2007-02-21 17:46:22

2007-ലെ വലിയ നോമ്പിന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ നല്കുന്ന സന്ദേശം.


"തങ്ങള്‍ കുത്തി മുറിവേല്പിച്ചവനെ അവര്‍ നോക്കി നില്ക്കും"  (യോഹ.19:37). ഈ ബൈബിള്‍ വാക്യമാണ് ഇക്കൊല്ലത്തെ നമ്മുടെ നോമ്പുകാല പരിചിന്തനത്തിനാധാരം.  മനുഷ്യകുലം മുഴുവനുംവേണ്ടി കുരിശിന്‍മേല്‍ സ്വജീവിതം ബലിയായി അര്‍പ്പിച്ചവന്‍റെ ചാരെ മറിയത്തോടും അവിടുന്നു സ്നേഹിച്ച ശിഷ്യന്‍ യോഹന്നാനോടും ഒപ്പം നില്ക്കാന്‍ അഭ്യസിക്കുന്നതിന് അനുയോജ്യ സമയമാണ് വലിയ നോമ്പ്.  പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തത്തിന്‍റയുമായ ഈ കാലത്ത് നമ്മുടെ ദൃഷ്ടികള്‍ കൂടുതല്‍ തീവ്രമായ വിധത്തില്‍ ക്രൂശിതനായ ക്രിസ്തുവിങ്കലേക്ക് തിരിക്കാം.  അവിടുന്ന് കാല്‍വരിയില്‍ കുരിശില്‍ മരിച്ചുകൊണ്ട് ദൈവത്തിന് നമ്മോടുള്ള സ്നേഹം പൂര്‍ണ്ണമായി വെളിപ്പെടുത്തി.  ദേവൂസ് കാരിത്താസ് എസ്ത് (ദൈവം സ്നേഹമാകുന്നു) എന്ന ചാക്രിയ ലേഖനത്തില്‍ സ്നേഹം എന്ന വിഷയത്തെക്കുറിച്ച് ഞാ൯ മനനം ചെയ്യുകയും അതിന്‍റെ അഗാപ്പേ, ഈറോസ് എന്നീ മൗലിക ഭാവങ്ങള്‍ ഊന്നിപ്പറയുകയും ചെയ്തു.

ദൈവത്തിന്‍റെ സ്നേഹം: അഗാപ്പേയും ഈറോസും.

പുതിയ നിയമത്തില്‍ നിരവധി തവണ പ്രത്യക്ഷപ്പെടുന്ന അഗാപ്പേ എന്ന വാക്ക് അപരന്‍റെ നന്മ മാത്രം അന്വേഷിക്കുന്ന ആത്മാര്‍പ്പണപരമായ സ്നേഹം സൂചിപ്പിക്കുന്നു.   ഈറോസ് എന്ന പദമാകട്ടെ സ്വന്തം നേട്ടം തേടുകയും സ്നേഹഭാജനവുമായി ഒന്നായിത്തീരാ൯ അഭിവാഞ്ഛിക്കുകയും ചെയ്യുന്ന സ്നേഹം അര്‍ത്ഥമാക്കുന്നു.  ദൈവത്തിന്‍റെ നമ്മെ വലയം ചെയ്തിരിക്കുന്ന സ്നേഹം നിശ്ചയമായും അഗാപ്പേ ആണ്.  ഇനിയും കരഗതമല്ലാത്ത എന്തെങ്കിലും നന്മ ദൈവത്തിനു കൊടുക്കാ൯ മനുഷ്യനാവുമോ?  മനുഷ്യജീവിയെന്തായിരിക്കുന്നുവോ, മനുഷ്യനെന്തൊക്കെയുണ്ടോ അതെല്ലാം ദൈവത്തിന്‍റെ ദാനമാണ്.  ആകയാല്‍ സൃഷ്ടിക്കാണ് എല്ലാറ്റിലും ദൈവത്തെ ആവശ്യമായിരിക്കുന്നത്.  എങ്കിലും ദൈവത്തിന്‍റെ സ്നേഹം ഈറോസും ആണ്.  പഴയ ഉടമ്പടിയില്‍ സ്രഷ്ടാവ് തന്‍റേതായി തെരഞ്ഞെടുത്ത ജനതയോട് മാനുഷികമായ എല്ലാ ഉദ്ദേശ്യങ്ങളെയും ഉല്ലംഘിക്കുന്ന അത്യുത്ക്കടമായ സ്നേഹം പ്രകടിപ്പിച്ചു. ഈ ദിവ്യാഭിനിവേശം ഹോസിയാ പ്രവാചക൯ ഒരു പുരുഷന് ഒരു വേശ്യയോടുള്ള പ്രേമം ഇത്യാദി ധീരമായ രൂപാലങ്കാരങ്ങള്‍ ഉപയോഗിച്ചവതരിപ്പിക്കുന്നു (cf.3:1-3).  ദൈവത്തിന് അവിടുത്തെ ജനമായ ഇസ്രായേലിനോടുള്ള ബന്ധത്തെ വിവരിക്കുന്നതിന് എസെക്കിയേല്‍ പ്രവാചകനും ശക്തവും വികാരതീവ്രവുമായ ഭാഷാശൈലി നിര്‍ഭയം ഉപയോഗപ്പെടുത്തുന്നു (cf.16:1-22).  ഈ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ ഈറോസ് ദൈവത്തിന്‍റെ ഹൃദയത്തിന്‍റെ ഭാഗംതന്നെയാണെന്ന് സൂചിപ്പിക്കുന്നു,  ഒരു യുവവര൯ തന്‍റെ വധുവിന്‍റെ എന്നപോലെ സര്‍വ്വശക്ത൯ അവിടുത്ത‍െ സൃഷ്ടികളുടെ "സമ്മതം" പാര്‍ത്തിരിക്കുന്നു.  മനുഷ്യകുലം, നിര്‍ഭാഗ്യവശാല്‍, അതിന്‍റെ ആരംഭത്തില്‍ത്തന്നെ, തിന്മതന്നെയായവന്‍റെ നുണകളാല്‍ പ്രലോഭിതമായി, അസാദ്ധ്യമായ സ്വയംപര്യാപ്തത വ്യാമോഹിച്ച്, ദൈവത്തിന്‍റെ സ്നേഹം നിരസ്സിച്ചു.  ആദം തന്നിലേക്കുതന്നെ തിരിഞ്ഞ് ജീവന്‍റെ ഉറവിടമായ ദൈവത്തില്‍നിന്ന് പിന്‍വാങ്ങി.  അങ്ങനെ അവ൯ "മരണഭയത്തോടെ ജീവിതകാലം മുഴുവ൯ അടിമത്തത്തില്‍ കഴിയുന്നവരില്‍" (ഹെബ്രാ.2:15) ഒന്നാമത്തവനായി.  എങ്കിലും ദൈവം അവനെ കൈവെടിഞ്ഞില്ല.  പ്രത്യുത മനുഷ്യന്‍റെ "വേണ്ട" അവിടുത്തെ സ്നേഹം അതിന്‍റെ സര്‍വ്വ രക്ഷാകരശക്തിയിലും വെളിപ്പെടുത്തുന്നതിലേക്ക് അവിടുത്തെ നയിച്ച നിര്‍ണ്ണായക പ്രേരകശക്തിയായി ഭവിച്ചു.

കുരിശ് ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ പൂര്‍ണ്ണത വെളിപ്പെടുത്തുന്നു.

സ്വര്‍ഗ്ഗീയ പിതാവിന്‍റെ കാരുണ്യത്തിന്‍റെ അപ്രതിഹതമായ ശക്തി അതിന്‍റെ സംപൂര്‍ണ്ണതയില്‍ ആവിഷ്കൃതമായിരിക്കുന്നത് കുരിശിന്‍റെ രഹസ്യത്തിലാണ്.  തന്‍റെ സൃഷ്ടികളുടെ സ്നേഹം പുനരാര്‍ജ്ജിക്കുന്നതിന് അവിടുന്ന് വലിയ വില കൊടുത്തു: തന്‍റെ ഏകജാതന്‍റെ രക്തം.  ആദ്യ ആദത്തിന് ഏകാന്തതയുടെയും ബലഹീനതയുടെയും പരമ അടയാളമായിരുന്ന മരണം പുതിയ ആദാമില്‍ സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പരമ കര്‍മ്മമായി രൂപാന്തരപ്പെടുത്തപ്പെട്ടു.  ആകയാല്‍ ഒരുവന് വിശുദ്ധ മാക്സിമൂസ് മൗദ്യാനോട് ചേര്‍ന്ന്, യേശു തന്‍റെ സ്വന്ത ഇഷ്ടപ്രകാരം മരിച്ചതിനാല്‍ ദിവ്യമായി മരിച്ചുവെന്ന് ഒരുവിധത്തില്‍ പറയാം.  കുരിശില്‍ ദൈവത്തിന് നമ്മോടുള്ള ഈറോസ് വെളിപ്പെടുത്തപ്പെട്ടു.  ഈറോസ്, സ്യൂഡോ-ഡയൊനീഷ്യസിന്‍റെ ഭാഷയില്‍ "കാമുകനെ തനിച്ചായിരിക്കാന്‍ അനുവദിക്കാതെ അവന്‍റെ പ്രാണപ്രേയസ്സിയോടൊന്നാകാ൯ നിര്‍ബന്ധിക്കുന്ന" ആ ശക്തിയാണ്. നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങള്‍ തന്‍റേതാക്കി സഹനവിധേയനായിക്കൊണ്ടുപോലും നമ്മോടൊന്നായിത്തീരാ൯ ദൈവപുത്രനെ പ്രേരിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ "ഭ്രാന്തമായ ഈറോസ്" ഉണ്ടോ?

"തങ്ങള്‍ കുത്തി മുറിവേല്പിച്ചവനെ".

പ്രിയ സഹോദര൯മാരേ, സഹോദരികളേ, കുരിശി൯മേല്‍ കുത്തി മുറിവേല്പിക്കപ്പെട്ട ക്രിസ്തുവിങ്കലേക്ക് നമുക്ക് ദൃഷ്ടികള്‍ തിരിക്കാം!  ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ അനതിശയിത ആവിഷ്ക്കാരമാണവിടുന്ന്.  ഈറോസും അഗാപ്പേയും പരസ്പര വിരുദ്ധങ്ങളായി കാണപ്പെടുന്നില്ല എന്നുമാത്രമല്ല അന്യോന്യം പ്രകാശിപ്പിക്കുകയും ചെയ്യുന്ന സ്നേഹമാണത്.  കുരിശി൯മേല്‍ ദൈവംതന്നെയാണ് അവിടുത്തെ സൃഷ്ടിയുടെ സ്നേഹം യാചിക്കുന്നത്.  അവിടുന്ന് നാമോരോരുത്തരുടെയും സ്നേഹത്തിനായി ദാഹിക്കുന്നു.  അപ്പസ്തോലനായ തോമസ് യേശുവിന്‍റെ പാര്‍ശ്വത്തിലെ തിരുമുറിവില്‍ സ്പര്‍ശിച്ചപ്പോള്‍ അവിടുത്തെ "കര്‍ത്താവും ദൈവവും" ആയി അംഗീകരിച്ചേറ്റുപറഞ്ഞു.  നിരവധി വിശുദ്ധര്‍ ഈ സ്നേഹ രഹസ്യത്തിന്‍റെ ആഴമായ ആവിഷ്ക്കാരം യേശുവിന്‍റെ തിരുഹൃദയത്തില്‍ കണ്ടെത്തിയത് യദൃശ്ചികമായിട്ടല്ല.  മനുഷ്യനോടുള്ള ദൈവത്തിന്‍റെ ഈറോസിന്‍റെ വെളിപ്പെടുത്തല്‍ വാസ്തവത്തില്‍ അവിടുത്തെ അഗാപ്പേയുടെ പരമായ ആവിഷ്ക്കാരമാണെന്ന് ഒരുവന് ന്യായമായും പറയാം.  സ്വതന്ത്രമായ ആത്മദാനത്തെ പരസ്പരപൂരകത്വത്തിനായുള്ള അഭിനിവേശവുമായി സംയോജിപ്പിക്കുന്ന സ്നേഹമാണ് മഹാത്യാഗങ്ങള്‍പോലും സഹനീയമാക്കുന്ന ആഹ്ളാദം ജനിപ്പിക്കുന്നത്.  "ഞാ൯ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും" (യോഹ.12:32) എന്ന് യേശു അരുളിച്ചെയ്തു.  നമ്മില്‍നിന്ന് കര്‍ത്താവ് തീവ്രമായി അഭിലഷിക്കുന്ന പ്രത്യുത്തരം, സര്‍വ്വോപരി, നാം അവിടുത്തെ സ്നേഹം സ്വീകരിക്കുകയും അവിടുത്തെപക്കലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നതിന് സ്വയം അനുവദിക്കുകയും ചെയ്യുക എന്നതാണ്.  അവിടുത്തെ സ്നേഹം സ്വീകരിച്ചതുകൊണ്ടു മാത്രമായില്ല.  ആ സ്നേഹത്തിന് നാം പ്രത്യുത്തരം നല്കുകയും അത് മറ്റുള്ളവര്‍ക്ക് വിനിമയം ചെയ്യുന്നതിന് നമ്മെത്തന്നെ അര്‍പ്പിക്കുകയും വേണം.  തന്‍റെ സ്നേഹത്താല്‍ എന്‍റെ സഹോദരങ്ങളെ സ്നേഹിക്കാ൯ അഭ്യസിക്കേണ്ടതിന് തന്നെ എന്നോടൈക്യപ്പെടുത്താ൯ ക്രിസ്തു "എന്നെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു".

രക്തവും വെള്ളവും.

"തങ്ങള്‍ കുത്തി മുറിവേല്പ്പിച്ചവനെ അവര്‍ നോക്കി നില്ക്കും".  യേശുവിന്‍റെ കുത്തിത്തുറക്കപ്പെട്ടതും രക്തവും വെള്ളവും പ്രവഹിച്ചതുമായ പാര്‍ശ്വത്തിലേക്ക് നമുക്ക് വിശ്വാസപൂര്‍വ്വം നോക്കാം.  യേശുവിന്‍റെ പാര്‍ശ്വത്തില്‍നിന്നൊഴുകിയ രക്തവും വെള്ളവും സഭാപിതാക്ക൯മാര്‍ ജ്ഞാനസ്നാനം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകളുടെ പ്രതീകങ്ങളായി കണ്ടു.  ജ്ഞാനസ്നാന ജലത്തിലൂടെ, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍, നമുക്ക് പരിശുദ്ധ ത്രിത്വത്തിന്‍റെ ഗാഢ സൗഹൃദത്തിലേക്ക് പ്രവേശനം ലഭിച്ചു.  നമ്മുടെ മാമ്മോദീസയുടെ അനുസ്മരണമായ നോമ്പുകാല പ്രയാണത്തില്‍ പിതാവായ ദൈവത്തിന്‍റെ കരുണാമസൃണ ആശ്ലേഷത്തിന് നമ്മെത്തന്നെ വിശ്വാസപൂര്‍വ്വം കയ്യാളിക്കുന്നതിനും, നമ്മെത്തന്നെ തുറവുള്ളവരാക്കുന്നതിന് നമ്മില്‍നിന്ന് പുറത്തുകടക്കാനും നാം ഉപദേശിക്കപ്പെട്ടിരിക്കുന്നു.  നല്ലിടയന്‍റെ സ്നേഹത്തിന്‍റെ ചിഹ്നമായ രക്തം നമ്മിലേക്കൊഴുകുന്നത്, വിശിഷ്യ വിശുദ്ധ കുര്‍ബാനയുടെ രഹസ്യത്തിലാണ്.  "വിശുദ്ധ കുര്‍ബാന നമ്മെ യേശുവിന്‍റെ ആത്മബലിയാകുന്ന കര്‍മ്മത്തിലേക്ക് വലിച്ചടുപ്പിക്കുന്നു...........അവിടുത്തെ ആത്മദാനത്തിന്‍റെ പ്രവര്‍ത്തനത്തിലേക്കുതന്നെ നാം പ്രവേശിക്കുന്നു" (ദേവൂസ്കാരിത്താസ് എസ്ത്, 13).  ആകയാല്‍ വലിയ നോമ്പ് യേശുവിന്‍റെ സ്നേഹം സ്വീകരിച്ചുകൊണ്ട് അത് ഓരോ വാക്കും പ്രവൃത്തിയും വഴി നമ്മുടെ ചുറ്റും പരത്താന്‍ അഭ്യസിക്കുന്ന ഒരു "ദിവ്യകാരുണ്യ" കാലമായി നമുക്ക് ജീവിക്കാം. "അവര്‍ കുത്തി മുറിവേല്പിച്ചവനെ"ക്കുറിച്ച് ധ്യാനിക്കുന്നത് മനുഷ്യവ്യക്തിയുടെ ഔന്നത്യത്തിനേല്പിക്കപ്പെടുന്ന മുറിവുകള്‍ തിരിച്ചറിഞ്ഞ് മറ്റുള്ളവര്‍ക്കായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കുന്നതിലേക്ക് നമ്മെ നയിക്കും.  അത് ജീവനോടുള്ള അവജ്ഞ, മാനവചൂഷണം എന്നിവയുടെ എല്ലാ രൂപഭാവങ്ങള്‍ക്കുമെതിരെ പോരാടുന്നതിനും അസംഖ്യമാളുകളുടെ ഏകാന്തത, പരിത്യാവസ്ഥ എന്നീ ദുരന്തങ്ങള്‍ ദൂരീകരിക്കാ൯ യന്തിക്കുന്നതിനും നമ്മെ ഉത്തേജിപ്പിക്കും. നോമ്പുകാലം ഓരോ ക്രിസ്ത്യാനിക്കും ക്രിസ്തുവില്‍ നമുക്ക് നല്കപ്പെട്ട ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ഒരു നവീകൃത അനുഭവമാകട്ടെ.  ഈ സ്നേഹം നാം അനുദിനം നമ്മുടെ അയല്‍ക്കാര്‍ക്ക്, പ്രത്യേകിച്ച് ഏറ്റവുമധികം കഷ്ടപ്പെടുന്നവര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കും വീതിച്ചു നല്കേണ്ടിയിരിക്കുന്നു. ഇപ്രകാരമേ തിരുവുത്ഥാനത്തിരുനാളിന്‍റെ ആഹ്ളാദത്തില്‍ പൂര്‍ണ്ണമായി പങ്കുചേരാ൯ നമുക്ക് സാധിക്കുകയുള്ളു.  മനോജ്ഞ സ്നേഹത്തിന്‍റെ മാതാവായ മറിയം ഈ നോമ്പുകാല തീര്‍ത്ഥാടനത്തില്‍, ക്രിസ്തുവിന്‍റെ സ്നേഹത്തിലേക്കുള്ള യഥാര്‍ത്ഥ മാനസാന്തരത്തിന്‍റേതായ ഒരു തീര്‍ത്ഥാടനത്തില്‍, നമ്മ‍െ നയിക്കട്ടെ.  പ്രിയ സഹോദരീ സഹോദര൯മാരേ, ഞാ൯ നിങ്ങള്‍ക്ക് ഫലപ്രദമായ ഒരു നോമ്പുകാല തീര്‍ത്ഥാടനം ആശംസിക്കുകയും നിങ്ങള്‍ക്കേവര്‍ക്കും പ്രത്യേകമായ അപ്പസ്തോലികാശീര്‍വാദം സസ്നേഹം നല്കുകയും ചെയ്യുന്നു.

                                 =======================================================








All the contents on this site are copyrighted ©.