2006-07-20 16:01:50

പശ്ചിമേഷ്യയിലെ സമാധാനത്തിന് മാര്‍പാപ്പ ലോകപ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ചു.


സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചിമേഷ്യയിലെ എല്ലാ ജനതകളുടെയും ഭാവിയെപ്പറ്റി അത്യന്തം ആശങ്കാകുലനായ പതിനാറാം ബനഡിക്ട് മാര്‍പാപ്പ സമാധാനമെന്ന അമൂല്യ ദാനം ദൈവത്തോടപേക്ഷിക്കുന്നതിന് 23 ഞായറാഴ്ച പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തത്തിന്‍റെയും ദിനമായി ആചരിക്കാന്‍ എല്ലാ പ്രാദേശിക സഭകളില‍െയും അജപാലകരെയും വിശ്വാസികള‍െയും അതുപോലെ ലോകത്തിലെ സര്‍വ്വ മതവിശ്വാസികളെയും ക്ഷണിക്കുന്നുവെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് ജൂലൈ 20 വ്യാഴാഴ്ച ഒരു പ്രസ്താവനയില്‍ അറിയിച്ചു.

അവിടെ ഉടനടി വെടിനിറുത്തല്‍ നിലവില്‍ വരുന്നതിനും, ദുരിതമനുഭവിക്കുന്ന ജനതകള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എത്രയും പെട്ടന്ന് തുറക്കപ്പെടുന്നതിനും, നിലവിലിരിക്കുന്ന അനീതിയുടെ അവസ്ഥകള്‍ അവസാനിപ്പിക്കുന്നതിന് യുക്തിയുക്തവും ഉത്തരവാദിത്വപൂര്‍വ്വവുമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

തങ്ങളുടെ രാഷ്ട്രത്തിന്‍റെ അഖണ്ഡതയും പരമാധികാരവും ആദരിക്കപ്പെട്ടു കാണുന്നതിന് ലബന൯കാര്‍ക്കും, തങ്ങളുടെ നാട്ടില്‍ സമാധാനത്തില്‍ ജീവിക്കുന്നതിന് ഇസ്രയേലികള്‍ക്കും, സ്വന്തമായ ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിന് പലസ്തീനികള്‍ക്കും വാസ്തവത്തില്‍ അവകാശമുണ്ട്.

കൊടുംയാതനയുടെ ഈ നിമിഷത്തില്‍, നിഷ്ക്കരുണമായ സംഘര്‍ഷംമൂലം കഷ്ടപ്പെടുന്ന എല്ലാ ജനതകള്‍ക്കും സഹായമെത്തിക്കാന്‍ മാര്‍പാപ്പ ഉപവിസംഘടനകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്താവനയില്‍ തുടര്‍ന്ന് അറിയിക്കുന്നു. 

-------------------------------------------------------------------------------------------------------------------------------------------------------------------

 








All the contents on this site are copyrighted ©.