2018-06-14 14:13:00

അപരനെ ഭീഷണിയായി കാണരുത് - പാപ്പാ


അന്താരാഷ്ട്ര കുടിയേറ്റ പ്രശ്ന പരിഹൃതിക്ക് മനോഭാവമാറ്റം അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട പരിശുദ്ധസിംഹാസനവും മെക്സിക്കോയും തമ്മിലുള്ള രണ്ടാം സംഭാഷണത്തിന് വ്യാഴാഴ്ച(14/06/18) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അപരനെ നമുക്കെതിരായ ഒരു ഭീഷണിയായി കരുതാതെ ജീവിതാനുഭവങ്ങളാലും മൂല്യങ്ങളാലും നമ്മുടെ സമൂഹത്തിന് ഏറെ സംഭാവനചെയ്യാന്‍ കഴിയുന്നവനായി കാണുന്ന ഒരു മനോഭാവത്തിലേക്ക് നാം മാറണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു,

അപരനുമായി കൂടിക്കാഴ്ച നടത്താനും അവനെ സ്വീകരിക്കാനും അറിയാനും അംഗീകരിക്കാനും കഴിയുന്ന ഒരു മൗലിക മനോഭാവം ആവശ്യമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

അന്താരാഷ്ട്ര കുടിയേറ്റ പ്രശ്നത്തെ നേരിടുന്നതിന് അന്താരാഷ്ട്ര സമൂഹം മുഴുവന്‍റെയും സഹായം അനിവാര്യമാണെന്നും കുടിയേറ്റ പ്രക്രിയയുടെ തുടക്കംമുതല്‍ അവസാനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഈ സഹകരണം ആവശ്യമാണെന്നും പാപ്പാ പറയുന്നു.

പരിശുദ്ധസിംഹാസനവും മെക്സിക്കൊയും തമ്മിലുള്ള കൂടിക്കാഴ്ച സമൂഹത്തില്‍ ഏറ്റം ആവശ്യത്തിലിരിക്കുന്നവര്‍ക്കും പരിത്യക്തര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ബന്ധങ്ങള്‍ നവീകരിക്കുന്നതിനുമുള്ള സവിശേഷാവസരമാണെന്ന് പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുന്നു.  

 








All the contents on this site are copyrighted ©.