2018-06-19 12:56:00

മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്‍റെ പ്രവര്‍ത്തന രേഖ


മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണപൊതുയോഗത്തിന്‍റെ പ്രവര്‍ത്തനരേഖ അഥവാ, “ഇന്‍സ്ത്രുമെന്തൂം ലബോരിസ്”(INSTRUMENTUM LABORIS) ചൊവ്വാഴ്ച (19/06/18) പ്രകാശിതമായി.

വത്തിക്കാനില്‍, പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയകാര്യാലയത്തില്‍ (പ്രസ്സ് ഓഫീസില്‍) പ്രാദേശികസമയം രാവിലെ പതിനൊന്നു മണിക്ക് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഈ രേഖയുടെ ഉള്ളടക്കം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി സംക്ഷേപിക്കപ്പെട്ടു.

മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി, ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ, പതിനഞ്ചാം സിനഡുസമ്മേളനത്തിന്‍റെ  പ്രത്യേക കാര്യദര്‍ശിമാരായ, ഈശോസഭാവൈദികന്‍ ജാക്കൊമൊ കോസ്ത, സേലേഷ്യന്‍ വൈദികന്‍ റൊസ്സാനൊ സാല എന്നിവര്‍ ഈ പത്രസമ്മേളനത്തില്‍ സംസാരിച്ചു.

ഇക്കൊല്ലം ഒക്ടോബര്‍ 3 മുതല്‍ 28 വരെ (3-28/10/18) വരെയായിരിക്കും വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനം “യുവജനവും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്ന വിചിന്തന പ്രമേയമാണ് യുവജനത്തെ അധികരിച്ചുള്ള ഈ സിനഡുസമ്മേളനത്തിന് ഫ്രാന്‍സീസ് പാപ്പാ തിര‍ഞ്ഞെടുത്തിരിക്കുന്നത്.

ഈ സിനഡുയോഗത്തിന്‍റെ കര്‍മ്മരേഖ ആമുഖത്തിനും സമാപനത്തിനും പുറമെ 3 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഒന്നാം ഭാഗം, യഥാക്രമം, ഇന്ന് യുവജനങ്ങള്‍ ആയിരിക്കുക, അനുഭവങ്ങളും ശൈലികളും, വലിച്ചെറിയല്‍ സംസ്കാരത്തില്‍, മാനുഷികങ്ങളും സാസ്ക്കാരികങ്ങളുമായ വെല്ലുവിളികള്‍, യുവജനത്തെ ശ്രവിക്കല്‍ എന്നീ 5 അദ്ധ്യായങ്ങള്‍ അടങ്ങിയതാണ്.

രണ്ടാം ഭാഗത്ത നാല് അദ്ധ്യായങ്ങളാണുള്ളത്. അനുഗ്രഹീതമായ യുവത്വം, വിശ്വാസ വെളിച്ചത്തിലുള്ള വിളി, ദൈവവിളി തിരിച്ചറിയലിന്‍റെ ബലതന്ത്രം, തുണയേകലിന്‍റെ  കല എന്നീ ശീര്‍ഷകങ്ങളിലുള്ളതാണ് ഈ അദ്ധ്യായങ്ങള്‍ യഥാക്രമം.

മൂന്നാം ഭാഗവും 4 അദ്ധ്യായങ്ങള്‍ അടങ്ങിയതാണ്. ഒരു സമഗ്രവീക്ഷണം, അനുദിനജീവിത ഘടനയില്‍ ഉള്‍ച്ചേരല്‍, സുവിശേഷവത്കൃതവും സുവിശേഷവത്ക്കരിക്കുന്നതുമായ ഒരു സമൂഹം, അജപാലനത്തിന്‍റെ ജീവസഞ്ചരണവും  ചിട്ടപ്പെടുത്തലും എന്നീ അദ്ധ്യായങ്ങളാണ് ഇതിലുള്ളത്.

ലോക ജനസംഖ്യയുടെ നാലിലൊന്ന്, അതായത് 180 കോടിയോളം പേര്‍ 16 നും 29 നും മദ്ധ്യേ പ്രായമുള്ളവരാണെന്ന് അനുസ്മരിക്കുന്ന ഈ പ്രവര്‍ത്തനരേഖയുടെ ആമുഖം യുവജനപരിപാലനം സഭയുടെ ഐച്ഛിക ദൗത്യമല്ല, പ്രത്യുത, ചരിത്രത്തില്‍ സഭയുടെ വിളിയുടെയും ദൗത്യത്തിന്‍റെയും സത്താപരമായ ഭാഗമാണ് എന്ന് ഈ സിനഡുയോഗത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് വ്യക്തമാക്കിയിരിക്കുന്നു.

 

 

 
All the contents on this site are copyrighted ©.