2018-06-18 12:51:00

വിത്തും ദൈവരാജ്യവും-പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ വിചിന്തനം


റോമില്‍ താപമാപനിയില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നദിനമായിരുന്ന ഈ ഞായറാഴ്ച (17/06/18) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിനും വിശ്വാസികള്‍ സന്നിഹിതരായിരുന്നു. സൂര്യതാപത്തില്‍ നിന്ന് രക്ഷനേടുന്നതിന്  കുടകള്‍ ചൂടിയും തൊപ്പിയണിഞ്ഞും നിലകൊണ്ടിരുന്നവര്‍ നിരവധിയായിരുന്നു. ചിലരാകട്ടെ ചത്വരത്തിലെ സ്തംഭാവലിക്കിടയില്‍ തണലില്‍ അഭയം തേടിയിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിച്ചും ആരവങ്ങളുയര്‍ത്തിയും  പാപ്പായെ വരവേറ്റു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(17/06/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, വിത്തിന്‍റെയും കടുകുമണിയുടെയും ഉപമകള്‍ അടങ്ങിയ, മര്‍ക്കോസിന്‍റെ സുവിശേഷം 4-Ↄ○ അദ്ധ്യായം 26-34 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. 

പാപ്പായുടെ പ്രഭാഷണം:          

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഇന്നത്തെ സുവിശേഷത്തില്‍ യേശു ദൈവരാജ്യത്തെക്കുറിച്ചും വളര്‍ച്ചയുടെ ബലതന്ത്രത്തെക്കുറിച്ചും രണ്ടു ചെറിയ ഉപമകളിലൂടെ ജനസഞ്ചയത്തോടു സംസാരിക്കുന്നു.

മര്‍ക്കോസിന്‍റെ സുവിശേഷം  നാലാം അദ്ധ്യായത്തിലെ 26-29 വരെയുള്ള വാക്യങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന  ഒന്നാമത്തെ ഉപമ ദൈവരാജ്യത്തെ വിത്തിന്‍റെ നിഗുഢമായ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുന്നു. മണ്ണിലെറിയപ്പെട്ട ഈ വിത്ത് മുളപൊട്ടുകയും വളരുകയും കര്‍ഷകന്‍ ഏകുന്ന പരിചരണയില്‍ ആശ്രയിക്കാതെ തന്നെ ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഫലം പാകമാകുമ്പോള്‍ കര്‍ഷകന്‍ വിളവെടുപ്പു നടത്തുന്നു. ഈ ഉപമ നമുക്കേകുന്ന സന്ദേശം ഇതാണ്: യേശുവിന്‍റെ പ്രസംഗവും പ്രവര്‍ത്തനവും വഴി പ്രഘോഷിക്കപ്പെട്ട ദൈവരാജ്യ ലോകത്തിന്‍റെ വയലില്‍ പിളര്‍പ്പുണ്ടാക്കി. അത്, നിലത്തു വീണ വിത്ത് മാനുഷികമായി വിശദീകരിക്കാനാകത്ത മാനദണ്ഡങ്ങള്‍ക്കനുസൃതം തനിയെ മുളപൊട്ടുകയും വളരുകയും ചെയ്യുന്നതു പോലെയാണ്. ആ വിത്തിന്‍റെ വളര്‍ച്ചയില്‍, ചരിത്രത്തിനുള്ളില്‍ അതു കിളിര്‍ക്കുന്നതില്‍ സര്‍വ്വോപരി ദൈവത്തിന്‍റെ ശക്തിയുടെയും നന്മയുടെയും ആവിഷ്ക്കാരം കാണാം. മനുഷ്യന്‍റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചല്ല അതു നടക്കുന്നത്. ദൈവജനത്തിന്‍റെ  ക്രിസ്തീയ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പരിശുദ്ധാരൂപിയുടെ ശക്തിയുടെ പ്രകടനമാണത്.

തന്‍റെ സകല മക്കള്‍ക്കും നീതിയും സഹോദര്യവും സമാധാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗീയ പിതാവിന്‍റെ പദ്ധതിക്കു വിരുദ്ധമായ ദിശയിലാണ് ചരിത്രം അതിന്‍റെ സംഭവവിശേഷങ്ങളാലും അതിനെ നയിക്കുന്നവരാലും നീങ്ങുന്നതെന്ന ഒരു പ്രതീതി ചിലപ്പോഴൊക്കെ ഉണ്ടാകുന്നു. എന്നാല്‍ നമ്മള്‍ പരീക്ഷണത്തിന്‍റെയും പ്രത്യാശയുടെയും വിളവെടുപ്പിനായുള്ള ജാഗരൂഗമായ കാത്തിരിപ്പിന്‍റെയും സമയമായി ഈ ഘട്ടങ്ങളെല്ലാം ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍, ഇന്നലെ എന്നപോലെതന്നെ ഇന്നും ദൈവരാജ്യം ലോകത്തില്‍ വളരുന്നത്, ചെറിയ വിത്തില്‍ മറഞ്ഞിരിക്കുന്ന ശക്തിയെയും വിജയദായക ഓജസ്സിനെയും വെളിപ്പെടുത്തിക്കൊണ്ട്, നിഗൂഢമായിട്ടാണ്, വിസ്മയകരമായ രീതിയിലാണ്. ചിലപ്പോഴൊക്കെ പ്രത്യാശ മുങ്ങിത്താഴുന്നതിനെ സൂചിപ്പിക്കുന്നതായ വൈക്തികവും സാമൂഹ്യവുമായ സംഭവങ്ങള്‍ക്കുള്ളില്‍ നാം ദൈവത്തിന്‍റെ നിഗൂഢവും എന്നാല്‍ ശക്തവുമായ പ്രവര്‍ത്തനത്തില്‍ വിശ്വാസമുള്ളവരായി നിലകൊള്ളണം. ആകയാല്‍ അന്ധകാരത്തിന്‍റെയും ബുദ്ധിമുട്ടുകളുടെയും വേളകളില്‍ നാം തളര്‍ന്നുപോകരുത്, പ്രത്യുത ദൈവത്തിന്‍റെ വിശ്വസ്തതയില്‍, നമ്മെ എന്നും രക്ഷിക്കുന്ന അവിടത്തെ സാന്നിധ്യത്തില്‍ നങ്കൂരമുറപ്പിച്ച് നിലകൊള്ളണം. ഇതു നിങ്ങള്‍ മനസ്സില്‍ പച്ചകെടാതെ സൂക്ഷിക്കുക: ദൈവം സംദാ സംരക്ഷിക്കുന്നു. അവിടന്നു രക്ഷകനാണ്.

മര്‍ക്കോസിന്‍റെ സുവിശേഷം നാലാം അദ്ധ്യായം 30 മുതല്‍ 32 വരെയുള്ള വാക്യങ്ങളിലുടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന, രണ്ടാമത്തെ ഉപമയില്‍, യേശു ദൈവരാജ്യത്തെ കടുകുമണിയോടു താരതമ്യം ചെയ്യുന്നു. വളരെ ചെറുതാണ് കടുകുമണി. എന്നിരുന്നാലും അത് തോട്ടത്തിലെ സകല ചെയടികളെക്കാളും വലുതാകത്തക്കവിധം വളരുന്നു. പ്രവചനാതീതവും വിസ്മയകരവുമാണ് അതിന്‍റെ  വളര്‍ച്ച. ദൈവത്തിന്‍റെ ഈ പ്രവചനാതീത്വത്തിന്‍റെ യുക്തിയിലേക്കു കടക്കുകയും അതു നമ്മുടെ ജീവിത്തില്‍ സ്വീകരിക്കുകയും ചെയ്യുക എളുപ്പമല്ല. നമ്മുടെ പദ്ധതികളെയും കണക്കുകൂട്ടലുകളെയും ഉല്ലംഘിക്കുന്നതായ വിശ്വാസ മനോഭാവം സ്വീകരിക്കാന്‍ കര്‍ത്താവ് ഇന്നു നമ്മെ ഉപദേശിക്കുന്നു. ദൈവം എന്നും വിസ്മയത്തിന്‍റെ ദൈവമാണ്. കര്‍ത്താവ് സദാ നമ്മെ അത്ഭുതപ്പെടുത്തുന്നു. ദൈവത്തിന്‍റെ പദ്ധതികളോടു കൂടുതല്‍ ഉദാരതയോടെ വൈക്തികതലത്തിലും കൂട്ടായ്മയുടെ തലത്തിലും സ്വയം തുറന്നിടാന്‍ നമുക്കുള്ള ക്ഷണമാണ് അത്.  നമ്മുടെ സമൂഹത്തില്‍ നന്മചെയ്യുന്നതിനായി കര്‍ത്താവു നമുക്കു പ്രദാനംചെയ്യുന്ന ചെറുതും വലുതുമായ അവസരങ്ങളില്‍ നാം ശ്രദ്ധചെലുത്തണം. സകലരോടും അവിടത്തേക്കുള്ള സ്നേഹത്തിന്‍റെയും സ്വീകാര്യഭാവത്തിന്‍റെയും കാരുണ്യത്തിന്‍റെയും ബലതന്ത്രത്തില്‍ ഇഴുകിച്ചേരാന്‍ നാം നമ്മെത്തന്നെ അനുവദിച്ചുകൊണ്ടു വേണം അപ്രകാരം ചെയ്യാന്‍.

വിജയമോ ഫലങ്ങളേകുന്ന സംതൃപ്തിയോ അല്ല, പ്രത്യുത, ദൈവത്തിലുള്ള വിശ്വാസം പകരുന്ന ധൈര്യവും ദൈവത്തില്‍ ശരണപ്പെടാനുള്ള എളിമയുമാണ് സഭയുടെ ദൗത്യത്തിന് ആധികാരികതയേകുന്നത്. യേശുവിലുള്ള വിശ്വാസത്തിലും പരിശുദ്ധാരൂപിയുടെ ശക്തിയാലും മുന്നേറുക. ദൈവത്തിന്‍റെ കരങ്ങളിലുള്ള ചെറുതും ബലഹീനങ്ങളുമായ ഉപകരണങ്ങളാണ് നമ്മളെന്നും അവിടത്തെ കൃപയാല്‍ വന്‍ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവയ്ക്ക് കഴിയുമെന്നും അവബോധം പുലര്‍ത്തുകയാണത്. അങ്ങനെ, “നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും”( റോമ:14,17) ആയ ദൈവരാജ്യത്തിന്‍റെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ സാധിക്കും. നമ്മുടെ വിശ്വാസവും പ്രവര്‍ത്തിയും വഴി ഹൃദയങ്ങളിലും ചരിത്രത്തിലും ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായി സഹികരിക്കുന്നതിന് എളിയവരും ജാഗ്രതയുള്ളവരും ആയിത്തീരാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ തെക്കെ അമേരിക്കന്‍ നാടായ വെനേസ്വേലയുടെ തലസ്ഥാനമായ കരാക്കാസില്‍ മരിയ കാര്‍മെന്‍ റെന്‍റിലെസ്  ശനിയാഴ്ച (16/06/18) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

വെനെസ്വേലയിലെ യേശുവിന്‍റെ ദാസികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപകയും കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവളുമായ നവവാഴ്ത്തപ്പെട്ട മരിയ കാര്‍മെന്‍ റെന്‍റിലെസ് സഹസഹോദരികളോടൊത്ത് ഇടവകകളിലും വിദ്യാലയങ്ങളിലും അതുപോലെതന്നെ പാവപ്പെട്ടവരുടെ ചാരെയും സ്നേഹത്തോടെ ചെയ്ത സേവനങ്ങള്‍ പാപ്പാ അനുസ്മരിച്ചു.

തുടര്‍ന്ന് പാപ്പാ വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങളാല്‍ അവശരായ യെമെനിലെ ജനങ്ങളു‌‍ടെ ദുരവസ്ഥയില്‍ ആശങ്ക പ്രകടിപ്പിക്കുകയും  അന്നാട്ടില്‍ നിലവിലുള്ള ദാരുണമായ അവസ്ഥ കൂടുതല്‍ വഷളാക്കപ്പെടാതിരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട കക്ഷികളെ അടിയന്തിര ചര്‍ച്ചകളിലേര്‍ക്കു നയിക്കാന്‍ സര്‍വ്വാത്മനാ പരിശ്രമിക്കുന്നതിന് അന്താരഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

യെമനിലെ പരിശുദ്ധകന്യാകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം തേടിയ പാപ്പാ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന നയിച്ചു.

തദ്ദനന്തരം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ 20-Ↄ○ തിയതി ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ലോക ദിനം ആചരിക്കപ്പെടാന്‍ പോകുന്നത് അനുസ്മരിച്ചു.

സഘര്‍ഷങ്ങളും പീഢനങ്ങളും മൂലം സ്വന്തം നാടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധതിരായി അതിയായ ആശങ്കയിലും സഹനങ്ങളിലും കഴിയുന്നവരിലേക്കു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യമെന്ന് പാപ്പാ പറഞ്ഞു. അഭയാര്‍ത്ഥികളെ അധികരിച്ച് ഒരു ആഗോള ഉടമ്പടി കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരന്തരചര്‍ച്ചകള്‍ നടക്കുന്ന വേളയിലാണ് ഈ ദിനാചരണമെന്നും ഈ ഉടമ്പടി ഇക്കൊല്ലം തന്നെ കൊണ്ടുവരാനാണ് സര്‍ക്കാരുകള്‍ ഉദ്ദേശിക്കുന്നതെന്നും സുരക്ഷിതവും ക്രമനിബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ അധികരിച്ചുള്ള ഒരു ഉടമ്പടിയും പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നും പാപ്പാ വിശദീകരിച്ചു.

സ്വന്തം നാടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായവര്‍ക്ക് സഹായവും സംരക്ഷണവും ഉത്തരവാദിത്വത്തോടും മനുഷ്യത്വത്തോടും കൂടെ ഉറപ്പേകുന്നതിനുള്ള ധാരണയില്‍ ഈ സംഭാഷണപ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള നാടുകള്‍ എത്തിച്ചേരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

സമാഗമത്തിന്‍റെ സമയം കണ്ടെത്തുന്നതിനും അഭയാര്‍ത്ഥികളുടെ സംഭാവന വിലയിരുത്തുന്നതിനും അവരെ സ്വീകരിക്കുന്ന നാടുകളുടെ ജീവിതത്തില്‍ അവര്‍ക്ക് നല്ല രീതിയില്‍ ഉള്‍ച്ചേരാന്‍ കഴിയുന്നതിനും  നാമോരോരുത്തരും അഭയാര്‍ത്ഥികളുടെ ചാരെ ആയിരിക്കാന്‍ വിളിക്കപ്പെട്ടരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഈ സമാഗമത്തിലും പരസ്പരാദരവിലും സഹായമേകുന്നതിലും അടങ്ങിയിരിക്കുന്നു നിരവധി പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമെന്നും പാപ്പാ പറയുന്നു.

ജൂണ്‍ 17 ന് അപ്പന്മാരുടെ ദിനം ആചരിക്കപ്പെട്ടതും, തന്‍റെ ജന്മനാടായ അര്‍ജന്തീനയിലെ ഈ ആചരണത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അനുസ്മരിച്ച പാപ്പാ ഒരോരുത്തരും  അവനവന്‍റെ പിതാവിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

അവസാനം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി (arrivederci) അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി. 








All the contents on this site are copyrighted ©.