2008-03-27 10:25:45

മനുഷ്യരാശിക്ക് ക്രിസ്തുവിനെ ആവശ്യമാണ്, മാര്‍പാപ്പ.


മനുഷ്യ കുലത്തിന് ക്രിസ്തുവിനെ ആവശ്യമാണെന്നും മനുഷ്യന്‍റെ പ്രത്യാശയായ അവിടുന്നിലാണ് അവ൯ രക്ഷ പ്രാപിക്കുന്നതെന്നും പതിനാറാം ബനഡിക്ട് മാര്‍പാപ്പ. ഉയിര്‍പ്പുതിരുനാളില്‍ ലോകത്തിനു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇവ പറഞ്ഞത്.

"നമ്മുടെ ആത്മാവിന്‍റെ നോട്ടം യേശുവിന്‍റെ രൂപാന്തരീകൃത ശരീരത്തിലെ മഹത്വപൂര്‍ണ്ണ മുറിവുകളില്‍ ഉറപ്പിക്കുമ്പോള്‍ സഹനത്തിന്‍റെ അര്‍ത്ഥ,മൂല്യങ്ങള്‍ ഗ്രഹിക്കാനും നമ്മുടെ ഇക്കാലത്തും മനുഷ്യകുലത്തെ വിരൂപമാക്കുന്ന അസംഖ്യം വ്രണങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാനും നമുക്കു കഴിയും. ദൈവത്തിന്‍റെ അനന്ത കാരുണ്യത്തിന്‍റെ അനശ്വര അടയാളങ്ങള്‍ യേശുവിന്‍റെ തിരുമുറിവുകളില്‍ നാം തിരിച്ചറിയുന്നു. തകര്‍ന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുകയും, ബലഹീനരെ പരിരക്ഷിക്കുകയും, അടിമകളെ സ്വതന്ത്രരാക്കുകയും, വിലപിക്കുന്നവര്‍ക്ക് ആനന്ദത്തിന്‍റെ തൈലവും തളര്‍ന്ന മനസ്സിന് സ്തുതിയുടെ മേലങ്കിയും നല്കുകയും ചെയ്യുന്നവനായി അവിടുത്തെ പ്രവാചക൯ അവതരിപ്പിക്കുന്നു (ഏശ.61,1-3)

വ്യക്തികളും, സംഘങ്ങളും ജനതകളും തമ്മിലുള്ള ബന്ധങ്ങളില്‍ സ്നേഹത്തിന്‍റെ എന്നതിലുപരി സ്വാര്‍ത്ഥത, അനീതി, വിദ്വേഷം, അക്രമം എന്നിവയുടെ മുദ്ര പതിഞ്ഞിരിക്കുന്നതായി പലപ്പോഴും പ്രത്യക്ഷപ്പെടുന്നു. ഇവ ഭൂമുഖത്ത് അങ്ങോളമിങ്ങോളം, പലപ്പോഴും വിസ്മരിക്കപ്പെട്ടവയും, മനഃപൂര്‍വ്വം മറച്ചു വയ്ക്കപ്പെടുന്നവയുമെങ്കിലും, തുറന്നവയും പൊട്ടിഒലിക്കുന്നവയുമായ മുറിവുകളാണ്. നമ്മുടെ അസംഖ്യം സഹോദരീസഹോദര൯മാരുടെ ആത്മാവിനെയും ശരീരത്തെയും ഒരുപോലെ കാര്‍ന്നു തിന്നുന്ന വ്രണങ്ങളാണിവ.

തിരുവുത്ഥാന മഹാദിനത്തില്‍നിന്ന് നിര്‍ഗ്ഗളിക്കുന്ന പ്രകാശധോരണി നമ്മുടെ ബോധങ്ങളെ ദീപ്തമാക്കാ൯ നമുക്കനുവദിക്കാം. പാപത്തെയും മരണത്തെയും കീഴടക്കിയ ഉത്ഥിതനായ യേശു നാമോരോരുത്തരിലും, നമ്മുടെ കുടുംബങ്ങളിലും, നഗരങ്ങളിലും നാടുകളിലും ആധിപത്യം സ്ഥാപിക്കുന്നതിന് ആത്മാര്‍ത്ഥമായ ശരണത്തോടെ നമുക്കു നമ്മെത്തന്നെ തുറവുള്ളവരാക്കാം. ആ പ്രകാശരശ്മികള്‍ ലോകത്തിന്‍റ എല്ലാ മുക്കിലും മൂലയിലും പ്രകാശിക്കട്ടെ. വിശിഷ്യാ, ഡാഫര്‍, സൊമാലിയ തുടങ്ങിയ ചില ആഫ്രിക്ക൯ പ്രദേശങ്ങളെയും, സംഘര്‍ഷ കലുഷിതമായ പശ്ചിമേഷ്യയ‍െയും, പ്രത്യേകിച്ച് വിശുദ്ധ നാട്. ഇറാക്ക്, ലെബന൯, എന്നിവയെ, അവസാനമായി ടിബറ്റിനെ, ഓര്‍ക്കാതിരിക്കാ൯ കഴിയുന്നതെങ്ങനെ! ഈ രാജ്യങ്ങളിലെല്ലാം സമാധാനവും പൊതുന൯മയും സംരക്ഷിക്കുന്ന പരിഹൃതികള്‍ തേടാ൯ ഞാ൯ പ്രോത്സാഹിപ്പിക്കുന്നു". ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ തന്‍റെ ഉത്ഥാനതിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

 








All the contents on this site are copyrighted ©.