2018-06-29 13:54:00

പരസേവനം - വിശ്വാസയോഗ്യമായ അധികാരത്തിന്‍റെ അടയാളം, പാപ്പാ


ക്രിസ്തുവിനെപ്രതി അപരര്‍ക്കു ശുശ്രൂകരാകുകയാണ് വിശ്വാസയോഗ്യമായ ഏക അധികാരമെന്ന് മാര്‍പ്പാപ്പാ.

ജൂണ്‍ 28 ന് വ്യാഴാഴ്ച (28/06/18) വൈകുന്നേരം, വത്തിക്കാനില്‍, പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജോസഫ് കൂട്ട്സ് ഉള്‍പ്പടെ 14 പിതാക്കന്മാരെ താന്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയ കണ്‍സിസ്റ്ററിയില്‍ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കുരിശില്‍ തന്‍റെ തല താഴ്ത്തുന്നതിനുമുമ്പ്  യേശു ശിഷ്യരുടെ മുന്നില്‍ തല കുമ്പിടാനും അവരുടെ പാദങ്ങള്‍ കഴുകാനും ഭയപ്പെട്ടില്ല എന്നത് വിസ്മരിക്കാതിരിക്കുന്നതില്‍ നിന്നു വരുന്നതാണ് ആ അധികാരമെന്നും അതാണ് നമുക്കു ലഭിക്കാവുന്ന പരമോന്നത ബഹുമതിയെന്നും പാപ്പാ നവകര്‍ദ്ദിനാളന്മാരോടു പറഞ്ഞു.

ദൈവത്തിന്‍റെ വിശ്വസ്തരായം ജനങ്ങളിലും വിശപ്പനുഭവിക്കുന്നവനിലും വിസ്മരിക്കപ്പെട്ടവനിലും കാരാഗൃഹവാസിയിലും രോഗിയിലും പരിത്യക്തനിലും മയക്കുമരുന്നിനടിമയായിരിക്കുന്നവനിലും പ്രതീക്ഷകളും വ്യാമോഹങ്ങളോടും സഹനങ്ങളോടും മുറിവുകളോടും കൂടിയവരിലും ക്രിസ്തുവിനെ സേവിക്കുക എന്നതാണ് നമുക്കു ലഭിക്കാവുന്ന എറ്റവും വലിയ സ്ഥാനക്കയറ്റമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇപ്രകാരം മാത്രമെ ഒരു ഇടയന്‍റെ അധികാരത്തിന് സുവിശേഷത്തിന്‍റെ സ്വാദു ലഭിക്കുകയുള്ളുവെന്നും മുഴങ്ങുന്ന ചേങ്ങലയൊ  ചിലമ്പുന്ന കൈത്താളമോ ആകാതിരിക്കുയുള്ളുവെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

മറ്റുള്ളവരെക്കാള്‍ ശ്രേഷഠരാണെന്ന തോന്നല്‍ നമ്മിലാര്‍ക്കും ഉണ്ടാകരുതെന്നും ആരേയും ഉന്നതത്തില്‍ നിന്നു വീക്ഷിക്കാന്‍ ശ്രമിക്കരുതെന്നും, എന്നാല്‍ അങ്ങനെ നോക്കാവുന്ന ഒരു നിമിഷമുണ്ട്, അത് ഒരാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സമയം മാത്രമാണെന്നും പാപ്പാ പറഞ്ഞു.

പ്രഥമസ്ഥാനാന്വേഷണം അസൂയ, ഉപജാപം എന്നിവയും സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയുള്ള ക്രമീകരണങ്ങളും ധാരണകളും ഹൃദയത്തിലുള്ള ശിഷ്യരെക്കുറിച്ചു സുവിശേഷകന്‍ സൂചിപ്പിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ അവരുടെ യുക്തി പരസ്പര ബന്ധത്തെ ക്ഷയിപ്പിക്കുക മാത്രമല്ല അനാവശ്യവും ബാലിശവുമായ തര്‍ക്കങ്ങളിലേക്കും സ്വയം അടച്ചിടുന്നതിലേക്കും അവരെ നയിക്കുകയും ചെയ്യുന്നുവെന്നും ​എന്നാല്‍ തന്‍റെ ശിഷ്യര്‍ അങ്ങനെയാകരുത് എന്നാണ് യേശു ആഗ്രഹിക്കുന്നതെന്നും വിശദീകരിച്ചു.

 
All the contents on this site are copyrighted ©.