2008-01-18 17:23:29

ഏകയോഗമായ പ്രാര്‍ത്ഥന സഭൈക്യത്തിലേക്കുള്ള രാജകവാടം.

 


യേശു ക്രിസ്തുവിന്‍റെ നാമത്തിലുള്ള ഏകയോഗമായ പ്രാര്‍ത്ഥന സഭകളുടെ ഐക്യത്തിലേക്കുള്ള രാജ കവാടമാണെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ. അപ്രകാരമുള്ള പ്രാര്‍ത്ഥന ദൈവരാജ്യത്തെയും സഭൈക്യത്തെയും സംബന്ധിച്ച വീക്ഷണത്തിന്‍റെ ഒരു നവീന പാതയില‍േക്ക് നയിക്കുമെന്നും പാപ്പാ പറഞ്ഞു. അത് കൂട്ടായ്മാബന്ധങ്ങള്‍ പുനര്‍ദൃഢപ്പെടുത്തുകയും, ഖേദകരമായ ഓര്‍മ്മകള്‍, ക്രൈസ്തവരുടെ മദ്ധ്യത്തിലെ പിളര്‍പ്പുകളുടെ ഭാഗങ്ങള്‍തന്നെയായ സാമൂഹിക ഭാരങ്ങളും മാനുഷിക ബലഹീനതകളും എന്നിവയെ സധൈര്യം അഭിമുഖീകരിക്കാ൯ ക്രിസ്ത്യാനികളെ പ്രാപ്തരാക്കുമെന്നും മാര്‍പാപ്പ കുട്ടിച്ചേര്‍ത്തു.

ഫി൯ല൯ഡില്‍നിന്ന് എത്തിയിരുന്ന ഒരു എക്യുമെനിക്കല്‍ പ്രതിനിധി സംഘത്തെ ജനുവരി 18 വെള്ളിയാഴ്ച അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു ബനഡിക്ട് പതിനാറാമ൯ പാപ്പാ.  സഭകളുടെ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിലെ ആദ്യ ദിവസമാണ് ആ കൂടികാഴ്ച നടക്കുന്നതെന്നും ഫാദര്‍ പോള്‍ വ്വാട്ട്സണ്‍ അഷ്ടദിന പ്രാര്‍ത്ഥനാ പ്രസ്ഥാനം ആരംഭിച്ചതിന്‍റെ നൂറാം വര്‍ഷമാണിതെന്നും മാര്‍പാപ്പ അനുസ്മരിച്ചു. ഇക്കൊല്ലത്തെ സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന്‍റെ വിചിന്തനത്തിന് സ്വീകരിച്ചിരിക്കുന്ന വിശുദ്ധഗ്രന്ഥ ഭാഗത്തിന്‍റെ ഹൃദയമായി നിലകൊള്ളുന്ന  "ഇടവിടാതെ പ്രാര്‍ത്ഥിക്കുവി൯ "  എന്ന ക്ഷണം സൈദ്ധാന്തികമായ സഖ്യങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളും സദാ പരിശുദ്ധാരൂപിയുടെ പ്രകാശത്താല്‍ നയിക്കപ്പെടുന്നുവെങ്കില്‍മാത്രമെ കൂട്ടായ്മയുടെ ആ യഥാര്‍ത്ഥ ജീവിതം സാധ്യമാക്കയുള്ളുവെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പതിനാറാം ബനഡിക്ട് മാര്‍പാപ്പ പ്രബോധിപ്പിച്ചു തദ്ദവസരത്തില്‍.

 








All the contents on this site are copyrighted ©.