2018-06-22 13:41:00

ക്രിസ്തുവിനോടുള്ള സ്നേഹം നവീകരണ ശക്തി, പാപ്പാ ദൈവവചന സഭയോട്


ക്രിസ്തുവിനോടുള്ള സ്നേഹമാണ്, പുറത്തിറങ്ങി സുവിശേഷം പ്രഘോഷിക്കുന്നതിന് ആവശ്യമായ വൈക്തികവും സമൂഹപരവുമായ നവീകരണത്തിനുള്ള, ശക്തിയെന്ന് മാര്‍പ്പാപ്പാ.

ദൈവവചന സഭയുടെ പൊതുസംഘത്തില്‍ (ജനറല്‍ ചാപ്റ്ററില്‍) പങ്കെടുത്ത 150 ലേറെപ്പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (22/06/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.‌

ഇങ്ങനെ സുവിശേഷം പ്രഘോഷിക്കണമെങ്കില്‍ വേരുകള്‍ കണ്ടെത്തണമെന്നും സ്വന്തം സമൂഹങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ജീവരസം ഏതാണെന്ന് മനസ്സിലാക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

“സുവിശേഷം പ്രഘോഷിച്ചില്ലെങ്കില്‍ എനിക്കു ദുരിതം” എന്ന പൗലോസപ്പസ്തോലന്‍റെ  വാക്കുകള്‍,  സുവിശേഷ പ്രഘോഷണം ദൈവവചന സഭയുടെ സിദ്ധിയാകയാല്‍, ഓരോ അംഗത്തിന്‍റെയും ഹൃദയത്തില്‍ അണയാത്ത അഗ്നിയായി ജ്വലിക്കണമെന്ന് പാപ്പാ പറഞ്ഞു.

ദൈവവചനത്തില്‍ നങ്കൂരമിട്ട്, അതില്‍ വേരുറപ്പിച്ച് മുന്നോട്ടു പോകുകയാണെങ്കില്‍, ദൈവവചനം ജീവിതത്തിന്‍റെ അടിസ്ഥാനമായി സ്വീകരിക്കുകയാണെങ്കില്‍ ദൈവവചന സഭയിലെ ഓരോ അംഗവും യഥാര്‍ത്ഥ പ്രേഷിതനായി ഭവിക്കുമെന്നു പാപ്പാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.