2018-06-29 13:30:00

യേശുക്രിസ്തുവില്‍ മഹത്വവും കുരിശും സമന്വയിക്കുന്നു-പാപ്പാ


പത്രോസിനെപ്പോലെ നമ്മളും സഭയുടെ ദൗത്യത്തിനു പ്രതിബന്ധങ്ങളാകുന്ന ദുഷ്ടാരൂപിയുടെ മന്ത്രണങ്ങളാല്‍ പ്രലോഭിതരാകുമെന്ന് മാര്‍പ്പാപ്പാ.

വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനത്തില്‍, അതായത്, ജൂണ്‍ 29ന് വെള്ളിയാഴ്ച, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പതിനാല് നവകര്‍ദ്ദിനാളന്മാരുമുള്‍പ്പടെ അനേകം മെത്രാന്‍മാരുടെയും മെത്രാപ്പോലീത്താമാരുടെയും വൈദികരുടെയും സഹകാര്‍മ്മികത്വത്തില്‍ താന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സാഘോഷമായ സമൂഹദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങള്‍, വിശിഷ്യ, യേശു അവിടത്തെ പീഢാസഹന- മരണോത്ഥാനങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറയുമ്പോള്‍ അതു സംഭവിക്കാതിരിക്കട്ടെയെന്ന് പത്രോസ് തടസ്സം പറയുന്ന ഭാഗം വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തന്‍റെ ലക്ഷ്യം വെളിപ്പെടാതിരിക്കേണ്ടതിന് സാത്താന്‍ മറഞ്ഞിരുന്നു വശീകരിക്കുന്നതിനാലാണ് ഇവിടെ ഇതു മന്ത്രിക്കലായി മാറുന്നത് എന്ന് വ്യക്തമാക്കിയ പാപ്പാ ക്രിസ്തുവിന്‍റെ അഭിഷേകത്തില്‍ പങ്കുചേരുകയെന്നാല്‍, കുരിശാകുന്ന അവിടത്തെ മഹത്വത്തില്‍ പങ്കുചേരുകയാണെന്ന് ഉദ്ബോധിപ്പിച്ചു.

യേശുക്രിസ്തുവില്‍ മഹത്വവും കുരിശും ഒന്നിച്ചുപോകുന്നു, അവ അവിഭക്തങ്ങളാണ്. കുരിശിനെ ഉപേക്ഷിച്ചാല്‍, നാം മഹത്വത്തിന്‍റെ കണ്ണ‍ഞ്ചിപ്പിക്കുന്ന പ്രഭാപൂരത്തിലായാലും വഞ്ചിക്കപ്പെടും, എന്തെന്നാല്‍ അത് ദൈവത്തിന്‍റെ  മഹത്വമായിരിക്കില്ല, മറിച്ച്, ശത്രുവിന്‍റെ പരിഹാസമായിരിക്കും, പാപ്പാ പറഞ്ഞു.

എന്നിരുന്നാലും യേശുവിന്‍റെ മുറിവുകളില്‍ നിന്ന് മുന്‍കരുതലോടെ അകലം പാലിച്ചുകൊണ്ട് ക്രിസ്ത്യാനിയായിരിക്കാനുള്ള പ്രലോഭനം നമുക്കുണ്ടാകാറുണ്ട് എന്ന യാഥാര്‍ത്ഥ്യ പാപ്പാ എടുത്തുകാട്ടി.

യേശുവാകട്ടെ മനുഷ്യന്‍റെ ദുരവസ്ഥയെ സ്പര്‍ശിക്കുകയും അവിടത്തോടൊപ്പമായിരിക്കാനും അപരന്‍റെ മുറിവേറ്റ ശരീരത്തെ തൊടാനും നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ദൈവത്തിന്‍റെ അഭിഷിക്തന്‍ കൊണ്ടുവരുന്നത് പിതാവിന്‍റെ സ്നേഹവും കാരുണ്യവുമാണെന്നും ഈ കരുണാര്‍ദ്രസ്നേഹം  നമ്മോടാവാശ്യപ്പെടുന്നത് രക്തം വിലയായി നല്കിപ്പോലും സകലരിലേക്കും എത്തുന്നതിന് ജീവന്‍റെ  എല്ലാകോണുകളിലേക്കും പോകാനാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വാസപാരമ്പര്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ പാരമ്പര്യം ഒഴുകുന്ന നദിയാണെന്നും അത് നമ്മെ തുടക്കവുമായി ബന്ധിപ്പിക്കുന്നുവെന്നും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുകയും യേശു കര്‍ത്താവാണെന്ന് നമ്മുടെ അധരവും ഹൃദയവുംകൊണ്ട് ഏറ്റു പറയാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് പ്രസ്താവിക്കുകയും ചെയ്തു.

റോമിന്‍റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ക്കുര്‍ബാനയില്‍ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാല്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍റെ പ്രതിനിധിസംഘം, പതിവുപോലെ ഇക്കൊല്ലവും, പങ്കുകൊണ്ടു.

ഈ തിരുക്കര്‍മ്മ മദ്ധ്യേ മാര്‍പ്പാപ്പാ, പാപ്പായും അപ്പസ്തോലികസിംഹസാനവുമായുള്ള പ്രത്യേക കൂട്ടായ്മയുടെ അടയാളമായി മെത്രപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുമാര്‍  ധരിക്കുന്നതും ആട്ടിന്‍രോമംകൊണ്ടു തയ്യറാക്കപ്പെട്ടതുമായ പാലീയം ആശീര്‍വ്വദിച്ചു. വിശുദ്ധ കുര്‍ബ്ബാനയുടെ അവസാനം പാപ്പാ പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് പാലീയം നല്കുകയും ചെയ്തു.

 
All the contents on this site are copyrighted ©.