2006-06-24 18:04:24

പതിനാറാം ബനഡിക്ട് മാര്‍പാപ്പ സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ ജര്‍മ്മനിയില്‍

 


പാപ്പാ ബനഡിക്ട് പതിനാറാമന്‍ സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ തീയതികളില്‍ തന്‍റെ ജ൯മനാടായ ജര്‍മ്മനിയില്‍ ഇടയസന്ദര്‍ശനം നടത്തുമ‍െന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസിന്‍റെ മേധാവി ഹൊവാക്കിന്‍ നവാരൊ-വാല്‍സ് ജൂണ്‍ 24 ശനിയാഴ്ച അറിയിച്ചു. തന്‍റെ ഈ ഷട്ദിന അപ്പസ്തോലിക പര്യടനത്തില്‍ മാര്‍പാപ്പ ബവേറിയ സംസ്ഥാനത്തിന്‍റെ തലസ്ഥാനനഗരിയായ മ്യൂണിക്കും പ്രസ്തുത സംസ്ഥാനത്തിലെ അള്‍ട്യോട്ടിംഗ്, റേഗ൯സ്ബര്‍ഗ്ഗ് എന്നീ പട്ടണങ്ങളും സന്ദര്‍ശിക്കുമെന്ന്  തിരുസിംഹാസനത്തിന്‍റെ പ്രസ്താവനയില്‍ കാണുന്നു. 

മ്യൂണിക്ക് നഗരവും റേഗ൯സ്ബര്‍ഗ്ഗ് പട്ടണവും ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുടെ ജീവചരിത്രത്തോട് ഉറ്റ ബന്ധമുള്ള സ്ഥലങ്ങളാണ്.  1977 മേയ് 28 മുതല്‍ 1982 ഫെബ്രുവരി 15 വര‍െ മ്യൂണിക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു പാപ്പാ.  റേഗന്‍സ്ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രാദ്ധ്യാപകനായിരുന്ന ഫാദര്‍ ജോസഫ് റാറ്റസിംഗര്‍ 1969-ല്‍ ദൈവശാസ്ത്രവിഭാഗമേധാവിയും യൂണിവേഴ്സിറ്റിയുടെ ഉപാദ്ധ്യക്ഷനുമായി നിയമിക്കപ്പെട്ടു. ആ ഉദ്യോഗങ്ങള്‍ വഹിക്കവേയാണ് അദ്ദേഹം മ്യൂണിക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ സഹോദര൯ മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗര്‍ ജീവിക്കുന്നത് റേഗ൯സ്ബര്‍ഗ്ഗ് പട്ടണത്തിലാണ്.

അള്‍ട്യോട്ടിംഗ്, റേഗ൯സ്ബര്‍ഗ്ഗ് എന്നീ ബവേറിയ൯ പട്ടണങ്ങള്‍ പാപ്പാ ബനഡിക്ട് പതിനാറാമനെ യഥാക്രമം ജൂണ്‍ 7-ഉം 21-ഉം തീയതികളില്‍ അവയുടെ ബഹുമതി പൗരത്വം നല്കി ആദരിച്ചു.

 








All the contents on this site are copyrighted ©.