2018-06-08 13:42:00

നമ്മെ ആദ്യം സ്നേഹിച്ച ദൈവം, പാപ്പായുടെ ട്വീറ്റ്


നമ്മെ തന്‍റെ ഹൃദയത്തില്‍ സ്വീകരിക്കുന്നതിന് ദൈവം കാത്തിരിക്കുന്നുവെന്ന് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ തിരുന്നാളും വൈദികരുടെ വിശുദ്ധീകരണദിനവും ആചരിക്കപ്പട്ട ഈ വെള്ളിയാഴ്ച (08/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ദൈവത്തിനു നമ്മോടുള്ള സവിശേഷ വാത്സല്യത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നത്.

“ദൈവമാണ് ആദ്യം നമ്മെ സ്നേഹിച്ചതെന്ന് തിരുഹൃദയത്തിന്‍റ തിരുന്നാള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു: തന്‍റെ ഹൃദയത്തില്‍, തന്‍റെ സ്നേഹത്തില്‍ നമ്മെ സ്വീകരിക്കുന്നതിനായി അവിടന്ന് സദാ കാത്തിരിക്കുന്നു” എന്നാണ് പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം.

നല്ല വൈദികരെ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വൈദികരുടെ വിശുദ്ധീകരണത്തിനുള്ള ദിനവുംകൂടിയായിരുന്ന വെള്ളിയാഴ്ച മറ്റൊരു ട്വിറ്റര്‍ സന്ദേശത്തിലൂടെ എല്ലാവരെയും ക്ഷണിച്ചു.

പ്രസ്തുത സന്ദേശം ഇപ്രകാരമാണ്: “എന്നും നല്ല വൈദികരെ നല്കുന്നതിനായി നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം: അവര്‍ അദ്ധ്വാനശീലരും, പ്രാര്‍ത്ഥനയുടെ മനുഷ്യരും ദൈവജനത്തോടടുത്തു നില്ക്കുന്നവരും ആയിരിക്കട്ടെ”.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.