2018-06-30 14:47:00

സൗഖ്യം : ക്രിസ്തുവില്‍ നേടുന്ന വിമോചനം


വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം 5, 21-43.

1. ശാരീരികസൗഖ്യവും ആത്മീയസൗഖ്യവും
ക്രിസ്തു പ്രവര്‍ത്തിച്ച രണ്ട് അത്ഭുതങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗത്ത് വിശുദ്ധ മര്‍ക്കോസ് രേഖപ്പെടുത്തുന്നത്. ഇവിടെ ദൈവിക സൗഖ്യദാനത്തിന്‍റെ സ്വീകര്‍ത്താക്കള്‍ രണ്ടും സ്ത്രീകളാണ്. - ഒന്നാമത്തേത്, കഫര്‍ണാമിലെ പ്രാര്‍ത്ഥനാലയത്തിലെ ജായിരൂസ് എന്നുപേരുള്ള പ്രധാനിയുടെ മകള്‍. രണ്ടാമത്തേത് രക്തസ്രാവത്താല്‍ വിഷമിച്ചിരുന്ന കാനാന്യ സ്ത്രീ (മാര്‍ക്ക് 5, 21-43). രണ്ടു ഭാഗങ്ങളായി സുവിശേഷകന്‍ മര്‍ക്കോസ് വിവരിക്കുന്ന സംഭവങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുമുണ്ട്. ഒന്ന് അത്ഭുതകരമായി ലഭിക്കുന്ന ശാരീരിക സൗഖ്യത്തിന്‍റെ വിവരണമാണെങ്കില്‍, രണ്ടാമത്തേത് ആത്മാവിന്‍റെ തലത്തില്‍ ആര്‍ജ്ജിച്ച ആന്തരിക വെളിച്ചത്തിന്‍റെ അനുഭവവുമാണ്. ഒരു വശത്ത് ക്രിസ്തു താഴ്മയില്‍ ഇറങ്ങിവന്ന് മനുഷ്യന്‍റെ ശാരീരിക ആലസ്യം സൗഖ്യപ്പെടുത്തുമ്പോള്‍, മറുഭാഗത്ത് അവിടുന്ന് അസ്വസ്തമായ മനുഷ്യഹൃദയങ്ങള്‍ക്കു സാന്ത്വനമേകി രക്ഷപ്രദാനംചെയ്യുന്നു, അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാവാന്‍ ആവശ്യപ്പെടുന്നു.

ദേവാലയത്തിലെ പ്രധാനിയായ ജായിരൂസിന്‍റെ പുത്രി മരിച്ചുവെന്ന് അറിയുമ്പോള്‍ ക്രിസ്തു പറയുന്നത്, “ഭയപ്പെടേണ്ട, വിശ്വസിക്കുക,” എന്നാണ്. ബാലികയുടെ വീട്ടിലേയ്ക്ക് അവിടുന്ന് ഉടനെ പോവുകയും അവിടെ ചെന്ന്,  അവളെ കൈപിടിച്ച് ഉയര്‍ത്തി, ജീവന്‍ നല്കി. ക്രിസ്തുവിന്‍റെ രക്ഷാകര ശക്തിക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് വിശുദ്ധ ജെറോം ഈ വചനഭാഗം വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നത്. “മകളേ, എന്‍റെ കൃപയാല്‍ നീ എഴുന്നേല്‍ക്കുക. നിനക്ക് സൗഖ്യം ലഭിക്കുന്നത് നിന്‍റെ യോഗ്യതകളാലല്ല.”  എന്നു പറയുമ്പോള്‍, മനുഷ്യരുടെ നന്മയും സൗഖ്യവും ദൈവകൃപയാണെന്ന വസ്തുതയ്ക്ക് സിദ്ധന്‍ ആക്കം കൊടുക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്.

2. ക്രിസ്തു സമഗ്രവിമോചകന്‍
ഹെന്‍റി കോസ്റ്റ്നറുടെ വളരെ വിഖ്യാതമായ സിനിമയാണ് - “ദ റോബ്” 
(The Robe) . ലോയിഡ് കസ്സേലിന്‍റെ നോവലിനെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കപ്പെട്ടത്. കാല്‍വരിയില്‍വച്ച് ഉരിഞ്ഞുമാറ്റപ്പെട്ട ക്രിസ്തുവിന്‍റെ മേലങ്കിയെ ആധാരമാക്കിയും എഡി. 32-മുതല്‍ 38-വരെ കാലത്തിഘട്ടത്തിലെ റോമന്‍ ചരിത്രം കൂട്ടിക്കലര്‍ത്തിയും മെനഞ്ഞെടുത്ത കഥയാണിത്. ക്രിസ്തുവിന്‍റെ വസ്ത്രാഞ്ചലത്തിലൂടെ ഊര്‍ന്നിറങ്ങുന്ന സൗഖ്യദാനത്തിന്‍റെ ദൈവികശക്തിയാണ് ചിത്രത്തിന്‍റെ കഥാതന്തുവായി ഉപയോഗിച്ചിരിക്കുന്നത്. ഒരു ദൈവിക സാന്ത്വനസ്പര്‍ശത്തിന്‍റെ അതിമനോഹരമായ ചലച്ചിത്രാവിഷ്ക്കാരം! ക്രിസ്തു എപ്രകാരം മനുഷ്യന് സമഗ്രവിമോചനം നല്കുവാന്‍ ആഗതനായി എന്ന സന്ദേശം ആവിഷ്ക്കരിക്കുന്ന കാനാന്‍കാരി സ്ത്രീയുടെ രക്തസ്രാവം സുഖപ്പെടുത്തിയ സുവിശേഷക്കഥയും ഈ ചലച്ചിത്രത്തിന് ആവേശമായിട്ടുണ്ട്. രണ്ടു ഘട്ടമായിട്ടാണ് ഈ അത്ഭുതം നടക്കുന്നത്. ആദ്യം, ശാരീരിക സൗഖ്യദാനമാണെങ്കില്‍, രണ്ടാം ഘട്ടത്തില്‍ വിശ്വാസപൂര്‍വ്വം തന്നെ സമീപിക്കുന്നവര്‍ക്ക് ദൈവം നല്കുന്ന കൃപാസ്പര്‍ശത്തിന്‍റെ ആത്മീയ സൗഖ്യവും പ്രകടമാക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു ആ സ്ത്രീയോടു “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു. സമാധാനത്തില്‍ പോവുക, നീ രോഗ വിമുക്തയായിരിക്കുന്നു.” എന്നു പറഞ്ഞത്.

3. ദൈവോത്മുഖരായി ജീവിക്കാം!
ഇന്നത്തെ സുവിശേഷസംഭവത്തിന്‍റെ കേന്ദ്രഭാഗത്ത്,    “രക്ഷ”യെന്ന പദം മൂന്നു പ്രാവശ്യമാണ് ഉപയോഗിച്ചിട്ടുള്ളത് Salvation (cf 5, 21-22). അവിടുത്തെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രംമതി താന്‍ സൗഖ്യപ്പെടും, രക്ഷപ്പെടും എന്നവള്‍ വിശ്വസിച്ചു  (28).  തന്നെ സ്പര്‍ശിച്ചവളോട് തിരിഞ്ഞുനിന്ന് ക്രിസ്തു പറഞ്ഞത്, “മകളേ,  നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (34). യേശു സംസാരിച്ച ആ നിമിഷം അവള്‍ സൗഖ്യംപ്രാപിച്ചു.  മകളേ, ധൈര്യമായിരിക്കുക! എന്ന ക്രിസ്തുവിന്‍റെ പ്രയോഗം അവള്‍ക്ക് ദേവക്കരുണയുടെ അടയാളമായി. ക്രിസ്തു പ്രവര്‍ത്തിച്ച സൗഖ്യദാനത്തിന്‍റെ രണ്ട് സുവിശേഷ സംഭവങ്ങളും നമ്മോടു പറയുന്നത് ഭൗമികവും തിരശ്ചീനവും മാത്രമായ ജീവിതത്തോടുള്ള സമീപനം മാറ്റി, ദൈവോത്മുഖമായി - ലംബമായി അതു ക്രമീകരിക്കണമെന്നാണ്. ജീവിത പ്രതിസന്ധികളുടെ പച്ചയായ സാഹചര്യങ്ങളില്‍നിന്നുകൊണ്ട് “രക്ഷിക്കണേ, ദൈവമേ!!” എന്നു നാം പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. നമ്മെ ഒരിക്കലും കൈവെടിയാത്ത സ്രഷ്ടാവിന്‍റെ ദൈവിക പരിപാലനയില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് ജീവിതത്തെ നവീകരിക്കുകയും വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യണമേ, എന്ന് എപ്പോഴും നാം പ്രാര്‍ത്ഥിക്കണം. ദൈവത്തോട് അടുത്തിരക്കണമെങ്കില്‍ അനുദിനം നാം പ്രാര്‍ത്ഥിക്കണം. ദൈവികൈക്യത്തിനുള്ള മാര്‍ഗ്ഗം പ്രാര്‍ത്ഥനതന്നെ!

4. സൗഖ്യദാനത്തിന്‍റെ പ്രയോക്താക്കളാകാം!
നമുക്കു ചുറ്റും, വിശിഷ്യ നമ്മുടെ ഭവനങ്ങളിലും സമൂഹത്തിലുമുള്ള രോഗികളായവരോടും  കാരണവന്മാരോടും പരിഗണനയുള്ളവരായിരിക്കാം. ക്രിസ്തുവിന്‍റെ മനസിലെന്നതുപോലെ നമ്മുടെയും മനോഭാവത്തില്‍ രോഗികളോടുള്ള സമീപനം പനുര്‍നിര്‍വചിക്കപ്പെടണം. പ്രായമായവരെയും വൈകല്യമുള്ളവരെയും പാവങ്ങളെയും തള്ളിക്കളയുന്ന രീതിയില്‍ സമൂഹത്തില്‍ പ്രബലപ്പെട്ടുവരുന്ന “വലിച്ചെറിയല്‍ സംസ്ക്കാരം” നാം ഇല്ലാതാക്കേണ്ടതാണ്.

സമൂഹത്തില്‍ ഇന്നു ദേവാലയത്തെക്കാള്‍ ചിലപ്പോള്‍ സഭ ഒരു ആതുരാലയമായി കാണണമെന്നാണ് പാപ്പാ ഫ്രാ‍ന്‍സിസ് ഉദ്ബോധിപ്പിക്കുന്നത്. അതുകൊണ്ടായിരിക്കണം ഹോസ്പിറ്റലെന്നോ,  ഹോസ്പിസെന്നോ നമുക്കതിനെ വിശേഷിപ്പിക്കാം, എന്നു പാപ്പാ ഉദ്ബോധിപ്പിച്ചത്. എല്ലാ വിധത്തിലുമുള്ള സൗഖ്യത്തിനും സാന്ത്വനത്തിനുമുള്ള ഇടമാവട്ടെ സഭ, ക്രൈസ്തവ ഭവനങ്ങളും! രോഗികളുടെ ജീവിത കുരിശുകള്‍ ചുമക്കുവാന്‍ സഹായിക്കുന്നവരെ, വിശിഷ്യാ ഡോക്ടര്‍മാരെയും ആരോഗ്യ പരിപരിപാലനയുടെ മേഖലയിലുള്ളവരെയും, ആതുരാലയങ്ങളില്‍ നിശ്ശബ്ദമായ ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവരെയും നാം അനുസ്മരിക്കേണ്ടതാണ്. മനുഷ്യയാതനകളുടെ സ്പന്ദനമറിയുന്ന ക്രിസ്തു ഇന്നത്തെ സുവിശേഷ ചിന്തയിലൂടെ നമ്മോട് ആവശ്യപ്പെടുന്നത് ദൈവിക സൗഖ്യാദാനത്തിന്‍റെ ഉപകരണങ്ങളാകുവാനാണ്. വേദനിക്കുന്നവര്‍ക്ക് സാന്ത്വന ലേപനം പകര്‍ന്നുകൊടുക്കുന്നവര്‍ സ്നേഹത്തിന്‍റെ നിറകുടങ്ങളാണ്. ഈ സേവന മേഖലയിലുള്ളവര്‍ക്ക് ഉചിതമായ സാങ്കേതിക വൈദഗ്ദ്ധ്യവും വൈദ്യശാസ്ത്ര വിജ്ഞാനവും ആവശ്യമാണ്... സംശയമില്ല. എന്നാല്‍ അതിലും ഉപരിയായി രോഗികളോടും എളിയവരോടും കാണിക്കേണ്ട ഹൃദയപൂര്‍വ്വകമായ ശ്രദ്ധയും മനുഷ്യത്വവുമാണ് ഇവര്‍ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ കഴിവ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പഠനത്തോടും പരിശീലനത്തോടുമൊപ്പം സാന്ത്വനം പകരാനുള്ള ഹൃദയത്തിന്‍റെ പരിശീലനവും ആതുരശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനിവാര്യമാണ്. എന്തിന് നമ്മുടെ ഭവനങ്ങളില്‍ രോഗഗ്രസ്ഥരാകുന്നവരെ,  വിശിഷ്യാ പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ നമുക്ക് സൗഖ്യദാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും കാഴ്ചപ്പാട് ആവശ്യമാണ്.

5. കുരിശോളം നീണ്ട സൗഖ്യദാനം
സഭയുടെ മുഴുവന്‍ അജപാലന ശുശ്രൂഷയ്ക്കുംകൂടി വേണമെങ്കില്‍ പറയാവുന്ന ഏകപദമാണ് ‘സൗഖ്യം’.  ഈശോ അവസാനംവരെയ്ക്കും ഈ സഖ്യദാന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടുവെന്ന് നമുക്കു കാണാം. അതിന്‍റെ ദൃശ്യ അടയാളങ്ങളാണ് പീ‍‍ഡാനുഭവ യാത്രയുടെ തൊട്ടുമുമ്പുപ് ഗദ്സേമന്‍ തോട്ടത്തില്‍വച്ച് പത്രോസ് വെട്ടി മുറിപ്പെടുത്തിയ സൈനികനെ അവിടുന്ന് സൗഖ്യപ്പെടുത്തിയത്. തന്‍റെ മരണത്തിനുശേഷവും അവിടുത്തെ നെ‍ഞ്ചില്‍നിന്നും വാര്‍ന്നൊലിച്ച രക്തവും ജലവുമാണ് അപരന്‍റെ അന്ധതയെ സൂര്യവെളിച്ചത്തിലേയ്ക്ക് വീണ്ടെടുത്തതെന്ന പാരമ്പര്യകഥയും ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്.  ചാള്‍ടന്‍ ഹെസ്റ്റനെ മുഖ്യകഥാപാത്രമാക്കി വില്യം വൈലര്‍ സംവിധാനംചെയ്ത “ബെന്‍ഹര്‍” Ben-hur എന്ന ചിത്രം കാല്‍വരിയില്‍നിന്നും ഒഴുകിയെത്തിയ ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ സൗഖ്യപ്പെടുന്ന ബെന്‍ഹര്‍ കുടുംബത്തിന്‍റെ കഥ പറയുകയല്ലേ!

5. സൗഖ്യം – ക്രിസ്തുവില്‍ നേടുന്ന വിമോചനം
ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങാനും, അവിടത്തോടു മാപ്പിരക്കാനും, സൗഖ്യം യാചിക്കാനും ധൈര്യമുണ്ടായവരിലാണ് അവിടുത്തെ കൃപാതിരേകം വര്‍ഷിക്കപ്പെട്ടത്. ഇന്നത്തെ സുവിശേഷം വരച്ചുകാട്ടുന്ന രക്ഷ എന്ന സംജ്ഞയ്ക്ക് വിവിധ വശങ്ങളുണ്ട്. ആദ്യമായി ശാരീരിക സൗഖ്യംതരുന്നു. തുടര്‍ന്ന് സാമൂഹികവും മതപരവുമായ ഭ്രഷ്ടുകളില്‍നിന്നും വിവേചനങ്ങളില്‍നിന്നും വ്യക്തിയെ സ്വതന്ത്രമാക്കുന്നു. ഭീതിയും നിരാശയുമകറ്റി, ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള പ്രത്യാശയും ആത്മധൈര്യവും നല്കുന്നു. മാത്രമല്ല, തന്‍റെ സമൂഹത്തിലേയ്ക്കും സഹോദരങ്ങളിലേയ്ക്കും തിരികെ ചെല്ലാനുള്ള ആത്മധൈര്യം നല്കുന്നു. ദൈവം കാരുണ്യവാനാണ്. അവിടുത്തെ കരുണ നമ്മുടെ കുറവുകളെയും കുറ്റങ്ങളെയും അതിലംഘിക്കുന്നതാണ്. നമുക്കു ലഭിക്കുന്ന സൗഖ്യദാനം നമ്മെ ദൈവത്തോടെന്നപോലെ സഹോദരങ്ങളോടും അനുരഞ്ജനപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്നു.

6. അന്തരംഗത്തിലെ ആത്മീയസൗഖ്യം
ഇങ്ങനെ സൗഖ്യത്തിന്‍റെ ഉപകരണമാകാന്‍ നമുക്ക് ബലമുണ്ടോ? നാം വിലയിരുത്തേണ്ടതാണ്! പലപ്പോഴും നാം സൗഖ്യപ്പെടുത്തുന്നില്ല എന്നു മാത്രമല്ല,  ഓറഞ്ചിന്‍റെ തൊലി കണ്ണില്‍ ചീറ്റിച്ച് സഹപാഠിയെ കരയിപ്പിച്ച പണ്ടത്തെ കുട്ടിക്കളിയില്‍നിന്നും അല്പംപോലും നാം വളര്‍ന്നിട്ടുമില്ല. സൗഖ്യമാധ്യമമാകാന്‍ വിളിക്കപ്പെട്ടവര്‍ അവരില്‍ത്തന്നെ സൗഖ്യം അനുഭവിക്കുന്നില്ലെന്നതാണ് സത്യം,! അത് നമ്മില്‍ത്തന്നെയുള്ള വലിയ പാര‍ഡോക്സ്,  വിരോധാഭാസമല്ലേ?!  ‘സ്വന്തം ക്ഷതങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി നടക്കുന്ന കുഞ്ഞുമനുഷ്യരാണു നമ്മള്‍.’  ഒരാന്തരിക സൗഖ്യം അനുഭവിക്കുയാണ് പ്രധാനം. ഭൂമിയില്‍ ക്രിസ്തുവോളം ക്ഷതമേറ്റ മറ്റൊരാളില്ല. എന്നിട്ടും ഉള്ളിന്‍റെ ഉള്ളില്‍ അവിടുന്ന് സൗഖ്യപ്പെട്ടവനായിരുന്നു. കൊലമരത്തിലേറ്റിയ ക്രൂരതയ്ക്കുവേണ്ടിയും മാധ്യസ്ഥം പ്രാര്‍ത്ഥിച്ചു, “പിതാവേ, ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടും ക്ഷമിക്കണമേ!”  കൈവിട്ടുകളഞ്ഞ പിതാവിന്‍റെ കരങ്ങളി‍ല്‍ അവിടുന്നു സ്വയം അര്‍പ്പിച്ചിട്ട്, ഏറ്റുപറഞ്ഞു, “പിതാവേ, അങ്ങേ കരങ്ങളില്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു!” താന്‍ ഏറ്റുവാങ്ങിയ ക്ഷതങ്ങള്‍ അവിടുത്തെ ആന്തരികതയെ വ്രണപ്പെടുത്തുകയോ, ശിഥിലമാക്കുകയോ ചെയ്തില്ല. ഇതുപോലുള്ള മുറിപ്പെട്ട സൗഖ്യദായകര്‍ക്കുവേണ്ടി Wounded Healer –നുവേണ്ടി ഭൂമി ഇന്നും കാത്തിരിക്കയാണ്. മുളംതണ്ടിലെ മുറിപ്പാടുകള്‍ സംഗീതമാക്കുന്നവര്‍ക്കുവേണ്ടി.... ഇതാ! ലോകം ഇനിയും കാത്തിരിക്കുന്നു!
All the contents on this site are copyrighted ©.