2006-05-20 17:22:25

കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ പ്രീഫെക്ട്


ബോംബെ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഐവന്‍ ഡയസിനെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മു൯ പ്രൊപ്പഗാന്ത ഫീദെയുടെ തലവനായി പതിനാറാം ബനഡിക്ട് മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തു. പ്രസ്തുത സംഘത്തിന്‍റെ പ്രീഫെക്ടായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന കര്‍ദ്ദിനാള്‍ ക്രെഷേ൯സ്യൊ സേപെ ഇറ്റലിയിലെ നേപ്പിള്‍സ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നാമനിര്‍ദ്ദേശംചെയ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് കര്‍ദ്ദിനാള്‍ ഡയസ് നിയമിതനായിരിക്കുന്നത്.

 

മുംബൈയില്‍ 1936 ഏപ്രില്‍ 14-ന് ജനിച്ച കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് 1958 ഡിസംബര്‍ 8-ന് പൗരോഹിത്യം സ്വീകരിച്ചു.  വത്തിക്കാന്‍റ‍െ നയതന്ത്രജ്ഞരെ പരിശീലിപ്പിക്കുന്ന റോമിലെ പൊന്തിഫിക്കല്‍ എക്ളേസിയാസ്റ്റിക്കല്‍ അക്കാഡമില്‍ 1961-ല്‍ ചേര്‍ന്ന അദ്ദേഹം അവിടുത്തെ മൂന്നുവര്‍ഷ പരിശീലനവേളയില്‍ ലാറ്ററന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമെടുക്കുകയും ചെയ്തു.

 

കര്‍ദ്ദിനാള്‍ ഡയസ് 1965 1973 വര്‍ഷങ്ങളില്‍ ഡെന്‍മാര്‍ക്ക്, സ്വീഡ൯, നോര്‍വേ, ഐസലന്‍ഡ്, ഫിന്‍ല൯ഡ്, ഇന്തോനേഷ്യ, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാ൯ സ്ഥാനപതികാര്യാലയങ്ങളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

 

1973 1982 കാലയളവില്‍ അദ്ദേഹം  അന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ സോവ്യറ്റ് യൂണിയ൯, ബാള്‍ക്ക൯ രാഷ്ടങ്ങള്‍, ബെലറൂസ്, യുക്രയി൯, പോളണ്ട്, ചൈന, വിയറ്റ്നാം, ലാവോസ്, കമ്പോഡിയ, ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തൊ, സ്വാസില൯ഡ്, സിംബാബ്വെ,ഇത്യോപ്യ, റുവാണ്ട, ബുറുണ്ടി, യുഗാണ്ട, സാംബിയ, കെനിയ, ടാന്‍സനിയ എന്നീ നാടുകള്‍ക്കുവേണ്ടി ഉണ്ടായിരുന്ന വിഭാഗത്തിന്‍റെ തലവനായിരുന്നു.

 

1982 മേയ് 8-ന് അദ്ദേഹം ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ഘാന, ടോഗൊ, ബെനിന്‍ എന്നീ രാജ്യങ്ങളിലെ അപ്പസ്തോലിക് പ്രോ-നുണ്‍ഷ്യോയായി നിയമിക്കപ്പടുകയും ചെയ്തു. ജൂണ്‍ 19-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ച് കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ് മെത്രാനായി അഭിഷിക്തനായി. 1987 മുതല്‍ 1991 വരെ ദക്ഷിണ കൊറിയയിലെ അപ്പസ്തോലിക് പ്രോ-നുണ്‍ഷ്യോയായും 1991 മുതല്‍ 1997 വരെ അല്‍ബേനിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യോയായും സേവനമനുഷ്ഠിച്ച അദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1996 നവംബര്‍ 8-ന് ബോംബെ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നാമനിര്‍ദ്ദേശം ചെയ്തു.  1997 മാര്‍ച്ച് 13-ന് അതിരുപതയുടെ ഭരണം ഏറ്റെടുത്ത ആര്‍ച്ച് ബിഷപ്പ് ഐവന്‍ ഡയസിനെ ആ പാപ്പാ 2001 ഫ്രെബ്രുവരി 21-ലെ കണ്‍സിസ്റ്ററിയില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തി.

 

വിശ്വാസ സിദ്ധാന്തം, ദൈവാരാധനയും കൂദാശകളും, കത്തോലിക്കാ വിദ്യാഭ്യാസം, എന്നിവയ്ക്കായുള്ള  സംഘങ്ങളിലും, സംസ്ക്കാരത്തിനായും അല്‍മായര്‍ക്കായുമുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലുകളിലും പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യാലയത്തിലും അംഗമാണ് കര്‍ദ്ദിനാള്‍ എവ൯ ഡയസ്.

 

റോമന്‍ കൂരിയായുടെ ഘടകങ്ങളില്‍ ഒന്നിന്‍റെ തലവനായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ ഭാരതിയനാണ് കര്‍ദ്ദിനാള്‍ ഡയസ്.  പൗര്യസ്ത സഭകള്‍ക്കുവേണ്ടിയുള്ള സംഘത്തിന്‍റെ പ്രീഫെക്ടായിരുന്ന കര്‍ദ്ദിനാള്‍ സൈമണ്‍ ലൂര്‍ദ്ദുസാമിയാണ് ആദ്യ ഇന്ത്യാക്കാരന്‍.

                             ================================

 

 








All the contents on this site are copyrighted ©.