2018-06-08 13:45:00

മനുഷ്യക്കടത്തിനിരകളായവര്‍ക്ക് സാന്ത്വനമേകുക-പാപ്പാ


നിഷ്ഠൂരമായ മനുഷ്യക്കടത്തിനിരകളായവര്‍ക്ക് സാന്ത്വനമേകാനും ബന്ധനത്തിന്‍റെ ചങ്ങലകളെ തകര്‍ക്കാനും മാര്‍പാപ്പാ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കരെ ആഹ്വാനം ചെയ്യുന്നു.

പ്രാദേശിക കത്തോലിക്കാസഭ ജൂണ്‍ 17 ഞായാറാഴ്ച ജീവനുവേണ്ടിയുള്ള ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

മനുഷ്യക്കടത്ത് എന്ന നിന്ദ്യമായ കുറ്റകൃത്യത്തെക്കുറിച്ചുള്ള അവബോധം ജനിപ്പിക്കുക എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.

അപരന്‍റെ ഔന്നത്യം തിരിച്ചറിഞ്ഞുകൊണ്ടു മറ്റുള്ളവരില്‍വിശുദ്ധികാണാന്‍ കത്തോലിക്കരെ ആഹ്വാനം ചെയ്യുന്ന പാപ്പാ മനുഷ്യക്കടത്തിനിരകളായവരെ ഔന്നത്യത്താല്‍ അലംകൃതരായ വ്യക്തകളായി കാണാനും ഉപവിയോടും വിശ്വാസത്തോടും കൂടെ അവര്‍ക്ക് സഹായഹസ്തം നീട്ടാനും ക്ഷണിക്കുന്നു.

എന്നും പവിത്രമായ മനുഷ്യജീവന്‍റെ ഔന്നത്യമാണ് അപകടാവസ്ഥയിലാകുന്നതെന്നും ജീവന്‍ ആരുടേതായാലും, പാവപ്പെട്ടവന്‍റെ, അജാത ശിശുവിന്‍റെ, അഗതിയുടെ, പരിത്യക്തന്‍റെ, അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവന്‍റെ, വേധ്യനായ രോഗിയുടെ, കാരുണ്യവധത്തിനിരയായേക്കാവുന്ന വയോജനത്തിന്‍റെ, മനുഷ്യക്കട്ടത്തിനിരകളായവരുടെ, അടിമത്തത്തിന്‍റെ നൂതന രൂപങ്ങളുടെ ഇരകളുടെ, പുറന്തള്ളപ്പെട്ടവരുടെ, അങ്ങനെ ആരുടേതായാലും, അത് പവിത്രമാണ് എന്ന് പാപ്പാ “ആനന്ദിച്ചാഹ്ലാദിക്കുവിന്‍” (ഗൗദേത്തെ ഏത്ത് എക്സുള്‍ത്താത്തെ” എന്ന തന്‍റെ  അപ്പസ്തോലികോപദേശത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആവര്‍ത്തിച്ചോര്‍മ്മിപ്പിക്കുന്നു.

മനുഷ്യനെ കച്ചവടവസ്തുവാക്കുകയും മനുഷ്യക്കടത്തിരയാക്കുകയും ചെയ്യുന്നതിലൂടെ മുറിവേല്പിക്കപ്പെടുകയും ഭീഷണിക്കിരകളാകുകയും അപായപ്പെടുത്തപ്പെടുകയും ചെയ്യുന്ന സകലരേയും ദൈവം രക്ഷിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

അനുവര്ഷം മനുഷ്യക്കടത്തിനിരകളാകുന്നവരുടെ സംഖ്യ, ബ്രിട്ടനില്‍ മാത്രം, 13000ത്തിലേറെയാണെന്ന് കണക്കാക്കപ്പെടുന്നു.  

 








All the contents on this site are copyrighted ©.