2006-05-20 17:38:46

മാര്‍പാപ്പ കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സംപൂര്‍ണ്ണ സമ്മേളനത്തോട്:


“ …………കുടുംബം ഗാര്‍ഹിക സഭയും ജീവന്‍റെ ശ്രീകോവിലുമാണ്.  കുടുംബത്തിന്‍റെയും ജീവന്‍റെയും സുവിശേഷം പ്രചരിപ്പിക്കുന്നതിന് ഊര്‍ജ്ജസ്വലവും ആവേശഭരിതവുമായ അര്‍പ്പണം ആവശ്യപ്പെടുന്ന വിശാലവും സങ്കീര്‍ണ്ണവും ലോലവുമായ ഒരു അപ്പസ്തോലിക മേഖലയാണത്.  ജനതകളുടെ പൊതു നന്മയ്ക്ക് നിര്‍ണ്ണായകവും പകരമില്ലാത്തതുമായ ഒരു യാഥാര്‍ത്ഥ്യമാണ് കുടുംബം.

 

വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബം മാനവകുലത്തിന്‍റെ ഒരു പൈതൃകവും അടിസ്ഥാനപരമായ ഒരു സാമൂഹികവ്യവസ്ഥാപനവുമാണ്. സമൂഹത്തിന്‍റെ ജീവമര്‍മ്മവും അടിസ്ഥാന സ്തംഭവുമായ കുടുംബം വിശ്വാസി-അവിശ്വാസി ഭേദമെന്യേ എല്ലാമനുഷ്യരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യരാശിയുടെ ഭാവി ആശ്രയിച്ചിരിക്കുന്നതിനാല്‍  എല്ലാ രാഷ്ട്രങ്ങളും പരമ പരിഗണന നല്‍കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ് കുടുംബം. യേശു ക്രിസ്തു കൂദാശയുടെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയ വിവാഹം ക്രിസ്തീയ വീക്ഷണത്തില്‍ ദാമ്പത്യബന്ധത്തിന് കൂടുതല്‍ തേജസ്സും അഗാധതയും പകരുകയും ഉടമ്പടിയുടെ ദൈവത്താല്‍ അനുഗൃഹീതരായ ദമ്പതികളെ ജീവനോടു തുറവുള്ള സ്നേഹത്തില്‍ മരണംവരെയുള്ള വിശ്വസ്തയ്ക്ക് പ്രതിജ്ഞാബദ്ധരാക്കുകയും ചെയ്യുന്നു.  അവരെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്‍റെ കേന്ദ്രവും ഹൃദയവും തങ്ങളോടൊപ്പമുള്ളവനും മക്കള്‍ക്ക് പക്വത പ്രാപിക്കുന്നതുവരെ ശിക്ഷണം നല്‍കുക എന്ന ദൗത്യത്തില്‍ തങ്ങളെ സഹായിക്കുന്നവനുമായ ദൈവമാണ്.  ഇപ്രകാരം ക്രിസ്തീയ കുടുംബം സ്വാഭാവിക ജീവന്‍റെ പ്രത്യുല്‍പാദനത്തില്‍മാത്രമല്ല മാമ്മോദീസായില്‍ ദാനമായി ലഭിച്ച ദൈവികജീവന്‍റെ വിത്തുകളെ പോഷിപ്പിക്കുന്നതിലും ദൈവത്തോട് സഹകരിക്കുന്നു.  ഇവയാണ് വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ക്രൈസ്തവദര്‍ശനത്തിലെ ഏറ്റം ശ്രദ്ധേയങ്ങളായ തത്വങ്ങള്‍. 

 

മനുഷ്യനെയും സ്വാതന്ത്യം മനുഷ്യസ്നേഹം എന്നിവയെയും സംബന്ധിച്ച സന്ദിഗ്ദ്ധാര്‍ത്ഥകങ്ങളായ അനവധി ആശയങ്ങള്‍ പ്രബലപ്പെട്ടിരിക്കുന്ന ഇന്നത്ത‍െ ലോകത്തില്‍ കുടുംബമെന്ന വ്യവസ്ഥാപനത്തെ സംബന്ധിച്ച് സൃഷ്ടിയുടെ ആരംഭത്തില്‍ ദൈവം അഭിലഷിച്ച ആ സത്യം പുനരവതരിപ്പിക്കുന്നതില്‍ നാം

ഒരിക്കലും ഉദാസീനരാകരുത്. ദമ്പതികളുടെ വേര്‍പിരിയലുകളും വിവാഹമോചനങ്ങളും നിര്‍ഭാഗ്യവശാല്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു.  ഇവ കുടുംബത്തിന്‍റെ ഐക്യം തകര്‍ക്കുകയും ഈ സ്ഥിതിവിശേഷത്തിന്‍റെ നിര്‍ദ്ദോഷികളായ ഇരകളായ മക്കള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.  കടുംബത്തിന്‍റെ കെട്ടുറപ്പ് ഇന്ന് അപകടസന്ധിയിലാണ്.  അത് സംരക്ഷിക്ഷിക്കുന്നതിന്, പലപ്പോഴും, ഇന്ന് പ്രബലപ്പെട്ടിരിക്കുന്ന സംസ്ക്കാരത്തിന്‍റെ ഒഴുക്കിനെതിരെ നീന്തേണ്ടിയിരിക്കുന്നു.

സഹിഷ്ണുത, ത്യാഗമനോഭാവം, പരസ്പരധാരണ പരിപോഷിക്കാനുള്ള നിരന്തരമായ പരിശ്രമം എന്നിവ പൂര്‍വ്വാധികം ആവശ്യമായിരിക്കുന്നു.  പ്രാര്‍ത്ഥന, കൂദാശകളിലെ, വിശിഷ്യാ വിശുദ്ധ കുര്‍ബാനയിലെ തീക്ഷണതാപൂര്‍വ്വമായ ഭാഗഭാഗിത്വം എന്നിവവഴി ദൈവസഹായം തേടിക്കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനും തങ്ങളുടെ വിളിയോട് വിശ്വസ്തരായിരിക്കാനം ഇന്നും ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് സാധിക്കും.  കുടുംബത്തിന്‍റെ ഐക്യവും കെട്ടുറപ്പും യഥാര്‍ത്ഥമായ മാനവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സുവിശേഷത്തോട് തുറവു കാട്ടാനും സമൂഹത്തെ സഹായിക്കും.

 

 

ഇന്ന് അതിലോലമായ ഒരു വിഷയം മനുഷ്യഭ്രൂണമാണ്.  അത് എപ്പോഴും ദാമ്പത്യസ്നേഹപ്രകടനത്തില്‍നിന്ന് ജനിക്കേണ്ടതും ഒരു മനുഷ്യവ്യക്തിയായി പരിഗണിക്കപ്പെടേണ്ടതുമാണ്.  മനുഷ്യന്‍ അവന്‍റെ പരിമിതികള്‍ വിസ്മരിക്കുകയും പ്രായോഗിക തലത്തില്‍ സ്രഷ്ടാവായ ദൈവത്തിന്‍റ‍ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്ര സാങ്കേതിക പുരോഗതികള്‍ ജൈവസാന്‍മാര്‍ഗ്ഗികരംഗത്ത് അവനൊരു ഭീഷണിയായി രൂപാന്തരപ്പെടുന്നു.  മനുഷ്യപ്രത്യുല്‍പാദനം എപ്പോഴും ദാമ്പത്യധര്‍മ്മാനുഷ്ഠാനത്തിന്‍റ‍െ ഫലമായിരിക്കണമെന്ന് ഹുമാനെ വീത്തെ മനുഷ്യ ജീവന്‍ എന്ന ചാക്രിക ലേഖനം സുവ്യക്തമാംവിധം ആവര്‍ത്തിച്ചു പറയുന്നു. …..പുനരുല്‍പാദനം സ്നേഹത്തിന്‍റെ ഫലമാണ് എന്ന് സധൈര്യം സാക്ഷൃപ്പെടുത്താന്‍ നമ്മുടെ ഇക്കാലം ക്രസ്തീയ കുടുംബങ്ങളെ ആഹ്വാനം ചെയ്യുന്നു. ആ സാക്ഷൃം കുടുംബത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രങ്ങളുടെ ഭരണ കര്‍ത്താക്കളെയും നിയമ നിര്‍മ്മാതാക്കളെയും ഉത്തേജിപ്പിക്കുകതന്നെചെയ്യും.   സ്വവര്‍ഗ്ഗ വിവാഹബന്ധങ്ങള്‍ക്ക് നിയമസാധുത്വവും സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നേടിയെടുക്കുന്നതിന് വിവാഹത്തിന് പുതിയൊരു നിര്‍വ്വചനം നല്‍കാനുള്ള ശ്രമങ്ങള്‍തന്നെ നടക്കുന്നു.

 

 

ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളും ജനങ്ങള്‍ പടിപടിയായി വാര്‍ദ്ധക്യം പ്രാപിക്കുകയും ജനന നിരക്ക് കുറയുകയും ചെയ്തിരിക്കുന്നതിന്‍റെ ഫലമായി  ജനസംഖ്യാ ശിശിരത്തിന് വിധേയമായിരിക്കുന്നു. ജീവന്‍, പിതൃത്വം, മാതൃത്വം എന്നിവയെ കുടുംബങ്ങള്‍ ഭയപ്പെടുന്ന പ്രതീതീ ജനിക്കുന്നു. ആകയാല്‍ സ്നേഹത്തില്‍ പ്രത്യുല്‍പാദനം നടത്തുകയെന്ന തങ്ങളുടെ മഹനീയ ദൗത്യം തുടരുന്നതിന് കുടുംബങ്ങള്‍ക്ക് ധൈര്യവും വിശ്വാസവും വീണ്ടും പകരേണ്ടിയിരിക്കുന്നു.

 








All the contents on this site are copyrighted ©.