2008-05-01 18:21:30

മാര്‍പാപ്പ അമേരിക്ക൯ ഐക്യനാടുകളിലെ തന്‍റെ അപ്പസ്തോലിക പര്യടനം പുനരവലോകനം ചെയ്തു.

 


പതിനാറാം ബനഡിക്ട് പാപ്പാ ഏപ്രില്‍ 30 ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തില്‍വച്ച് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും പൊതുവായി ദര്‍ശനമനുവദിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തില്‍ ആ മാസം 15 മുതല്‍ 20 വര‍െ തീയതികളില്‍ താ൯ അമേരിക്ക൯ ഐക്യനാടുകളിലെ വാഷിങ്ടണ്‍ ന്യൂയോര്‍ക്ക് നഗരങ്ങളിലും ഐക്യരാഷ്ട്ര സംഘടനയുടെ കേന്ദ്രആസ്ഥാനത്തും നടത്തിയ സന്ദര്‍ശനത്തെപ്പറ്റി പ്രതിപാദിച്ചു. ഇറ്റാലിയ൯ ഭാഷയിലായിരുന്ന തന്‍റെ മുഖ്യപ്രഭാഷണത്തിന്‍റെ സംക്ഷേപം മറ്റ് പ്രധാന യൂറോപ്യ൯ ഭാഷകളിലും നല്കിയ പാപ്പാ ഇംഗ്ലീഷില്‍ ഇങ്ങനെ പറഞ്ഞു: "ഐക്യരാഷ്ട്ര സംഘടനയിലെയും അമേരിക്ക൯ ഐക്യനാടുകളിലെയു അടുത്ത സമയത്തെ എന്‍റെ സന്ദര്‍ശനത്തിന് 'ക്രിസ്തു നമ്മുടെ പ്രത്യാശ' എന്ന ആദര്‍ശ മുദ്രാവാക്യം സ്വീകരിച്ചിരുന്നു. എന്‍റെ ആ പര്യടനം ഒരു വിജയമാക്കുന്നതിന് ഏതെങ്കിലും വിധത്തില്‍ സഹായിച്ച എല്ലാവരോടും ഞാ൯ അതീവ കൃതാര്‍ത്ഥനാണ്. വിശ്വാസത്തിനു അനുയോജ്യ സാക്ഷൃംനല്കാനും സഭയുടെ ദൗത്യം, പ്രത്യേകമായി വിദ്യാഭ്യാസ, സാധുജനസേവന രംഗങ്ങളില്‍, വിശ്വസ്താപൂര്‍വം തുടരാനും അമേരിക്കയിലെ കത്തോലിക്കാ സമൂഹത്തെ, വിശിഷ്യ യുവജനങ്ങളെ, പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു എന്‍റെ സന്ദര്‍ശനത്തിന്‍റെ മുഖ്യോദ്ദേശ്യം. മതസ്വാതന്ത്ര്യത്തെയും ആരോഗ്യകരമായ ഒരു പൗരസമൂഹം പണിതുയര്‍ത്തുന്നതില്‍ വിശ്വാസത്തിന്‍റെ ആവശ്യകതയെയും വിലമതിക്കുന്ന പാരമ്പര്യമുള്ളതാണ് അമേരിക്ക൯ സമൂഹം. പ്രസിഡണ്ട് ബുഷ്, ക്രൈസ്തവ നേതാക്കള്‍, മറ്റുമതങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായുള്ള എന്‍റെ കൂടികാഴ്ചാസംഭാഷണങ്ങളില്‍ പരസ്പരധാരണ, സമാധാനം, ആദ്ധ്യാത്മിക മൂല്യങ്ങള്‍ ഇവയുടെ പരിപോഷണത്തില്‍ സഹകരിക്കാനുള്ള സഭയുടെ പ്രതിജ്ഞാബദ്ധത ഞാ൯ ആവര്‍ത്തിച്ചുറപ്പുകൊടുത്തു. ഐക്യരാഷ്ട്ര സംഘടനയില‍െ എന്‍റെ പ്രസംഗത്തില്‍ സാര്‍വ്വത്രിക  മൂല്യമുള്ള സാ൯മാര്‍ഗ്ഗിക ക്രമത്തില്‍ മനുഷ്യന്‍റെ മഹത്വത്തിന് അടിത്തറയായിരിക്കുന്ന സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ പ്രാധാന്യം ഞാ൯ ഊന്നിപ്പറഞ്ഞു. ഗ്രൗണ്ടു സീറോയിലിലെ നിശബ്ദതാനിര്‍ഭരവും പ്രാര്‍ത്ഥനാസാന്ദ്രവുമായിരുന്ന എന്‍റെ സന്ദര്‍ശനം തി൯മയെയും മരണത്തെയുംകാള്‍ ശക്തമായ പ്രത്യാശക്ക് വാചാലവും ഹൃദയസ്പര്‍ശിയുമായ ഒരു സാക്ഷൃമായിരുന്നു. അമേരിക്കയിലെ വിശ്വാസവളര്‍ച്ചയ്ക്കും മനുഷ്യകുടുംബത്തിന്‍റെമുഴുവ൯ ഐക്യത്തിനും സമാധാനത്തിനും സമൃദ്ധമായ ആദ്ധ്യാത്മിക ഫലങ്ങള്‍ ഈ സന്ദര്‍ശനം പുറപ്പെടുവിക്കുന്നതിനായുള്ള പ്രാര്‍ത്ഥനയില്‍ എന്നോടൊരുമിക്കാ൯ നിങ്ങളേവരെയും ഞാ൯ ക്ഷണിക്കുന്നു."

 








All the contents on this site are copyrighted ©.