2006-07-01 17:10:31

കുടുംബങ്ങളുടെ അഞ്ചാം ലോകസമ്മേളനം പ്രമാണിച്ച് മാര്‍പാപ്പ പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുന്നു.


കുടുംബങ്ങളുടെ അഞ്ചാം ലോക സംഗമത്തോടനുബന്ധിച്ച് സ്പെയിനിലെ വലെ൯സിയ പട്ടണത്തില്‍ ജൂലൈ 1-9 തീയതികളില്‍ നടക്കുന്ന ഏതെങ്കിലും തിരുക്കര്‍മ്മത്തിലും സംഗമത്തിന്‍റെ സാഘോഷമായ സമാപനകര്‍മ്മത്തിലും ഭക്തിപൂര്‍വ്വം സംബന്ധിക്കുന്നവര്‍ക്ക് പതിനാറാം ബനഡിക്ട് മാര്‍പാപ്പ പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുമ‍െന്ന് അപ്പസ്തോലിക് പെനിറ്റെ൯ഷ്യറിയുട‍െ ഒരു പ്രഖ്യാപനത്തില്‍ അറിയിക്കുന്നു.

ദണ്ഡവിമോചന ലബ്ധിക്കുള്ള സാധാരണ വ്യവസ്ഥകളായ പാപസങ്കീര്‍ത്തനം, വിശുദ്ധ കുര്‍ബാന സ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന, ആത്മാവിന്‍റെ പ്രസാദവരസ്ഥിതി എന്നിവ ഈ ദണ്ഡവിമോചനം പ്രാപിക്കുന്നതിനും പാലിക്കപ്പെടണമെന്ന് അപ്പസ്തോലിക് പെനിറ്റെ൯ഷ്യറിയുടെ മേധാവി കര്‍ദ്ദിനാള്‍ ജയിംസ് സ്റ്റാഫോര്‍ഡ് കയ്യൊപ്പിട്ടിരിക്കുന്ന പ്രഖ്യാപനത്തില്‍ പറയുന്നു.

വലെ൯സിയിലെ ചടങ്ങുകളില്‍ നേരിട്ട് സംബന്ധിക്കാ൯ സാധിക്കാത്ത മറ്റ് വിശ്വാസികള്‍ക്കും,  കുടുംബങ്ങളുടെ ലോകസമ്മേളന ദിവസങ്ങളിലും അതിന്‍റെ സമാപന ദിനത്തിലും, വലെ൯സിയയില്‍ ഒരുമിച്ചുകൂടിയിരിക്കുന്ന വിശ്വാസികളോട് ആത്മീയമായും ചിന്തയിലും ഐക്യപ്പെട്ടുകൊണ്ട്, തങ്ങളുടെ കുടുംബങ്ങളില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ..... എന്ന പ്രാര്‍ത്ഥനയും വിശ്വാസ പ്രമാണവും ദൈവത്തിന്‍റെ കരുണ അപേക്ഷിക്കുന്ന മറ്റ് പ്രാര്‍ത്ഥനകളും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി ഭക്തിപൂര്‍വ്വം ചൊല്ലുന്നതുവഴി, മുകളില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകളി൯മേല്‍, പൂര്‍ണ്ണ ദണ്ഡവിമോചനം എന്ന ദാനം പ്രാപിക്കാമ‍െന്ന് പ്രഖ്യാപനം അറിയിക്കുന്നു.

മോചിത പാപങ്ങള്‍ക്ക് അവശേഷിക്കുന്ന കാലത്തിന്‍റേതായ ശിക്ഷകള്‍ക്ക്  ദൈവത്തില്‍നിന്ന് ലഭിക്കുന്ന ഇളവാണ് ദണ്ഡവിമോചനം.  കാലത്തിന്‍റേതായ ശിക്ഷ പൂര്‍ണ്ണമായി ഇളവു ചെയ്യപ്പെടുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമെന്നും ഭാഗികമായി ഇളവു ചെയ്യപ്പെടുന്നത് അപൂര്‍ണ്ണ ദണ്ഡവിമോചനമെന്നും അറിയപ്പെടുന്നു. 

പതിനാറാം ബനഡിക്ട് മാര്‍പാപ്പ പ്രധാനപ്പെട്ട സഭാസംഭവങ്ങളോടനുബന്ധിച്ച് പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുന്നത് ഇത് നാലാം തവണയാണ്.  2005 ഓഗസ്റ്റില്‍ ജര്‍മ്മനിയിലെ കൊളോണില്‍ നടന്ന ലോക യുവജന സംഗമം, ഡിസംബര്‍ എട്ടാം തീയതി ആഘോഷിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നാല്പതാം സമാപന വാര്‍ഷികം, 2006 ഫെബ്രുവരി പതിനൊന്നാം തീയതി ആചരിച്ച ലോക രോഗീദിനം എന്നിവ പ്രമാണിച്ചായിരുന്നു പാപ്പ ഇതിനു മുമ്പ് പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിച്ചത്.

 








All the contents on this site are copyrighted ©.