2018-06-22 13:29:00

പ്രവാചകസാന്നിധ്യം വീണ്ടും കണ്ടെത്തുക-പാപ്പാ പൗരസ്ത്യസഭകളോട്


പൗരസ്ത്യ കത്തോലിക്കാ സഭകള്‍ പന്തക്കൂസ്താഗ്നിയുടെ സ്ഫുലിംഗങ്ങള്‍ നിലനിര്‍ത്താനും വ്യാപിക്കാനും സവിശേഷമാം വിധം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു മാര്‍പ്പാപ്പാ.

പൗരസ്ത്യകത്തോലിക്കാസഭകള്‍ക്ക് സഹായമേകുന്ന വിവിധ സംഘടനകളുടെ സമിതി, റൊവാക്കൊ (R.O.A.C.O)യുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ സംബന്ധിച്ച നൂറോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (22/06/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇക്കൊല്ലം ഈ സംഘടനയുടെ സ്ഥാപനത്തിന്‍റെ സുവര്‍ണ്ണജൂബിലിയാണെന്നതും അനുസ്മരിച്ച പാപ്പാ പൗരസ്ത്യസഭകളോടു കാട്ടുന്ന സമൂര്‍ത്തമായ ഐക്യദാര്‍ഢ്യം  വചനപ്രവൃത്തികള്‍കൊണ്ട് സുവിശേഷം പ്രഘോഷിക്കുന്ന ക്രിസ്തുവിന്‍റെ സഭയുടെ വദനത്തെ അനാവരണം ചെയ്യുന്നുവെന്നും മനുഷ്യരുടെ കാര്യത്തിലുള്ള ദൈവത്തിന്‍റെ  ഉപവിയെ സന്നിഹിതമാക്കിത്തീര്‍ക്കുന്നുവെന്നും പറഞ്ഞു.

പൗരസ്ത്യ സഭകള്‍ കിഴക്കെ യൂറോപ്പിലും മദ്ധ്യപൂര്‍വ്വദേശത്തുമൊക്കെ സ്വേച്ഛാധിപത്യ സര്‍ക്കാരുകളുടെ പീഢനങ്ങളാലും മൗലികവാദങ്ങളാലും സംഘര്‍ഷങ്ങളാലും പരീക്ഷിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

എവിടെ തീര്‍ത്ഥാടകയായിരിക്കുന്നുവൊ അവിടെ സ്വന്തം പ്രവാചകസാന്നിധ്യം അനുദിനം വീണ്ടും കണ്ടെത്തുകയെന്ന വിളിയും പൗരസ്ത്യകത്തോലിക്കാ സഭകള്‍ക്കുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു








All the contents on this site are copyrighted ©.