2006-05-20 17:29:46

മാര്‍പാപ്പ ജൂലൈ 8-9 തീയതികളില്‍ സ്പെയിനില്‍ അപ്പസ്തോലിക പര്യടനം നടത്തും.


ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കുടുംബങ്ങളുടെ അഞ്ചാം ലോക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ജൂലൈയില്‍ സ്പെയിനിലെ വലെന്‍സിയ പട്ടണം സന്ദര്‍ശിക്കും. കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പതിനേഴാം സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധനചെയ്യവേ പാപ്പാതന്നെയാണ് ഇക്കാര്യം അ‍റിയിച്ചത്. കുടുംബങ്ങളുടെ ലോക സംഗമത്തില്‍ പ്രതിനിധികളിലൂടെ സംബന്ധിക്കാന്‍ രൂപതാസമൂഹങ്ങളെ തന്‍റെ പ്രഭാഷണത്തില്‍ ക്ഷണിച്ച മാര്‍പാപ്പ ദൈവം തിരുമനസ്സാകുന്നപക്ഷം അതില്‍

നേരിട്ട് പങ്കുകൊള്ളാനുള്ള ആഹാളാദാവസരം തനിക്ക് കൈവരുമെന്ന് അറിയിച്ചു.

 

മാര്‍പാപ്പ  ഈ പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ജൂലൈ 8-ഉം 9-ഉം തീയതികളിലായിരിക്കും വലെന്‍സിയയിലെ അപ്പസ്തോലിക പര്യടനമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് മേധാവി ഹൊവാക്കിം നവാരോ വാല്‍സ് വ്യക്തമാക്കി. 

 

8 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് റോമില്‍നിന്ന് വലെന്‍സിയയിലേക്ക് പുറപ്പെടുന്ന പാപ്പാ അവിടെ 11.30-ന് എത്തും.

9 ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് വലെന്‍സിയയില്‍നിന്ന് റോമിലേക്ക് മടങ്ങുന്ന മാര്‍പാപ്പ ഉച്ചതിരിഞ്ഞ്

3.30-ന് റോം ചമ്പീനൊ വിമാനത്താവളത്തിലിറങ്ങും.

 

‍‍‍‍‍‍ജൂലൈ 1-9 തീയതികളില്‍ നടക്കുന്ന അഞ്ചാം ലോക കുടുംബ സംഗമത്തില്‍ 20 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നതെന്ന് കടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡണ്ട് കര്‍ദ്ദിനാള്‍ അല്‍ഫോന്‍സൊ ലോപസ് ത്രുഹീല്ലൊ പറഞ്ഞു.

നാലാം ലോക കുടുംബ സമ്മേളനം 2003 ജനുവരിയില്‍ ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനമായ മനിലയില്‍വച്ചായിരുന്നു.

 








All the contents on this site are copyrighted ©.