2018-06-25 12:43:00

പാപ്പായുടെ ത്രികാലജപസന്ദേശം:ദൈവത്തിന്‍റെ വിസ്മയ പ്രവര്‍ത്തനം


വേനല്‍ക്കാലമെങ്കിലും റോമില്‍ താപനിലയില്‍ അല്പമൊരു കുറവുണ്ടാകുകയും രാവിലെ ചെറുകുളിരനുഭവപ്പെടുകയും ചെയ്ത ഒരു ദിനമായിരുന്നു  ഈ ഞായറാഴ്ച (24/06/18). അന്ന് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ മലയാളികളുള്‍പ്പടെ, വിവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ സന്നിഹിതരായിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായ പാപ്പായെ ജനങ്ങള്‍ കൈയ്യടിച്ചും ആരവങ്ങളുയര്‍ത്തിയും വരവേറ്റു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(24/06/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധ സ്നാപകയോഹന്നാന്‍റെ ജനനത്തിരുന്നാള്‍ ആയിരുന്നതിനാല്‍ വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം സ്നാപകന്‍റെ ജനനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതായിരുന്നു. ലൂക്കായുടെ സുവിശേഷം 1-Ↄ○ അദ്ധ്യായം 57-66 വരെയുള്ളതും 80 വാക്യങ്ങള്‍. ഈ വാക്യങ്ങളെ അവലംബമാക്കി നടത്തിയ വിചിന്തനത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

വിശുദ്ധ സ്നാപകയോഹന്നാന്‍റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ഇന്നത്തെ ആരാധനാക്രമം നമ്മെ ക്ഷണിക്കുന്നു. സ്നാപക യോഹന്നാന്‍റെ ജനനനം അദ്ദേഹത്തിന്‍റെ  മാതാപിതാക്കളായ എലിസബത്തിന്‍റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയതും അവരുടെ ബന്ധുക്കള്‍ക്കളെയും അയല്‍വാസികളെയും വിസ്മയത്തിലാഴത്തിയതുമായ ഒരു സംഭവമായിരുന്നു. വൃദ്ധ ദമ്പതികളായിരുന്ന എലിസബത്തും സഖറിയായും ആ ദിനം സ്വപ്നം കാണുകയും ആ ദിനത്തിനായി ഒരുങ്ങുകയും ചെയ്തിരുന്നിരുന്നു. എന്നാല്‍ പ്രായമേറിയിരുന്നതിനാല്‍ അത്  സംഭവിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു. മക്കളില്ലാതിരുന്നതിനാല്‍ സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവരും അവമാനിതരും വ്യാമോഹിതരുമായി അവര്‍ സ്വയം കരുതി. ഒരു പുത്രന്‍ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അതു വിശ്വസിക്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല. കാരണം പ്രകൃതിനിയമമനുസരിച്ച് അത് അസാധ്യമായിരുന്നു. എന്തെന്നാല്‍ അവര്‍ പ്രായാധിക്യം ചെന്നവര്‍, വൃദ്ധര്‍ ആയിരുന്നു. ദൈവത്തിന്‍റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്‍റെ ജനനം വരെ അവിടന്ന് സഖറിയായെ മൂകനാക്കി. അത് ഒരു അടയാളമാണ്. നമ്മുടെ യുക്തികളെയും നമ്മുടെ മാനുഷിക പരിമിതികളെയും ആശ്രയിച്ചല്ല ദൈവത്തിന്‍റെ പ്രവര്‍ത്തനം. ദൈവത്തിന്‍റെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും ചരിത്രത്തില്‍ ആവിഷ്കൃതമാകുകയും പലപ്പോഴും നമ്മുടെ ചിന്തകളെ ഉല്ലംഘിച്ചു നില്കുകയും ചെയ്യുന്ന അവിടത്തെ പ്രവൃത്തികളെ എളിമയോടും നിശബ്ദതയോടുംകൂടി ധ്യാനിക്കാനും  നാം പഠിക്കേണ്ടിയിരിക്കുന്നു.

ആ സംഭവം ഇപ്പോള്‍ പൂര്‍ത്തിയാക്കപ്പെടുന്നു, ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് എലിസബത്തും സഖറിയായും അനുഭവിച്ചറിയുന്നു, അവര്‍ അത്യധികം ആനന്ദിക്കുന്നു. ഇന്നത്തെ സുവിശേഷത്താള്‍ സ്നാപകന്‍റെ ജനനം വിളംബരം ചെയ്യുകയും തുടര്‍ന്ന് കുഞ്ഞിന് പേരിടുന്ന ചടങ്ങിന് ഊന്നല്‍ നല്കുകയും ചെയ്യുന്നു.  കുടുംബ പാരമ്പര്യത്തിന് അന്യമായ ഒരു നാമമാണ് എലിസബത്ത് തിരഞ്ഞെടുക്കുന്നത്. “യോഹന്നാന്‍ എന്ന് വിളിക്കപ്പെടണം” എന്ന് അവള്‍ പറയുന്നു. ആ കുഞ്ഞു ദൈവത്തിന്‍റെ സൗജന്യ ദാനമാണ്. നിനച്ചിരിക്കാതെ ലഭിച്ചതാണ്. യേഹന്നാന്‍ എന്ന പേരിന്‍റെ പൊരുള്‍ “ദൈവം കൃപ നല്കിയിരിക്കുന്നു” എന്നാണ്. ഈ കുഞ്ഞ് അഗ്രദൂതനാണ്, എളിയ വിശ്വാസത്തോടെ ദൈവത്തിന്‍റെ രക്ഷ പാര്‍ത്തിരിക്കുന്ന പാവപ്പെട്ടവര്‍ക്കുള്ള  ദൈവകൃപയുടെ സാക്ഷിയാണ്. തിരഞ്ഞെടുക്കപ്പെട്ട ഈ നാമത്തിന് സഖറിയ, മൂകനായിരുന്നതിനാല്‍ ഒരു പലകയില്‍ എഴിതി, അപ്രതീക്ഷിതമായി സ്ഥിരീകരണം നല്കുന്നു. ആ നിമിഷം അദ്ദേഹത്തിന്‍റെ വായ് തുറക്കപ്പെടുകയും നാവ് സ്വതന്ത്രമാകുകയും അദ്ദേഹം ദൈവത്തെ വാഴ്ത്തി സംസാരിക്കുകയും  ചെയ്യുന്നു.

സ്നാപകയോഹന്നാന്‍റെ ജനനസംഭവം മുഴുവന്‍ സന്തോഷസംദായക വിസ്മയാത്താല്‍, ആകസ്മിതത്വത്താല്‍ കൃതജ്ഞതയാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ജനം വിശുദ്ധമായ ദൈവഭയത്തിലാണ്ടു. മലനാട്ടിലെങ്ങും ഈ സംഭവം സംസാരമവിഷയമായി. സഹോദരീ സഹോദരന്മാരേ, എളിയതും നുഗൂഢവുമെങ്കിലും ഒരു മഹാകാര്യം സംഭവിച്ചിരിക്കുന്നുവെന്ന് വിശ്വാസികളായ ജനങ്ങള്‍ക്ക് ഗ്രഹിച്ചു. അവര്‍ ചോദിക്കുന്നു: ഈ ശിശു ആരായിത്തീരും? ദൈവത്തിന്‍റെ വിശ്വസ്ത ജനത്തിന് വിശ്വാസം സന്തോഷത്തോടും വിസ്മയത്തിന്‍റെയും ആകസ്മികതയുടെയും കൃതജ്ഞതയുടെയും അരൂപിയോടും കൂടെ ജീവിക്കാന്‍ അറിയാം. യേഹന്നാന്‍റെ  ജനനമെന്ന ഈ ആത്ഭുത സംഭവത്തെക്കുറിച്ച് ജനങ്ങള്‍ സദുദ്ദേശത്തോടെ സംസാരിക്കുന്നതു നാം കാണുന്നു, സന്തോഷത്തോടെയാണ് അവരതു ചെയ്യുന്നത്. ആനന്ദഭരിതരാണ് അവര്‍. വിസ്മയത്തിന്‍റെ, ആശ്ചര്യത്തിന്‍റെ, കൃതജ്ഞതയു‌ടെ ഭാവമാണ് അവര്‍ക്കുള്ളത്. ഇതു കാണുമ്പോള്‍ നാം നമ്മോടുതന്നെ ചോദിക്കുക:  എന്‍റെ വിശ്വാസം എങ്ങനെയുള്ളതാണ്? എന്‍റെ വിശ്വാസം ആനന്ദഭരിതമാണോ, അതോ, വരസതയാര്‍ന്ന ഒരു വിശ്വാസമാണോ എന്‍റേത്? എന്നും ഒരുപോലെ തുടരുന്നതാണോ?  കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ കാണുമ്പോള്‍, സുവിശേഷവത്ക്കരണത്തെക്കുറിച്ച്, അല്ലെങ്കില്‍, ഒരു വിശുദ്ധന്‍റെ ജീവിതത്തെക്കുറിച്ച്, പറഞ്ഞുകേള്‍ക്കുമ്പോള്‍, നല്ലവരായ ജനങ്ങളെ കാണുമ്പോള്‍ എന്നില്‍ വിസ്മയ ഭാവമുണ്ടോ? ഉള്ളില്‍ കൃപയുടെ അനുരണനങ്ങളുണ്ടാകാറുണ്ടോ അതോ ഹൃദയത്തില്‍ ഒരനക്കവും സംഭവിക്കുന്നില്ലേ? പരിശൂദ്ധാരൂപിയുടെ സാന്ത്വനം അനുഭവിച്ചറിയാന്‍ എനിക്കു സാധിക്കുന്നുണ്ടോ അതോ ഞാന്‍ എന്നെത്തന്നെ അടച്ചിട്ടിരിക്കുകയാണോ? നമുക്കു സ്വയം ചോദിക്കാം, നാം ഒരോരുത്തരും ആത്മശോധന നടത്തണം. എന്‍റെ വിശ്വാസം എങ്ങനെയുള്ളതാണ്? ആന്ദമുളവാക്കുന്നതാണോ? ദൈവത്തിന്‍റെ വിസ്മയ പ്രവൃര്‍ത്തികളോടു തുറവുള്ളതാണോ? എന്തെന്നാല്‍ ദൈവം വിസ്മയങ്ങളുടെ ദൈവമാണ്. ദൈവത്തിന്‍റെ  സാന്നിധ്യം ആത്മാവിലുളമാക്കുന്ന വിസ്മയത്തിന്‍റെ ചൈതന്യം, കൃതജ്ഞതയുടെ പൊരുള്‍ ഞാന്‍ രുചിച്ചറിഞ്ഞിട്ടുണ്ടോ? വിശ്വാസത്തെ ജീവസുറ്റതാക്കുന്ന ഈ വാക്കുകളെക്കുറിച്ച് നമുക്കു ചിന്തിക്കാം: ആനന്ദം, വിസ്മയത്തെയും ആകസ്മികതയെയും കൃതജ്ഞതയെയും കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് ചിന്തിക്കാം.

ജീവന്‍റെ ഉറവിടമായ ദൈവത്തിന്‍റെ മുദ്ര ഒരോ മനുഷ്യവ്യക്തിയിലും പതിഞ്ഞിരിക്കുന്നുവെന്ന് ഗ്രഹിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. ഒരു കുഞ്ഞിനു ജന്മമേകുമ്പോള്‍ മാതാപിതാക്കള്‍ ദൈവത്തിന്‍റെ സഹകാരികളായി വര്‍ത്തിക്കയാണെന്ന അവബോധം ദൈവത്തിന്‍റെയും നമ്മുടെയും അമ്മയായ അവള്‍ നമ്മില്‍ എന്നും ഉപരിയുപരി ഉളവാക്കട്ടെ. ഓരോ കുടുംബത്തെയും ജീവന്‍റെ  ശ്രീകോവിലാക്കി മാറ്റുന്ന അത്യുദാത്ത ദൗത്യമാണ് സത്യത്തില്‍ അത്. ഒരോ കുഞ്ഞിന്‍റെയും ജനനം ആനന്ദവും വിസ്മയവും കൃതജ്ഞതാ ഭാവവും ഉണര്‍ത്തുന്നു.       

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

 ആശീര്‍വ്വാദാനന്തരം, ഫ്രാന്‍സീസ് പാപ്പാ പരഗ്വായിലെ അസുന്‍ത്സിയോനില്‍ കൗദാശിക യേശുവിന്‍റെ മരിയ ഫെലീച്ച ശനിയാഴ്ച (23/06/18) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു. നിഷ്പാദുക കര്‍മ്മിലീത്താ സന്ന്യാസിനിയും ആ കാലഘട്ടത്തില്‍ ആദ്യം മരിയ ഫെലീച്ച ഗുജ്ജാരി എച്ചെവെറീയ എന്ന് അറിയപ്പെ‌ട്ടിരുന്നവളും ആയിരുന്ന നവവാഴ്ത്തപ്പെട്ടവള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ  പൂര്‍വ്വാര്‍ദ്ധത്തിലാണ് ജീവിച്ചിരുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

കത്തോലിക്കാ പ്രവര്‍ത്തനത്തില്‍ അംഗമായിരുന്ന അവള്‍ വൃദ്ധജനത്തെയും രോഗികളെയും കാരാഗൃഹവാസികളെയും പരിചരിക്കുന്നതില്‍ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ദിവ്യകാരുണ്യത്തില്‍ നിന്ന് ശക്തിയാര്‍ജ്ജിച്ച് അതിനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു; അവള്‍ കര്‍ത്താവിന് സ്വയം സമര്‍പ്പിച്ചു, പാപ്പാ അനുസ്മരിച്ചു. തനിക്കു പിടിപെട്ട രോഗത്തെ ശാന്തതയോ‌ടെ സ്വീകരിച്ച് 34-Ↄമത്തെ വയസ്സില്‍ മരണമടഞ്ഞ ഈ യുവ നവവാഴ്ത്തപ്പെട്ടവളുടെ സാക്ഷ്യം ഉദാരതയോടും സൗമ്യതയോടും സന്തോഷത്തോടും കൂടെ ജീവിക്കുന്നതിന് യുവജനത്തിന്, വിശഷ്യ, പരഗ്വായിലെ യുവജനങ്ങള്‍ക്ക് ഒരു ക്ഷണമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.    

തദ്ദനന്തരം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ അവസാനം എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി (arrivederci) അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി. 








All the contents on this site are copyrighted ©.