2008-08-14 12:35:38

പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരിക്കലും പ്രത്യാശ നഷ്ടപ്പെടുകയില്ല, മാര്‍പാപ്പ.

 


പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരിക്കലും, ഏറ്റവും ദുഷ്ക്കര ഘട്ടങ്ങളിലോ മാനുഷികമായി അങ്ങേയറ്റം നിരാശാജനകമായ സാഹചര്യങ്ങളില്‍പോലുമോ, പ്രത്യാശ കൈമോശം വരികയില്ലെന്ന് ബനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രബോധിപ്പിച്ചു. ബുധനാഴ്ചത്തെ പൊതുദര്‍ശനമനുവദിക്കല്‍ പരിപാടി, മൂന്നാഴ്ചത്തെ ഇടവേളയ്ക്കുശേഷം, ഓഗസ്റ്റ് പതിമൂന്നാംതീയതി പുനരാരംഭിച്ച  മാര്‍പാപ്പ തന്‍റെ പ്രഭാഷണത്തിലാണ് ഈ പ്രബോധനം നല്കിയത്. കാസ്റ്റെല്‍ ഗണ്‍ദൊള്‍ഫോയിലെ വേനല്‍ക്കാല അപ്പസ്തോലിക അരമനയില്‍ ആയിരിക്കുന്ന പാപ്പാ അവിടെത്തന്നെയാണ് പൊതുദര്‍ശനം അനുവദിച്ചത്. ആറാം പൗലോസ് മാര്‍പാപ്പ മുപ്പതു വര്‍ഷംമുമ്പ് കാസ്റ്റെല്‍ ഗണ്‍ദൊള്‍ഫോയിലെ അരമനയില്‍വച്ച് പൊതുകൂടികാഴ്ചാപരിപാടി നടത്തിയതിനുശേഷം ആദ്യമായിട്ടാണ് പാപ്പാ അവിടെവച്ചു പൊതുദര്‍ശനമനുവദിക്കുന്നത്.

പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് അനവധിയാളുകള്‍ തനിക്ക് കത്തെഴുതുന്നുവെന്നും തങ്ങളുടെ സന്തോഷസന്താപങ്ങളും ആശയാശങ്കകളും ജീവിത പദ്ധതികളും അതുപോലെതന്നെ കുടുംബ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും അവര്‍ തന്നെ അറിയിക്കുന്നുവെന്നും പതിനാറാം ബനഡിക്ട് മാര്‍പാപ്പ വെളിപ്പെടുത്തി തദ്ദവസരത്തില്‍. അവരെല്ലാവരെയും ഓരോരുത്തരെയും താന്‍ പ്രാര്‍ത്ഥനയില്‍, വിശേഷവിധിയായി പ്രതിദിന ദിവ്യബലിയര്‍പ്പണത്തിലും ജപമാല പ്രാര്‍ത്ഥനയിലും, അനുസ്മരിക്കുന്നുവെന്ന് പാപ്പാ ഉറപ്പുകൊടുക്കുകയും ചെയ്തു. "സഭയ്ക്കും മനുഷ്യരാശിയ്ക്കും വേണ്ടി എനിക്കനുഷ്ഠിക്കാന്‍ കഴിയുന്ന പ്രഥമ സേവനം പ്രാത്ഥനയുടേതാണ് എന്ന് എനിക്കുറപ്പുണ്ട്. കാരണം പ്രാര്‍ത്ഥനവഴി ദൈവത്തിന്‍റെ കരങ്ങളില്‍ അവിടുന്നതന്നെ എന്നെ ഏല്പിച്ചിരിക്കുന്ന ശുശ്രൂഷ ആകമാന സഭാസമൂഹത്തിന്‍റെയും പൗരസമൂഹത്തിന്‍റെയും ഭാഗധേയങ്ങളോടൊപ്പം ഞാ൯ വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കുന്നു", പാപ്പാ ബനഡിക്ട് പതിനാറാമ൯ കൂട്ടിച്ചേര്‍ത്തു.

പുണ്യാത്മാക്കളെയും ക്രൈസ്തവ ജനതയെ മൊത്തത്തിലും അവരുടെ അതിദുഷ്ക്കര പ്രയാണത്തില്‍ താങ്ങിയത് പ്രാര്‍ത്ഥനയായിരുന്നുവെന്ന് തുടര്‍ന്നനുസ്മരിച്ച മാര്‍പാപ്പ സഭ ഓഗസ്റ്റ് ഒ൯പതും പതിനാലും തീയതികളില്‍ തിരുനാള്‍ ആഘോഷിച്ച യഥാക്രമം കുരിശിന്‍റെ തെരേസ ബനദേത്ത (ഏഡിത്ത് സ്റ്റെയി൯) മാക്സിമില്യ൯ മരിയ കോള്‍ബെ എന്നീ വിശുദ്ധരുടെ ജീവിതസാക്ഷൃം ഉദാഹരണമായി ചൂണ്ടിക്കാട്ടി. "ഇരുവരുടെയും ഭൗമികാസ്ഥിത്വം ഔഷ്വിച്ചിലെ നാസ്സി തടങ്കല്‍ പാളയത്തിലാണ് പരിസമാപിച്ചത്. മാനുഷിക വീക്ഷണത്തില്‍ അവരുടെ ജീവിതങ്ങള്‍ പരാജയങ്ങളായി പ്രത്യക്ഷപ്പെട്ടേക്കാം, എന്നാല്‍ അവരുടെ രക്തസാക്ഷിത്വം സ്വാര്‍ത്ഥതയുടെയും വിദ്വേഷത്തിന്‍റെയും അന്ധകാരമകറ്റുന്ന സ്നേഹത്തിന്‍റെ ഉജ്വലപ്രകാശമാണ്. വിശുദ്ധ മാക്സ്മില്യ൯ കോള്‍ബെ ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: വിദ്വേഷം ഒരു രചനാത്മക ശക്തിയല്ല; ആ ശക്തി സ്നേഹം മാത്രമാണ്. വധശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒരു സഹതടവുകാരനുപകരം സ്വജീവനര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ആ സ്നേഹം ധീരമായി പ്രകടിപ്പിക്കുകയും ചെയ്തു. തന്നെ വിഷംകുത്തിവച്ചുകൊല്ലാനെത്തിയ മനുഷ്യന് തന്‍റെ കരം നീട്ടിക്കൊടുക്കുമ്പോള്‍ പുണ്യവാന്‍റെ അധരങ്ങള്‍ അന്തിമമായി ഉരുവിട്ടുകൊണ്ടിരുന്നത് "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥനയാണ്. സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ കൊണ്ടാടാ൯ നാം ഒരുങ്ങുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് മാതൃനിര്‍വ്വിശേഷ സ്‍നേഹത്തോടെ അനുനിമിഷം നമ്മെ കടാക്ഷിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ മറിയത്തിനുള്ള നമ്മുടെ സമര്‍പ്പണം നവീകരിക്കാം", പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.