2018-06-19 12:36:00

ശത്രുക്കളെ സ്നേഹിക്കുകയെന്ന വെല്ലുവിളി-പാപ്പായുടെ വചനസമീക്ഷ


ശത്രുക്കളെ സ്നേഹിക്കുകയും തങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയുമാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂര്‍ണ്ണരായിരിക്കുന്നതിന് ക്രൈസ്തവര്‍ അനുവര്‍ത്തിക്കേണ്ട രഹസ്യം എന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച(12/06/18) രാവിലെ അര്‍പ്പിച്ച ദിവ്യബി മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം, അദ്ധ്യായം 5, 43 മുതല്‍ 48 വരെയുള്ള വാക്യങ്ങള്‍  വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നമ്മുടെ ശത്രുക്കളെ അനുഗ്രഹിക്കുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവരെ സ്നേഹിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക ക്രൈസതവനുള്ള വെല്ലുവിളിയാണെന്ന് പാപ്പാ വിശദീകരിച്ചു.

ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും പൊറുക്കണമേ എന്ന് കര്‍ത്തൃപ്രാര്‍ത്ഥനയില്‍ അനുദിനം നാം അപേക്ഷിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ  നാം ശത്രുക്കളോടു പൊറുക്കേണ്ടതും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതും, അത്ര എളുപ്പമല്ല എന്നിരുന്നാലും, നാം പാലിക്കേണ്ട വ്യവസ്ഥയാണ് എന്ന് ഓര്‍മ്മിപ്പിച്ചു.

നമ്മെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കുന്നതിനായി എന്തിനു പ്രാര്‍ത്ഥിക്കണം എന്നത് മനസ്സിലാക്കാന്‍ ഏറെ പ്രയാസമാണ്.... യേശുവിന്‍റെ ഈ “ദുഷ്കര യുക്തി” തന്നെ കുരിശില്‍ തറച്ചു കൊല്ലുകയായിരുന്നവര്‍ക്കായി അവിടന്നു നടത്തിയ പ്രാര്‍ത്ഥനയിലും അവരെ നീതികരിക്കുന്നതിലും അടങ്ങിയിരിക്കുന്നു. അവിടന്നു പ്രാര്‍ത്ഥിച്ചു: “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു പൊറുക്കേണമെ” എ​ന്ന്.- പാപ്പാ പറഞ്ഞു.

ക്രൈസ്തവരെന്ന ഒറ്റക്കാരണത്താല്‍ സൈബീരിയയിലെ കൊടും തണുപ്പില്‍ മരിക്കാന്‍ അയക്കപ്പെട്ട റഷ്യക്കാരായ ക്രൈസ്തവര്‍, തങ്ങളെ ആ മരണത്തിലേക്കയച്ച ഭരണാധികാരിക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ടതും, പോളണ്ടിലെ ഓഷ്വിറ്റ്സിലും ഇതര നാസി തടങ്കല്‍ പാളയങ്ങളിലും കിടന്നവര്‍ തങ്ങളുടെ വംശത്തെ ഇല്ലാതാക്കുകയും കൊല്ലുകയുമായിരുന്ന സ്വേച്ഛാധിപതിക്കായി പ്രാര്‍ത്ഥിക്കേണ്ടിവന്നതും പാപ്പാ, പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍ തന്നെ വധിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിച്ചതും പാപ്പാ അനുസ്മരിച്ചു.

നമുക്കും ശത്രുക്കളുണ്ടാകാം, നമുക്കു ദോഷം വരുത്തുന്നതിനു ശ്രമിക്കുന്നവരുണ്ടാകാം അവരെ ഓര്‍ക്കുന്നത് നല്ലതാണ്. പാപ്പാ പറഞ്ഞു. ഇത്തരക്കാരോടു രണ്ടു രീതിയില്‍ പ്രതികരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ പ്രതികരണരീതികളില്‍ ഒന്ന് മാഫിയ ശൈലിയാണെന്നും, “നിന്നോടു കണക്കു ചോദിച്ചോളാം” എന്നു പറയുന്ന താണ് മാഫിയ ശൈലിയിലുള്ള ഈ പ്രാര്‍ത്ഥനയെന്നും, മറിച്ച് ക്രിസ്തീയ പ്രാര്‍ത്ഥനയാകട്ടെ, “കര്‍ത്താവേ ആ ശത്രുവിനെ അനുഗ്രഹിക്കണമേ, അവനെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിക്കണമേ” എന്നായിരിക്കുമെന്നും വിശദീകരിച്ചു.
All the contents on this site are copyrighted ©.