2008-07-04 08:15:14

"ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക; സമാധാനം സ്ഥാപിക്കുക" എന്ന ആദര്‍ശ പ്രമേയം 2009-ലെ വിശ്വശാന്തിദിനത്തിന് മാര്‍പാപ്പ തെരഞ്ഞെടുത്തിരിക്കുന്നു.


കത്തോലിക്കാസഭ 2009 ജുനുവരി ഒന്നാംതീയിതി ആചരിക്കുന്ന, നാല്പത്തിരണ്ടാമത്തേതായ ലോകസമാധാനദിനത്തിനുള്ള സന്ദേശത്തിന് ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക; സമാധാനം സ്ഥാപിക്കുക  എന്ന വിഷയം പതിനാറാം ബനഡിക്ട് മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്നു. ഈ പരിചിന്തന പ്രമേയം തെരഞ്ഞെടുത്തുകൊണ്ട് ദാരിദ്ര്യം എന്ന ഗൗരവാവഹമായ പ്രശ്നത്തിന് അടിയന്തര പരിഹൃതി മനുഷ്യകുടുംബം കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത പാപ്പാ ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ ഒരു വിജ്ഞാപനത്തില്‍ പറയുന്നു. ദാരിദ്ര്യ പ്രശ്നമെന്നതുകൊണ്ട് ഭൗതികമായതു മാത്രമല്ല ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ദാരിദ്ര്യവും വിവക്ഷിക്കുന്നുവെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷൃ കാര്‍ഷിക സംഘടനയ്ക്ക് ജൂണ്‍ രണ്ടിന് അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ ലോകത്തിലെ ദാരിദ്ര്യമെന്ന ഇടര്‍ച്ചയെ അപലപിച്ചിരുന്നത് വിജ്ഞാപനം അനുസ്മരിക്കുന്നു. അതില്‍ ബനഡിക്ട് പതിനാറാമ൯ പാപ്പാ ദാരിദ്ര്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു: "ദാരിദ്ര്യവും പോഷകാഹാരക്കുറവും കേവലം പരിസ്ഥിതിപരമായ പ്രതികൂലാവസ്ഥകളൊ വിനാശകങ്ങളായ പ്രകൃതി ദുരന്തങ്ങളൊ വരുത്തിവയ്ക്കുന്ന വിപത്തുകളല്ല. ...............പട്ടിണിയും ദാരിദ്ര്യവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള സമീപനത്തില്‍ വ‍െറും സാങ്കേതികവും സാമ്പത്തികവുമായ പരിഗണനകള്‍ ഒരിക്കലും നീതിയുടെ ധര്‍മ്മങ്ങളുടെമേല്‍ പ്രബലപ്പെടാനിടയാകരുത്".

"ദാരിദ്ര്യമെന്ന ഇടര്‍ച്ച പൊതുനന്മയുടെ സാക്ഷാത്കാരം പരിപോഷിക്കുന്നതില്‍ മനുഷ്യ സഹവര്‍ത്തിത്വത്തിന്‍റെ ഇന്നത്ത‍െ സംവിധാനങ്ങളുടെ അപര്യാപ്തത വിളിച്ചോതുന്നു", വിജ്ഞാപനം തുടരുന്നു. "ഇത് ഭൗതിക ദാരിദ്ര്യത്തിന്‍റെയും, അനന്തരഫലമായി, മറ്റുള്ളവരുടെ കഷ്ടതകളോട് മനുഷ്യനെ നിസ്സംഗനാക്കുന്ന ആദ്ധ്യാത്മിക ദാരിദ്ര്യത്തിന്‍റെയും മൂലകാരണങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിന്‍റെ ആവശ്യകത മനുഷ്യന്‍റെമേല്‍ ചുമത്തുന്നു. ഇതിനുള്ള ഉത്തരം, പ്രഥമവും പ്രധാനവുമായി, സ്നേഹമാകുന്ന ദൈവത്തിങ്കലേക്കുള്ള മനുഷ്യ ഹൃദയത്തിന്‍റെ പരിവര്‍ത്തനത്തില്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. യേശു തന്‍റെ ഗിരിപ്രഭാഷണത്തില്‍ പ്രഘോഷിച്ച രക്ഷയുടെ സന്ദേശമനുസരിച്ചുള്ള ആത്മാവിന്‍റെ ദാരിദ്ര്യം ആര്‍ജ്ജിക്കുന്നതിനുവേണ്ടിയാണിത്: ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാ൯മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്" (മത്താ.5,3).

 








All the contents on this site are copyrighted ©.