2018-06-09 12:44:00

ഊര്‍ജ്ജ പ്രതിസന്ധി-വന്‍ വെല്ലുവിളി, പാപ്പാ


സകലര്‍ക്കും ആവശ്യമായ അളവിലും പാരിസ്ഥിതിക അസന്തുലിതാവസ്ഥകളും മലിനീകരണവും ഇല്ലാത്തവിധം പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയും ഊര്‍ജ്ജം ഉറപ്പുവരുത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് മാര്‍പ്പാപ്പാ.

ഊര്‍ജ്ജ പരിവര്‍ത്തനത്തെയും നമ്മുടെ പൊതുഭവനത്തിന്‍റെ സംരക്ഷണത്തെയും അധികരിച്ച് വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട വിദഗ്ദ്ധരുടെ ദ്വിദിന സമ്മേളനത്തിന്‍റെ  സമാപനദിനമായിരുന്ന ശനിയാഴ്ച (09/06/18) അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നമ്മുടെ ജീവിത ചുറ്റുപാടുകളുടെ സിംഹഭാഗവും ഊര്‍ജ്ജത്താല്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്നും എന്നാല്‍, ഇന്നും വൈദ്യുതി ലഭിക്കാത്തവരുടെ സംഖ്യ 100 കോടിയേലേറെയാണെന്നും പാപ്പാ പറഞ്ഞു.

ഊര്‍ജ്ജത്തിനായുള്ള ദാഹം മനുഷ്യന്‍ ശമിപ്പിക്കുന്ന രീതി ആശങ്കാജനകമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കും പാപ്പാ വിരല്‍ ചൂണ്ടി.

വായുവിന്‍റെ ഗുണനിലവാരം, സമുദ്രജലവിതാനത്തിന്‍റെ തോത്, ശുദ്ധജലശേഖരത്തിന്‍റെ  അവസ്ഥ, ലോലമായ പരിസ്ഥിതി വ്യവസ്ഥ എന്നിവയെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഊര്‍ജ്ജോപയോഗത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു പാപ്പാ ഊര്‍ജ്ജത്തിനായുള്ള ദാഹം ശമിപ്പിക്കാന്‍ കുടിവെള്ളത്തിനായുള്ള ദാഹമോ, ദാരിദ്ര്യമോ സാമൂഹ്യമായ പുറന്തള്ളലോ വര്‍ദ്ധമാനമാക്കുന്നത് ശരിയല്ല എന്ന് ഓര്‍മ്മിപ്പിച്ചു.

ആകയാല്‍ അന്താരാഷ്ട്രസമൂഹത്തെ സംബന്ധിച്ചിടത്തോളം താത്വികവും പ്രായോഗികവുമായ മുഖ്യവെല്ലുവിളികളില്‍ ഒന്നാണ് ഊര്‍ജ്ജപ്രശ്നം എന്ന് പാപ്പാ പറഞ്ഞു.

ഊര്‍ജ്ജ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുകയും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുകയും മനുഷ്യന്‍റെ സമഗ്രപുരോഗതി പരിപോഷിപ്പിക്കുകയും ചെയ്യുന്ന നീണ്ടുനില്ക്കുന്നതായ ആഗോള തന്ത്രങ്ങള്‍ മെനയേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് പാപ്പാ പറ‍ഞ്ഞു.

പരിസ്ഥിതിയ്ക്കുള്ള അപകടം വിലയിരുത്താനും വ്യവസായിക പദ്ധതികളില്‍ മാറ്റം വരുത്താനും എണ്ണ-വാതക വ്യവസായശാലകള്‍ നടത്തുന്ന ശ്രമങ്ങളെ പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പൊതുനന്മ ലക്ഷ്യം വയ്ക്കുന്നതായിരിക്കണം രാഷ്ട്രീയ നയങ്ങളും വ്യവസായശാലകളുടെ സാമൂഹ്യ ഉത്തരവാദിത്വവും മുതല്‍ മുടക്കലിന്‍റെ  മാനദണ്ഡങ്ങളുമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.