2018-06-08 09:37:00

സമാധാനദൂതുമായി തെക്കെ ഇറ്റലിയിലെ ബാരി സന്ദര്‍ശനം


പാപ്പാ ഫ്രാന്‍സിസ് ബാരി സന്ദര്‍ശക്കുന്നതിന്‍റെ ലക്ഷ്യം മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനമാണ്   വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.

ജൂലൈ 7, ശനിയാഴ്ചായാണ് പാപ്പാ ഫ്രാന്‍സിസ് തെക്കെ ഇറ്റലിയിലെ പൂലിയ പ്രവിശ്യയിലെ ബാരി നഗരം സന്ദര്‍ശിക്കുന്നത്. ഇതര ക്രൈസ്തവ സഭാദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന സഭൈക്യ സംവാദസംഗമത്തില്‍ മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനായി പ്രത്യേകം സംയുക്ത പ്രാര്‍ത്ഥന നടത്തും. ക്രൈസ്തവ സഹോദരങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുന്ന മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം വളരുന്നതിന് പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന ബാരി സന്ദര്‍ശനത്തിന്‍റെ വിജയത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

ബാരിയിലെ പരിപാടികള്‍
ജൂലൈ 7, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 7-മണിക്ക് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലിക്കോപ്റ്ററില്‍ പാപ്പാ ബാരിയിലേയ്ക്ക് പറക്കും.
8.15-ന് അവിടെ ക്രിസ്റ്റഫര്‍ കൊളംബസ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പായ്ക്ക് സഭാദ്ധ്യക്ഷന്മാരും പൗരപ്രമുഖരും വിമാനത്താവളത്തിലെ ലളിതമായ സ്വീകരണത്തോടെ ആരംഭിക്കും.
8.30-ന് പാപ്പാ മറ്റു സഭാദ്ധ്യക്ഷന്മാര്‍ക്കൊപ്പം സ്ഥലത്തെ വിശുദ്ധ നിക്കോളസിന്‍റെ ബസിലിക്ക സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും.
9.30-നാണ് ബാരിയിലെ ലൂംഗോമാരിയില്‍ പ്രാര്‍ത്ഥനാസംഗമം നടക്കുന്നത്.
11.00 വീണ്ടും വിശുദ്ധ നിക്കോളസിന്‍റെ ബസിലിക്കയില്‍വച്ച് ഇതര സഭാദ്ധ്യക്ഷന്മാര്‍ക്കൊപ്പമുള്ള രഹസ്യസംവാദം നടക്കും..
01.30 ബാരിയിലെ മെത്രാപ്പോലീത്തയ്ക്കൊപ്പം ഉച്ചഭക്ഷണം.
03.30-ന് സഭാദ്ധ്യക്ഷന്മാരുമായുള്ള നേര്‍ക്കാഴ്ചയും യാത്രപറയലും.
04.00-ന് നഗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയും യാത്രപറയലും.
05.15-ന് ഹെലിക്കോപ്റ്ററില്‍ വത്തിക്കാനിലേയ്ക്ക് മടങ്ങും.
All the contents on this site are copyrighted ©.