2006-05-29 18:50:26

മാര്‍പാപ്പ റോമില്‍ തിരിച്ചെത്തി.

 


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ തന്‍റെ മു൯ഗാമി ജോണ്‍ പോള്‍ ‍രണ്ടാമ൯ പാപ്പായുടെ ജന്മ നാടായ പോളണ്ടിലെ ചതുര്‍ദിന അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി  റോമില്‍ ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.30-ന് ഇന്ത്യയിലെ സമയം തിങ്കളാഴ്ച പുലര്‍ച്ചയ്ക്ക് മൂന്നിന് മടങ്ങിയെത്തി.

ഓഷ്വിറ്റ്സിലെ പഴയ നാസ്സി തടങ്കല്‍പാളയം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതും അവിടെവച്ച് പ്രഭാഷണം നടത്തിയതുമായിരുന്നു പാപ്പായുടെ പോളണ്ടിലെ നാലുദിവസം ദീര്‍ഘിച്ച പര്യടനത്തിലെ ഏറ്റവും അവസാനത്തെയും ഏറ്റവും വികാരതീവ്രവുമായ പരിപാടി.  രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മ്മ൯ നാസ്സികള്‍ 15 ലക്ഷത്തോളം ജനങ്ങളെ ഗ്യാസ് അറകളിലടച്ച് കൊലപ്പെടുത്തിയ തടങ്കല്‍പാളയമാണ് ഓഷ്വിറ്റ്സ്-ബിര്‍കെനോ.  അവിടെ കൊന്നൊടുക്കപ്പെട്ടവരില്‍ പത്തു ലക്ഷത്തിലേറെ യഹൂദരായിരുന്നു.

 

ജര്‍മ്മ൯ ജനതയുടെ ഒരു പുത്ര൯ എന്ന നിലയിയാണ് താ൯ ഓഷ്വിറ്റ്സില്‍ എത്തിയിരിക്കുന്നതെന്നും അവിടം സന്ദര്‍ശിക്കാതിരിക്കുക തനിക്ക് അസാധ്യമായിരുന്നെന്നും പാപ്പാ ബനഡിക്ട് പതിനാറാമ൯ തന്‍റെ പ്രഭാഷണത്തില്‍ അറിയിച്ചു. മാര്‍പാപ്പ തുടര്‍ന്നു പറഞ്ഞു: സത്യത്തിന്‍റെ മുമ്പിലും ഇവിടെ ദുരിതമനുഭവിച്ചവരോടുള്ള കടപ്പാടിന്‍റെ പേരിലും  ദൈവത്തിന്‍റെ മുമ്പിലും, പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍റെ പി൯ഗാമി എന്ന നിലയിലും ജര്‍മ്മ൯ ജനതയുടെ ഒരു തനയ൯ എന്ന നിലയിലും,  ഇവിടെ വരേണ്ടത് എന്‍റെ കടമയാണ്.   ...................... അനുരഞ്ജനത്തിന്‍റ‍ കൃപ അപേക്ഷിക്കുന്നതിനാണ് ഞാ൯ എത്തിയിരിക്കുന്നത് -  പ്രഥമതഃ നമ്മുടെ ഹൃദയങ്ങള്‍ തുറക്കാനും പവിത്രീകരിക്കാനും കഴിയുന്നവന്‍ ആരുമാത്രമാണോ ആ ദൈവത്തില്‍നിന്ന്, ഇവിടെ കഷ്ടതകള്‍ സഹിച്ച സ്ത്രീപുരുഷ൯മാരില്‍നിന്ന്, അവസാനമായി, നമ്മുടെ ചരിത്രത്തിന്‍റെ ഈ മണിക്കൂറില്‍ വിദ്വേഷത്തിന്‍റെ ശക്തിയുടെയും വിദ്വേഷത്തില്‍നിന്ന് ജനിക്കുന്ന അക്രമത്തിന്‍റെയും ഫലമായി പുതിയ രൂപഭാവങ്ങളില്‍ സഹനവിധേയരായിരിക്കുന്നവര്‍ക്കുവേണ്ടി അനുരഞ്ജനത്തിന്‍റെ കൃപ പ്രാര്‍ത്ഥിക്കുന്നതിന്.  ...............   ഈ സ്ഥലത്ത് നില്ക്കുമ്പോള്‍ എത്രയെത്ര ചോദ്യങ്ങളാണ് മനസ്സിലുയരുന്നത് ആ ദിവസങ്ങളില്‍ ദൈവം എവിടെയായിരുന്നു?  അവിടുന്ന് എന്തുകൊണ്ട് മൗനം അവലംബിച്ചു?  അവസാനമില്ലാത്ത ഈ കൂട്ടക്കുരുതി, തി൯മയുടെ ഈ ജൈത്രയാത്ര,  അനുവദിക്കാന്‍ അവിടുത്തേക്ക് എങ്ങനെ കഴിഞ്ഞു? ............... ദൈവത്തിന്‍റെ നിഗൂഢ പദ്ധതിയിലേക്ക് ചൂഴ്ന്നിറങ്ങാ൯ നമുക്കാവില്ല.  ചരിത്രം അല്പാല്പമായിമാത്രം കാണുന്ന നാം ദൈവത്തിന്‍റെയും ചരിത്രത്തിന്‍റെയും വിധികര്‍ത്താക്കളായി സ്വയം പ്രതിഷ്ഠിക്കുന്നത് അക്ഷന്തവ്യമായിരിക്കും.  അപ്പോള്‍ നാം മനുഷ്യനെ പ്രതിരോധിക്കുകയല്ല മറിച്ച് അവന്‍റെ അധഃപതനത്തിന് സംഭാവന ചെയ്യുകയായിരിക്കും”.                                                              

 

                                                        ==============================

 








All the contents on this site are copyrighted ©.