2018-06-08 13:35:00

ചെറുമയിലെ വലിപ്പം- ദൈവസ്നേഹം, പാപ്പായുടെ വചനസമീക്ഷ


ദൈവത്തിനു നമ്മോടുള്ള സ്നേഹം അഗ്രാഹ്യവും സകലത്തെയും ഉല്ലംഘിക്കുന്നതും അതിരുകളില്ലാത്തതുമാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ വെള്ളിയാഴ്ച(08/06/18) രാവിലെ അര്‍പ്പിച്ച തിരുഹൃദയത്തിരുന്നാള്‍ക്കുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തീരമില്ലാത്തതും അടിത്തട്ടില്ലാത്തതുമാണ് ദൈവത്തിന്‍റെ മഹാസ്നേഹമെന്ന് ഒരു കവി വര്‍ണ്ണിച്ചത് പാപ്പാ അനുസ്മരിച്ചു.

ദൈവം തന്‍റെ സ്നേഹം വെളിപ്പെടുത്തുന്നതെങ്ങിനെ? വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടാണോ? എന്ന് ചോദിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം തുടര്‍ന്നു : അവിടന്ന് ചെറുതായിത്തീരുന്നു, ആര്‍ദ്രതയുടെയും നന്മയുടെയും ചെയ്തികളാല്‍ ചെറുതായിത്തീരുന്നു അവിടന്ന്. ദൈവം നമ്മുടെ ചാരെ വരുന്നു. ഈ സാമീപ്യവും ചെറുതായിത്തീരലുംകൊണ്ട് ദൈവം സ്നേഹത്തിന്‍റെ മാഹാത്മ്യം നമുക്കു മനസ്സിലാക്കിത്തരുന്നു. ചെറുമയിലൂടെയാണ് വലിപ്പം മനസ്സിലാക്കേണ്ടത്.

ക്രൈസ്തവന്‍റെ മനോഭാവം എപ്രകാരമായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കാന്‍ യേശു വളരെക്കുറച്ചു കാര്യങ്ങള്‍ മാത്രമെ പറയുന്നുള്ളു. നാം എപ്രകാരമായിരിക്കും വിധിക്കപ്പെടുകയെന്ന് മത്തായിയുടെ സുവിശേഷം 25-Ↄ○ അദ്ധ്യായത്തില്‍ അവിടന്ന് അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണത്തിലൂടെ വ്യക്തമാക്കുന്നു. വിശക്കുന്നവന് ഞാന്‍ ആഹാരം കൊടുത്തോ? ദാഹിക്കുന്നവന് കുടിക്കാന്‍ കൊടുത്തോ? രോഗിയേയും കാരാഗൃഹവാസിയേയും ഞാന്‍ സന്ദര്‍ശിച്ചോ? ദൈവത്തിന്‍റെ മഹാ സ്നേഹത്തിന്‍റെ  തുടര്‍ച്ചയായി യേശു നമ്മെ പഠിപ്പിക്കുന്നത് കാരുണ്യപ്രവര്‍ത്തികളാണ്  സ്നേഹത്തിന്‍റെ വഴി എന്നാണ്.

ദൈവമാണ് നമ്മെ ആദ്യം സ്നേഹിക്കുന്നത്. എല്ലാക്കാര്യങ്ങളിലും അവിടന്നാണ് മുന്നില്‍. നമ്മെ കാത്തിരിക്കുന്നവരില്‍ പ്രഥമനും ദൈവമാണ്. അവിടത്തെ നിസ്സീമസ്നേഹത്തെക്കുറിച്ച് പരാമര്‍ശിക്കവം പൗലോസപ്പസ്തോലന്‍ ക്രിസ്തുവിന്‍റെ  അഗ്രാഹ്യ സമ്പന്നതകളെക്കുറിച്ചു പറയുന്നുണ്ട്. നിഗൂഢ രഹസ്യമാണത്. രക്ഷാകര ചരിത്രത്തിലുടനീളം ദൈവം ആ സ്നേഹം വെളിപ്പെടുത്തിയിട്ടുണ്ട്.  
All the contents on this site are copyrighted ©.