2018-06-21 19:27:00

ദൈവാരൂപിയുടെ പ്രേരണയും ഐക്യത്തിന്‍റെ പാതയും


WCC ജനീവ കേന്ദ്രത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനചിന്ത :
സഭകള്‍ക്ക് ഒരുമയില്‍ ജീവിക്കാനാകണമെങ്കില്‍ ദൈവാരൂപിയുടെ സഹായം അനിവാര്യമാണെന്ന് ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വ്യാഴാഴ്ച ജൂണ്‍ 21-ന് രാവിലെ ജനീവയിലുള്ള ആഗോളസഭൈക്യ കൂട്ടായ്മയുടെ കേന്ദ്രത്തിലെ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥന സംഗമത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പ്രസ്ഥാനത്തിന്‍റെ ജനറല്‍ സെക്രട്ടറി, ഉലാവ് ഫിക്സേയുടെ സ്വാഗതാശംസയെ തുടര്‍ന്ന്, അനുതാപശുശ്രൂഷ, അനുരഞ്ജന ഗാനാലാപനം, വചനപാരായണം... എന്നിവ നടന്നു. ഗലാത്തിയര്‍ക്ക് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ള വായനയായിരുന്നു. തുടര്‍ന്ന് സഭൈക്യകൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്തു.

1. അരൂപിയുടെ പ്രേരണയിലെ ജീവിതയാത്ര
ജീവിതം ഒരു യാത്രയാണ്. വ്യക്തികള്‍ അവരവരുടെ വഴിക്കും ലക്ഷ്യങ്ങളിലേയ്ക്കുമാണ് നടക്കുന്നത്. എന്നാല്‍ ഒരുമിച്ചു നടക്കണമെങ്കിലും, നന്മയുടെ ഓരേ ദൗത്യത്തില്‍ പങ്കുചേര്‍ന്നു ജീവിക്കണമെങ്കിലും “ദൈവാരൂപിയുടെ പ്രേരണയില്‍ വ്യാപരിക്കണമെന്ന്” വിശുദ്ധ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തീയ ജീവിതം ജ്ഞാനസ്നാനത്തില്‍ ലഭിച്ച ആരൂപിയുടെ പ്രേരണയാല്‍ നന്മയുടെ പാതിയില്‍ പതറാതെ ചരിക്കേണ്ട അനിവാര്യമായ ഒരു യാത്രായാണ്. അല്ലെങ്കില്‍ നാം “ഭൗതികതയുടെ പാതയില്‍ ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തി ജീവിക്കാന്‍ ഇടവരുമെന്ന്” പാപ്പാ ചൂണ്ടിക്കാട്ടി  (ഗലാത്തി 5,16). ജഡീകമായ യാത്രയെ ലക്ഷ്യം നഷ്ടപ്പെട്ട ദയനീയമായ പരാജയത്തിന്‍റെ പ്രയാണമെന്ന് പ്രഭാഷണത്തില്‍ പാപ്പാ വിശേഷിപ്പിച്ചു.

2. വളരുന്ന നിസംഗതയും വലിച്ചെറിയല്‍ സംസ്ക്കാരവും
ഭൗതിക വസ്തുക്കള്‍ക്കും സമ്പത്തിനുമുള്ള മനുഷ്യന്‍റെ ആര്‍ത്തിയാണ് നിസംഗരും സ്വാര്‍ത്ഥരുമായ വലിയ സാമൂഹങ്ങളെ ലോകത്ത് ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവരാണ് നിര്‍ദ്ദേഷികളെ പീഡിപ്പിക്കുന്നത്. അവരാണ് വയോജനങ്ങളെയും കുഞ്ഞുങ്ങളെയും വലിച്ചെറിയുന്നത്. അങ്ങനെ സൃഷ്ടിയുടെ പരമലക്ഷ്യം നഷ്ടമായി, അത് അത് മനുഷ്യന്‍റെ സ്വാര്‍ത്ഥമോഹങ്ങള്‍ക്കുള്ള വേദിയായി മലീമസമാക്കപ്പെടുന്നു. ജീവിതയാത്രയില്‍ ഭൂമി നമ്മുടെ പൊതുഭവനം എന്ന ഭവ്യമായ കാഴ്ചപ്പാടുതന്നെ നഷ്ടപ്പെടുന്നു. അതിനാല്‍ ഇനിയും ഭൂമിയില്‍ കൂട്ടായ്മയില്‍ ചരിക്കാന്‍ സാധിക്കണമെങ്കില്‍ മനുഷ്യമനസ്സുകളിലും കുടുംബങ്ങളിലും സഭാകൂട്ടായ്മകളിലും സമൂഹങ്ങളിലും മാനസാന്തരത്തിന്‍റെ അരൂപിയും നവീകരണത്തിനുള്ള സന്നദ്ധതയും അനിവാര്യമാണ്.

3. വഭാഗീയതകള്‍ മറന്ന കൂട്ടായ്മ
70 വര്‍ഷങ്ങള്‍ക്കുമുന്‍പ് പിറവിയെടുത്ത സഭകളുടെ ആഗോള കൂട്ടായ്മ മാനവകുലത്തിന് വലിയ സംഭാവനയും മാതൃകയുമാണ്. അത് ദൈവാരൂപിയുടെ കൃപനല്കിയ വലിയ സമ്മാനമാണെന്ന് (cf. Unitatis Redentregatio, 1) പാപ്പാ വിശേഷിപ്പിച്ചു. കേപ്പായുടേതാണ്, അപ്പോളോയുടേതാണെന്ന് പറയും മുന്‍പേ നാം ക്രിസ്തിവിനുള്ളവരാണ് (1കൊറി. 1,12). യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ പറയുംമുന്‍പേ നാം ക്രിസ്തുവിനുള്ളവരാണ് (ഗലാത്തി. 3,28). ഇടതുപക്ഷക്കാരനെന്നോ വലതുപക്ഷക്കാരനെന്നോ വകതിരിവു പറയുംമുന്‍പേ നാം ക്രിസ്തുവിനുള്ളവരാണ്. സുവിശേഷത്തെപ്രതി നാം സഹോദരങ്ങളാണ്. ഇവിടെയുണ്ടാകുന്നത് സുവിശേഷത്തെപ്രിതിയുള്ള, അല്ലെങ്കില്‍ സുവിശേഷശൈലിയിലെ മൗലികമായൊരു നഷ്ടപ്പെടലാണ്. അതിനാല്‍ “സ്വയം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവന് അത് നഷ്ടമാകും, ക്രിസ്തുവിനെപ്രതി സ്നേഹത്തില്‍ അത് സമര്‍പ്പിക്കുന്നവന് അത് നേട്ടമാകും...” (ലൂക്ക 9,24). മറ്റുള്ളവരെ ശുശ്രൂഷിക്കുന്ന മനോഭാവം ക്രിസ്തുവിന്‍റേതാണ്, അത് സുവിശേഷത്തിന്‍റെയും അത് ഉത്ഥിതത്തിന്‍റെയുമാണ്. അത് ദൈവകൃപയിലുള്ള ഫലമണിയലാണ്!   നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഭാഗീയതകള്‍ കൈവെ‌ടിയുക, അല്ലെങ്കില്‍ വസ്തുതകള്‍ മറക്കുക, ക്ഷമിക്കുക എളുപ്പമല്ല. അല്ലെങ്കില്‍ അവ ക്ഷമിച്ച് കൂട്ടായ്മ വളര്‍ത്തുക, ഒരുമിച്ചു നടക്കുക ഏറെ ശ്രമകരമാണ്. അപ്പസ്തോല മനസ്സ് ക്രിസ്തുവിനോടു ചേര്‍ന്നിരിക്കാനാണ്. വിഭാഗതീയതയുടെ മനസ്സ്, അവസാനംവരെ സ്വാര്‍ത്ഥതാല്പര്യത്തില്‍ മുഴുകിയിരുന്ന യൂദാസിന്‍റേതുമാണ്.

4. ഐക്യത്തിന്‍റെ പാതയും ദൈവേഷ്ടവും
നമ്മുടെ കാലടികളെ ദൈവാരൂപിതന്നെ നയിക്കട്ടെ! നമ്മെ കൂട്ടായ്മയില്‍ ശക്തിപ്പെടുത്തണമേ, എന്നു പ്രാര്‍ത്ഥിക്കാം. യാത്രയുടെ തുടക്കം മുതലേ നമ്മുക്ക് ക്ഷീണമുണ്ട്, ചൈതന്യം നഷ്ടപ്പെട്ടിട്ടുണ്ട്. നമ്മില്‍ സ്വാര്‍ത്ഥത കടന്നുകൂടിയിട്ടുണ്ട്. വ്യത്യാസങ്ങള്‍ ഒഴിവുകഴിവുകളാക്കരുത്. നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം, സുവിശേഷം പ്രഘോഷിക്കാം, സഹോദരങ്ങള്‍ക്ക് നന്മചെയ്യാം! ഇതാണ് ദൈവേഷ്ടം! ഒരുമിച്ച് നടക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ദൈവത്തിന് ഇഷ്ടമാണ്. ഈ കൂട്ടായ്മയുടെ വഴിയിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് ഐക്യത്തിന്‍റെ പാതയാണ്. അത് കൂട്ടായ്മയിലേയ്ക്കും സമാധാനത്തിലേയ്ക്കും നമ്മെ നയിക്കും. ഇന്നത്തെ കീറിമുറിക്കപ്പെട്ട ലോകവും അതിലെ വ്രണിതാക്കളായ ബഹുഭൂരിപക്ഷം നിര്‍ദ്ദോഷികളും പാവങ്ങളും പാര്‍ശ്വത്ക്കരിക്കപ്പെട്ടവരും നമ്മോടു ഐക്യത്തിനുവേണ്ടിയാണ്.യാചിക്കുന്നത്.

5. നമ്മെ ഒന്നിപ്പിക്കുന്ന ക്രിസ്തുവിന്‍റെ കുരിശ്
താന്‍ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്.  ഈ യാത്രയില്‍ സഭൈക്യകൂട്ടായ്മയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. കാരണം, നിങ്ങള്‍ ഐക്യത്തിന്‍റെ പാതയില്‍ ചരിക്കുന്നവരും ജീവിക്കുന്നവരുമാണ്. നമുക്ക് ഇനി ഒരുമിച്ചു നടക്കാം...! കൂട്ടായ്മയുടെ അനുഗ്രഹത്തിനായി ഇനിയും അരൂപിയോടു പ്രാര്‍ത്ഥിക്കാം. ക്രിസ്തുവിന്‍റെ കുരിശ് നമ്മുടെ പാതങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാവട്ടെ! വിഭാഗീയതയുടെയും ശത്രുതയുടെയും ഭിത്തികളെ ക്രിസ്തുവാണ് തകര്‍ത്തത്. അവിടുത്തെ സ്നേഹത്തില്‍നിന്നും ഒന്നും നമ്മെ വേര്‍തിരിക്കാതിരിക്കട്ടെ! (റോമ. 8, 35-39). ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പാ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചു.








All the contents on this site are copyrighted ©.