2006-07-25 14:33:22

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തണമെന്നും സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ പശ്ചിമേഷ്യയില്‍ ഉടന്‍ വ‍െടിനിര്‍ത്താനും, ജീവകാരുണ്യപരമായ സഹായങ്ങള്‍ എത്തിക്കുന്നതിന് അനുവദിക്കാനും, സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള  മാര്‍ഗ്ഗങ്ങള്‍ അന്തര്‍ദ്ദേശിയ സമൂഹത്തിന്‍റെ സഹായത്തോടെ ആരായുവാനും സംഘര്‍ത്തിലായിരിക്കുന്ന കക്ഷികള‍െ ജൂലൈ 23 ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. 

ഉത്തര ഇറ്റലിയിലെ വല്ലെ ദവൊസ്തയില്‍ വിശ്രമിക്കുന്ന പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ അവിടെ ത്രികാലജപം നയിക്കുന്നതിനുമുമ്പ് നടത്തിയ പ്രഭാഷണത്തിലാണ് ഈ ആഹ്വാനം നടത്തിയത്.

തങ്ങളുടെ രാഷ്ട്രത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ലബന൯ ജനതയ്ക്കും, തങ്ങളുടെ രാജ്യത്ത് സമാധാനത്തില്‍ ജീവിക്കുന്നതിന് ഇസ്രയേലികള്‍ക്കും, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന് പലസ്തീ൯കാര്‍ക്കുമുള്ള അവകാശം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിന് ഈ അവസരം താ൯ ഉപയോഗപ്പെടുത്തുന്നുവെന്ന് പാപ്പാ ബനഡിക്ട് പതിനാറാമ൯ അറിയിച്ചു.

ഇരകള്‍ മാത്രമുള്ള ഒരു സംഘര്‍ഷത്തില്‍ അനീതിപരമായി ആഘാതമേല്ക്കുന്ന പ്രതിരോധശേഷിയില്ലാത്ത, അഭയസങ്കേതങ്ങളില്‍ ദിനങ്ങള്‍ തള്ളിനീക്കാ൯ നിര്‍ബന്ധിതരായിരിക്കുന്ന ഗലീലിയക്കാരുടെയും, അതുപോല‍െ ഒരിക്കല്‍കൂടി സ്വന്തം നാട് നശിപ്പിക്കപ്പെടുന്നത് കാണേണ്ടി വരികയും, സര്‍വ്വവുമുപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയില്ലാത്തവരുമായ ലബന൯കാരായ ജനക്കൂട്ടങ്ങളുടെയും ചാരെ പ്രത്യേകമായവിധത്തില്‍ സന്നിഹിതനാണെന്ന് തനിക്ക് അനുഭവപ്പ‍െടുന്നെന്ന് മാര്‍പാപ്പ പറഞ്ഞു.

ബഹുഭൂരിപക്ഷം ജനതകളുടെയും സമാധാനാഭിവാഞ്ച, ചുമതലപ്പെട്ടവരുടെ കൂട്ടായ പ്രതിബദ്ധതയിലൂടെ എത്രയും പെട്ടന്ന് സാക്ഷാത്ക്കരിക്കപ്പെടുന്നതിന് താ൯ ദൈവത്തോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ അറിയിച്ചു.  ദുരിതമനുഭവിക്കുന്ന ജനതകളോടുള്ള പൊതു ദാര്‍ഡൈക്യം സമൂര്‍ത്തമായവിധത്തില്‍ പ്രകടിപ്പിക്കാ൯ എല്ലാ ഉപവി സംഘടനകളോടും നടത്തിയ അഭ്യര്‍ത്ഥന താ൯ നവികരിക്കുന്നുവെന്നും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അറിയിച്ചു.

പാപ്പ തന്‍റെ ത്രികാല പ്രാര്‍ത്ഥനാപ്രഭാഷണം ഇപ്രകാരം ഉപസംഹരിച്ചു: “ മാനവകുലത്തെ മുഴുവ൯ ഞാ൯ ദൈവിക സ്നേഹത്തിന്‍റെ ശക്തിക്ക് സമര്‍പ്പിക്കുന്നു.  പശ്ചിമേഷ്യയിലെ പ്രിയപ്പ‍െട്ട ജനതകള്‍ സായുധ സംഘര്‍ഷത്തിന്‍റെ മാര്‍ഗ്ഗം വെടിഞ്ഞ് സംഭാഷണത്തിന്‍റെ ധീരതയാല്‍ നീതിപൂര്‍വകവും സ്ഥായിയുമായ ഒരു സമാധാനം പണിതുയര്‍ത്തുന്നതിന് പ്രാപ്തരാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാ൯ ഞാ൯ ഏവര‍െയും ക്ഷണിക്കുന്നു.

-----------------------------------------------------------------------------------------------------------------------------------------------------------------------------------------------

 








All the contents on this site are copyrighted ©.