2006-07-15 17:18:02

മാര്‍ തോമസ് തുരുത്തിമറ്റം സി.എസ്.റ്റി. ഗോരഖ്പൂര്‍ സീറോ-മലബാര്‍ രൂപതയുടെ പുതിയ മെത്രാ൯.


ഉത്തര്‍പ്രദേശില‍െ ഗോരഖ്പൂര്‍ സീറോ-മലബാര്‍ രൂപതയുടെ ഭരണച്ചുമതലയില്‍നിന്ന് വിരമിക്കുന്നതിന് ചെറുപുഷ്പ, സി. എസ്. റ്റി., സന്ന്യാസസഭാംഗമായ മാര്‍ ഡൊമിനിക്ക് കോക്കാട്ട് സമര്‍പ്പിച്ചിരുന്ന രാജി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്വീകരിച്ചു.  പ്രസ്തുത രൂപതയുടെ പുതിയ മെത്രാനായി ചെറുപുഷ്പ സന്ന്യാസസഭയുടെ ഇപ്പോഴത്ത‍െ സുപ്പീരിയര്‍ ജനറാള്‍ ഫാദര്‍ തോമസ് തുരുത്തിമറ്റത്തിനെ പാപ്പാ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. 

1984 ജൂണ്‍ 19-ന് സ്ഥാപിതമായ ഗോരഖ്പൂര്‍ സീറോ-മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മാര്‍ ഡൊമിനിക്ക് കോക്കാട്ട് അക്കൊല്ലം ഒക്ടോബര്‍ നാലാം തീയതി അഭിഷിക്തനാവുകയും പതിനാലാം തീയതി രൂപതാഭരണം ഏറ്റെടുക്കുകയും ചെയ്തു.

ആ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ തോമസ് തുരുത്തിമറ്റം ചങ്ങനാശ്ശേരി അതിരൂപതയിലെ അരുവിക്കുഴി ഇടവകയില്‍ 1947 ഏപ്രില്‍ 22-ന് ജനിച്ചു.  1963-ല്‍ ചെറുപുഷ്പ സന്ന്യാസസഭയില്‍ ചേര്‍ന്ന അദ്ദേഹം ആലുവ ചെറുപുഷ്പ സെമ്മിനാരി, സെന്‍റ് ജോസഫസ് പൊന്തിഫിക്കല്‍ സെമ്മിനാരി, ബല്‍ജിയത്തെ ലുവെയ്൯ കത്തോലിക്കാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി 1973 ഡിസംബര്‍ 23-ന് ഗുരുപ്പട്ടം സ്വീകരിച്ചു. 

ഗോരഖ്പൂര്‍ മൈനര്‍ സെമ്മിനാരി റെക്ടര്‍, രൂപതാ ചാ൯സലര്‍, ചെറുപുഷ്പ സഭയുടെ പ്രൊക്കുറേറ്റര്‍ ജനറല്‍, സെന്‍റ് തോമസ് പ്രോവി൯സിന്‍റെ പ്രൊവി൯ഷ്യല്‍ വികാരി എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മാര്‍ തുരുത്തിമറ്റം 2003-ലാണ് ചെറുപുഷ്പ സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറാളായി തെര‍ഞ്ഞെടുക്കപ്പെട്ടത്.

 

 








All the contents on this site are copyrighted ©.