2008-03-27 12:21:07

കര്‍ദ്ദിനാള്‍ അഡോള്‍ഫൊ അന്തോണിയൊ സുവാരെസ് റിബേരയുട‍െ നിര്യാണത്തില്‍ പാപ്പാ അനുശോചി ക്കുന്നു.


മെക്സിക്കൊ സ്വദേശി കര്‍ദ്ദിനാള്‍ അഡോള്‍ഫൊ സുവാരെസ് റിബേര (Adolfo Antonio Suárez Rivera) കാലം ചെയ്തു. മാര്‍ച്ച് 22 ശനിയാഴ്ചയായിരുന്നു മെക്സിക്കോയിലെ മോണ്ടെറി അതിരൂപതയുടെ മുന്നദ്ധ്യക്ഷനായ അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. 81 വയസ്സായിരുന്നു പ്രായം.

കര്‍ദ്ദിനാള്‍ അഡോള്‍ഫൊ സുവാരെസ് റിബേരയുടെ നിര്യാണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തന്‍റെ അനുശോചനം അറിയിച്ചു. അത്യധികമായ തീക്ഷ്ണതയോടും ഉദാരമനസ്കതയോടും കൂടി സഭയെ സേവിച്ച വ്യക്തിയാണ് കര്‍ദ്ദിനാള്‍ അഡോള്‍ഫൊ സുവാരെസ് റിബേരയെന്ന് പാപ്പാ മോണ്ടെറി അതി രൂപതയുടെ അദ്ധ്യക്ഷ൯ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്കോ റോബ്ളെസ് ഒര്‍ത്തേഗയ്ക്കയച്ച അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

1979 ജനുവരി 9 ന് മെക്സിക്കോയിലെ സാ൯ ക്രിസ്തോബല്‍ ദെ ലാസ് കാസസിലായിരുന്നു  കര്‍ദ്ദിനാള്‍ അഡോള്‍ഫൊ സുവാരെസ് റിബേരയുടെ ജനനം. 1994 നവംബര്‍ 26 ന് നടന്ന കണ്‍സിസ്റ്ററിയില്‍ വച്ച് രണ്ടാം ജോണ്‍ പോള്‍ പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയ അദ്ദേഹത്തിന്‍റെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 197 ആയി താണു. ഇവരില്‍ 119 പേര്‍ 80 വയസ്സ് തികയാത്തവരാകയാല്‍ മാര്‍പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശം ഉള്ളവരാണ്. ശേഷിച്ച 78 പേര്‍ക്ക്, 80 വയസ്സ് പൂര്‍ത്തിയായതിനാല്‍, ഈ വോട്ടവകാശം ഇല്ല.

 








All the contents on this site are copyrighted ©.