2018-06-23 13:30:00

യേശുക്രിസ്തുവിന്‍റെ സുവിശേഷം ജീവിക്കുക-പാപ്പാ


ഇന്ന് ആഫ്രിക്ക, സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന, ജെറുസലേമില്‍ നിന്ന് ജെറീക്കൊയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ കവര്‍ച്ചക്കാരാല്‍ അക്രമിക്കപ്പെടുകയും വിവസ്ത്രനാക്കപ്പെട്ട് അര്‍ദ്ധപ്രാണനായി ഉപേക്ഷിക്കപ്പെടുകയും ചെയ്ത മനുഷ്യന് സമാനമാണെന്ന് മാര്‍പ്പാപ്പാ.

ആഫ്രിക്കയില്‍ സ്ഥാപിതമായ സ്വതന്ത്രസഭകളുടെ സംഘടനയുടെ, ഒ.എ.ഐ.സിയുടെ (OAIC) പതിനൊന്നംഗ പ്രതിനിധി സംഘത്തിന് ശനിയാഴ്ച (23/06/2018 ) വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ നാനാവിധത്തിലുള്ള ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കാഭുഖണ്ഡത്തെ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം, 30-37 വരെയുള്ള വാക്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കവര്‍ച്ചചെയ്യപ്പെട്ട മനുഷ്യനോട് തുലനം ചെയ്തിരിക്കുന്നത്.

ദരിദ്രരുടെ ഹതാശയ്ക്കും, യുവജനത്തിന്‍റെ മോഹഭംഗത്തിനും വൃദ്ധജനത്തിന്‍റെയും യാതനകളനുഭവിക്കുന്നവരുടെയും രോദനത്തിനും  എതിരെ യേശുക്രിസ്തുവിന്‍റെ  സുവിശേഷം സംവേദനം ചെയ്യുകയും ജീവിക്കുകയും ചെയ്തുകൊണ്ട് ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് ക്രിസ്തീയ സന്ദേശത്തിന്‍റെ പൊരുള്‍ മനസ്സിലാക്കിക്കൊടുക്കേണ്ടതിന്‍റെ  അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടി.

പൊതുനന്മോന്മുഖമായി ക്രൈസ്തവര്‍ സംഘാതമായി യത്നിക്കേണ്ടത് പൂര്‍വ്വോപരി ആവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ആഫ്രിക്കയില്‍ അനേകം നാടുകള്‍ സമാധാനത്തിലും സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ പുരോഗതിയിലും നിന്ന് അകലെയാണെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

സംഘര്‍ഷവേദികളില്‍ സമാധാനപ്രകിയ പരിപോഷിപ്പിക്കകുകയെന്ന പൊതുവായ ദൗത്യവും ആവശ്യത്തിലിരിക്കുന്നവരോടു സമൂര്‍ത്തമായ ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കേണ്ടതും അടിയന്തിരമാണെന്ന് പാപ്പാ പറ‍ഞ്ഞു.

ആഫ്രിക്കയിലെ ജനങ്ങളുടെ അഗാധമായ മതാവബോധത്തെ, അവര്‍ക്ക് സ്രഷ്ടാവായ ദൈവത്തിന്‍റെയും ആദ്ധ്യാത്മിക ലോകത്തിന്‍റെയും അസ്തിത്വത്തെക്കുറിച്ച് ഉള്ള അവബോധത്തെക്കുറിച്ച് പാപ്പാ സംതൃപ്തി രേഖപ്പെടുത്തി.

 

 








All the contents on this site are copyrighted ©.