2018-07-07 13:16:00

പാപ്പാ ബാരിയില്‍, എക്യുമെനിക്കല്‍ സമാധാന പ്രാര്‍ത്ഥന


മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം സംജാതമാകുന്നതിനുവേണ്ടി ഫ്രാന്‍സീസ് പാപ്പാ അവിടത്തെ ക്രൈസ്തവസഭയുടെ തലവന്മാരടങ്ങിയ പ്രതിനിധികളുമൊത്ത് ഇറ്റലിയുടെ തെക്കുകിഴക്കുഭാഗത്തുള്ള ബാരിയില്‍ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയും സമ്മേളനവും നടത്തി.

ശനിയാഴ്ച (07/07/18) ആയിരുന്നു മദ്ധ്യപൂര്‍വ്വദേശത്തെ നാടകീയവസ്ഥകളെക്കുറിച്ചു ഈ സഭാപ്രതിനിധികളുമൊത്തു ചര്‍ച്ചചെയ്യുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി പാപ്പാ ബാരിയില്‍ എത്തിയത്.

പൂല്യ പ്രദേശത്തിന്‍റെ തലസ്ഥാനവും തുറമുഖപട്ടണവുമായ ബാരി വത്തിക്കാനില്‍ നിന്ന് തെക്കുമാറി ഏതാണ്ട് 450 കിലോമീറ്റര്‍ കരദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ശനിയാഴ്ച രാവിലെ റോമിലെ സമയം 7 മണിക്ക്, ഇന്ത്യയിലെ സമയം, 10.30 ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം അവിടേക്കു പുറപ്പെട്ട ഫ്രാന്‍സീസ് പാപ്പാ 1 മണിക്കൂറും 15 മിനിറ്റും കൊണ്ട് അവിടെ എത്തി. ഹെലിക്കോപ്പറ്ററില്‍ നിന്നിറങ്ങിയ പാപ്പായെ  ബാരി-ബിത്തോന്തൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍ചെസ്കൊ കകൂച്ചി, പൂല്യ പ്രദേശത്തിന്‍റെ പ്രസിഡന്‍റ്  മിഖേലെ എമിലിയാനൊ, നഗരാധിപന്‍ അന്തോണിയൊ ദെക്കാറൊ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തദ്ദനന്തരം പാപ്പാ വിശുദ്ധ നിക്കൊളാസിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഈ വിശുദ്ധന്‍റെ നമാധേയത്തിലുള്ള ബസിലിക്കയിലേക്കു പോയി. കോപ്റ്റിക് ഓര്‍ത്തൊഡോക്സ് പാപ്പായും അലക്സാണ്ഡ്രിയായുടെ പാത്രിയാര്‍ക്കീസുമായ തവാദ്രോസ് ദ്വീതീയനും മദ്ധ്യപൂര്‍വ്വദേശത്തെ ഇതര പാത്രിയാര്‍ക്കീസുമാരും മെത്രാപ്പോലീത്താമാരും മോസ്കോയുടെയും ആകമാനറഷ്യയുടെയും പാത്രീയാര്‍ക്കീസ് സിറില്‍ ഒന്നാമന്‍റെ  പ്രതിനിധി മെത്രാപ്പോലീത്ത വൊളൊക്കൊളംസ് ഹിലാരിയൊന്‍ അല്‍ഫീവും അവിടെ സന്നിഹിതരായിരുന്നു. അവരെയും അവിടെ ഉണ്ടായിരുന്ന ഡൊമീനിക്കന്‍ സന്ന്യസ്തരെയും പാപ്പാ അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പാപ്പാ പാത്രിയാര്‍ക്കീസുമാരും മെത്രാപ്പോലീത്തമാരുമൊത്ത് ബസിലിക്കയുടെ നിലവറയില്‍ ഇറങ്ങി വിശുദ്ധ നിക്കൊളാസിന്‍റെ തിരുശേഷിപ്പു  വണങ്ങുകയും അവിടെ ഏകസഭയുടെ പ്രതീകമായി “ഏകനാളദീപം” കൊളുത്തുകയും ചെയ്തു..

വിശുദ്ധ നിക്കൊളാസിന്‍റെ ബസിലിക്കയില്‍ നിന്ന് പാപ്പായും ഇതര സഭാതലവന്മാരും ബാരിയിലെ കടല്‍ത്തീരത്ത് അര്‍ദ്ധവൃത്താകൃതിയില്‍ തീര്‍ത്തിരിക്കുന്ന  "ല റൊത്തോന്ത” എന്നു പേരു നല്കപ്പെട്ടിരിക്കുന്നിടത്ത് എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചു. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്‍റെ  അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ്പ് പീയെര്‍ബത്തിസ്ത പിത്സബാല്ലയുടെ ആമുഖ വാക്കുകളെ തുടര്‍ന്ന് സഭാപ്രതിനിധികള്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചു. പ്രാര്‍ത്ഥനയ്ക്കുമുമ്പ് ഫ്രാന്‍സീസ് പാപ്പാ എല്ലാവരെയും സംബോധന ചെയ്തു. ഈ യോഗവേദിയില്‍ പാപ്പയുള്‍പ്പടെ ഓരോരുത്തരായി കത്തിച്ച മെഴുകുതിരി, സമാധാനം എന്നര്‍ത്ഥംവരുന്ന “പാച്ചെ” ​എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ മെഴുകുതിരിക്കാലുകളില്‍ സ്ഥാപിക്കുകയും ചെയ്തു

ഈ പ്രാര്‍ത്ഥനാസമാഗമാനന്തരം ഫ്രാന്‍സീസ് പാപ്പായും സഭാപ്രതിനിധികളും ബസിലിക്കയിലേക്കു മടങ്ങുകയും സ്വകാര്യസംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. അതിനുശേഷം അതിരൂപതാമെത്രാസനമന്ദിരത്തില്‍ ഒരുക്കിയിരുന്ന ഉച്ചവിരുന്നില്‍ പാപ്പായും പാത്രീയാര്‍ക്കീസുമാരും മെത്രാപ്പോലീത്താമാരും പങ്കുകൊണ്ടു. വൈകുന്നേരം പ്രാദേശികസമയം 4 മണിയോടെ പാപ്പാ ഹെലിക്കോപ്റ്ററില്‍ വത്തിക്കാനിലേക്കു മടങ്ങി.

  
All the contents on this site are copyrighted ©.