2018-06-19 18:51:00

കുടിയേറ്റം – മാനവവീക്ഷണം വിശാലമാക്കുന്ന പ്രതിഭാസം


കുടിയേറ്റത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി :

മാനവികതയുടെ വീക്ഷണം വിശാലമാക്കുന്ന പ്രക്രിയായാണ് കുടിയേറ്റമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ജൂണ്‍ 14-Ɔο തിയതി വ്യാഴാഴ്ച മെക്സിക്കോയില്‍ പരിശുദ്ധ സിംഹാസനം സംഘടിപ്പിച്ച കുടിയേറ്റക്കാരെ സംബന്ധിച്ച ചര്‍ച്ചാസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രതികരിച്ചത്.

രാഷ്ട്രങ്ങളിലേയ്ക്കുള്ള സുരക്ഷിതവും ക്രമീകൃതവുമായ കുടിയേറ്റം നാടിനെ സമ്പന്നമാക്കും. ഹ്രസ്വവും കാലദൈര്‍ഘ്യമുള്ളതും അന്തര്‍മുഖത വളര്‍ത്തുന്നതുമായ മാറ്റങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കുടിയേറ്റത്തിന് കഴിവുണ്ട്. കുടിയേറ്റക്കാരെ “സ്വീകരിക്കാനും സംരക്ഷിക്കാനും വളര്‍ത്താനും ഉള്‍ച്ചേര്‍ക്കാനും…” സാധിക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ മൗലികമായ പ്രമാണം (Welcoming, Protecting, promoting and integrating) ഇത് ലോകത്ത് കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്താന്‍ പോരുന്ന അടിസ്ഥാന ആദര്‍ശമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവര്‍ പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് ദ്വിദിന ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്തു. കുടിയേറ്റ നയങ്ങളെ വിവിധ രാഷ്ട്രത്തലവന്മാര്‍ സംശയദൃഷ്ടിയോടെ കാണുന്ന കാലത്ത് മെക്സിക്കോ പ്രഖ്യാപിച്ച കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളുന്ന ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും തുറവുള്ള മനോഭാവത്തെ കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ പ്രഭാഷണത്തില്‍ ശ്ലാഘിക്കുകയും മനുഷ്യനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നയങ്ങള്‍ ഇന്നിന്‍റെ ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുകയുംചെയ്തു.








All the contents on this site are copyrighted ©.