2018-06-16 13:18:00

കാര്‍മെന്‍ മര്‍ത്തീനെസ്-വാഴ്ത്തപ്പെട്ടപദത്തിലേക്ക്


യേശുവിന്‍റെ ദാസികളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക കാര്‍മെന്‍ റെന്‍റിലെസ് മര്‍ത്തീനെസ് (CARMEN RENDILES MARTINEZ) വാഴ്ത്തപ്പെട്ടവാളായി പ്രഖ്യാപിക്കപ്പെട്ടു.

തെക്കെ അമേരിക്കന്‍ നാടായ വെനെസ്വേലയുടെ തലസ്ഥാനമായ കരക്കാസില്‍ ശനിയാഴ്ച (16/06/18) ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ദരിദ്രര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കുമായി സ്വജീവിതം പൂര്‍ണ്ണമായി ഉഴിഞ്ഞുവച്ച നവവാഴ്ത്തപ്പെട്ട കാര്‍മെന്‍ റെന്‍റിലെസ് മര്‍ത്തീനെസിന്‍റെ ജനനം കരാക്കാസില്‍, 1903 ആഗസ്റ്റ് 11 നായിരുന്നു.

തെളിഞ്ഞ ബുദ്ധിയും അപരിമേയ നന്മയും വിവേകവും വാഴ്ത്തപ്പെട്ട കാര്‍മെന്‍റെ  സവിശേഷതകളായിരുന്നു. 1927 ല്‍ പരമപരിശുദ്ധ കൂദാശയുടെ യേശുവിന്‍റെ ദാസികള്‍ എന്ന സന്ന്യാസിനിസമൂഹത്തില്‍ ചേര്‍ന്ന കാര്‍മെന്‍ പരിശീലനകാലത്ത് ഫ്രാന്‍സിലെ തുളൂസിലേക്കും അയക്കപ്പെട്ടു. 1931 സെപ്റ്റംബര്‍ 8 ന് നിത്യവ്രതവാഗ്ദാനം നടത്തിയ കാര്‍മെന്‍ ഈ സന്ന്യാസിനി സമൂഹത്തിന്‍റെ പുനസ്ഥാപന പ്രക്രിയയ്ക്ക് നേതൃത്വം നല്കുകയും യേശുദാസികള്‍ എന്ന പുതിയ സമൂഹത്തിന് രൂപം നല്കുകയും ചെയ്തു. പ്രസ്തുത സമൂഹത്തിന്‍റെ ശ്രേഷ്ഠയായി സേവനമനുഷ്ഠിച്ച നവവാഴ്ത്തപ്പെട്ടവ കാര്‍മെന്‍ റെന്‍റിലെസ് മര്‍ത്തീനെസ് സഭയ്ക്കും സഹോദരങ്ങള്‍ക്കും ദൈവ സ്നേഹത്തിന്‍റെ സംവാഹകയാകാന്‍, അംഗവൈകല്യം എന്ന പരിമിതിയുള്‍പ്പടെയുള്ള സകല പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് പരിശ്രമിച്ചു.

ജന്മനാല്‍ത്തന്നെ ഇടതുകരം ഇല്ലാതിരുന്ന കാര്‍മെന്‍ കൃത്രിമ കരത്തിന്‍റെ  സഹായത്തോടെ പ്രവര്‍ത്തനങ്ങളില്‍ മുന്നേറി. ഏറ്റം എളിയവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച കാര്‍മെന്‍ 1977 മെയ് 9 ന് മരണമടഞ്ഞു.

വൈദ്യുതിയാഘാതമേറ്റ ഒരു വനിതാ ഡോക്ടറിന്‍റെ കരത്തിന്‍റെ ചലനശേഷി നഷ്ടപ്പെടുകയും അവസാനം ഒരു ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കപ്പെടുകയും ചെയ്ത അവസ്ഥയില്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്കു പോകവെ, കൈ നഷ്ടപ്പെടുമെന്ന ഭീതിയാല്‍, കാര്‍മെന്‍റെ മഠത്തിലെത്തിയ ആ വനിതാ ഡോക്ടര്‍ മഠാധിപയുമൊത്ത് കാര്‍മെന്‍റെ ചിത്രത്തിനു മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ആ നിമിഷം അത്ഭുതകരമായി, കരം പൂര്‍ണ്ണമായി സൗഖ്യമാകുകയും ചെയ്തു. വൈദ്യശാസ്തപരമായി യാതൊരു വിശദീകരണവും ഇല്ലാത്ത ഈ സംഭവമാണ് കാര്‍മെനെ വാഴ്ത്തപ്പെട്ട പദത്തിലേക്കുയര്‍ത്തുന്നതിനുള്ള അത്ഭുതമായി അംഗീകരിക്കപ്പെട്ടത്.
All the contents on this site are copyrighted ©.