ന്നു പ്രബോധിപ്പിച്ചു.








All the contents on this site are copyrighted ©.