2018-06-07 19:43:00

മുന്നോട്ടു പോകാന്‍... ഓര്‍മ്മയില്‍ അല്പം പിന്നോട്ടു പോകാം!


2 തിമോ. 2, 8-15, മര്‍ക്കോസ് 12, 28-34.

ദൈവികനന്മകള്‍ മറക്കുന്നവര്‍ ജീവിതത്തിന്‍റെ ഊഷ്മളത നഷ്ടപ്പെടുകയും, ക്രിസ്തുവിനെ കാണാതെ പോവുകയും ചെയ്യുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 7-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച് ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. ശക്തിപകരുന്ന ഓര്‍മ്മകള്‍
ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ എപ്പോഴും നാം അല്പം പിന്നോട്ടു പോവുകയും കഴിഞ്ഞ നാളുകളെയും സംഭവങ്ങളെയും കുറിച്ച് ഓര്‍മ്മയുള്ളവരായിരിക്കണം. നാം ആദ്യമായി ക്രിസ്തുവിനെ കണ്ടുമുട്ടിയ നിമിഷവും വിശ്വാസം കൈമാറ്റംചെയ്യുപ്പെട്ടു കിട്ടിയ അവസരവും നന്ദിയോടെ ഓര്‍ക്കണം. ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ രൂപപ്പെട്ട നിമിഷവം സംഭവവും അവയാണ്. അവ മറന്നുപോകരുത്. ഓര്‍മ്മയാണ് നമുക്ക് സന്തോഷവും ശക്തിയും നല്കുന്നത്. കൂടിക്കാഴ്ച ആനന്ദമാണ്. മുന്നോട്ടുള്ള ജീവിത പ്രയാണത്തില്‍ നീങ്ങാനുള്ള കരുത്തും പ്രത്യാശയും തരുന്നതും ഓര്‍മ്മയാണ്.

വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനഭാഗം വ്യാഖ്യാനിച്ചുകൊണ്ടാണ് ക്രിസ്തുവിനെയും അവിടുന്നുമായുള്ള ആദ്യകൂടിക്കാഴ്ചയെയും കുറിച്ചുള്ള ഓര്‍മ്മ മുന്നോട്ടു ചിരിക്കാനുള്ള ആത്മീയ ശക്തിയും പ്രത്യാശയും തരുന്നത്. മറിച്ച് നമുക്കു ലഭിച്ച വിശ്വാസത്തിന്‍റെ കൃപാതിരേകം മറന്നു ജീവിച്ചാല്‍ ജീവിതത്തിലെ കൃപയുടെ ഉറവു കെട്ടുപോവുകയും ജീവിതം ഫലശൂന്യമാകയും ചെയ്യും. പാപ്പാ ഉദ്ബോധിപ്പിച്ചു.

2. ക്രിസ്തുവിനെ കണ്ടെത്തുന്ന മൂന്നു സന്ദര്‍ഭങ്ങള്‍
ആദ്യമായി മാനസാന്തരത്തിന്‍റെ അനുഭവങ്ങളില്‍... രണ്ടാമതായി പൂര്‍വ്വീകരിലും, മൂന്നാമതായി നിയമത്തിലും. അപ്പോഴെല്ലാം എത്രത്തോളം ഊര്‍ജ്ജവും ഊഷ്മളതയും ഉള്ളവരായിരുന്നു. അന്നാളുകളില്‍ തീര്‍ച്ചയായും നാം പ്രത്യേക ആനന്ദം അനുഭവിച്ചു കാണും.

a. വിശ്വാസത്തിന്‍റെയും മാനസാന്തരത്തിന്‍റെയും അനുഭവങ്ങള്‍
യേശുവുമായി കൂടിക്കാഴ്ച നടത്താനും ക്രിസ്ത്വാനുഭവം ലഭിക്കാനും നമുക്കെല്ലാവര്‍ക്കും നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിക്കാണും. ജീവിതത്തില്‍ വിശ്വാസത്തിന്‍റെ വെളിച്ചം ലഭിച്ച ദിവസമാകാം. മാനസാന്തരത്തിന്‍റെ സുന്ദര മുഹൂര്‍ത്തമാകാം. ചിലപ്പോള്‍ ഒന്നിലധികം അവസരങ്ങളില്‍ ഇതുപോലെ ഈശോ നമ്മെ സന്ദര്‍ശിക്കുകയും സ്പര്‍ശിക്കുകയും ചെയ്തു കാണും. ഈ അവസരങ്ങള്‍ നാം മറന്നുകളയേണ്ടവയല്ല. അവ ഓര്‍മ്മിക്കുകയും ക്രിസ്തു തന്ന ആത്മീയാനുഭങ്ങള്‍ നന്ദിയോടെ അയവിറച്ച് ജീവിക്കുകയും ചെയ്യേണ്ടതാണ്. അവ തീര്‍ച്ചയായും ജീവിതത്തിന് പ്രചോദനമാകും.

നമുക്ക് മാനസാന്തരം നല്കി അനുഗ്രഹിച്ച അവസരങ്ങള്‍ എന്നും അനുസ്മരണീയമാണ്. മാനസാന്തരത്തിലൂടെ ദൈവം നമ്മെ പ്രത്യേക ജീവിതാവസ്ഥയിലേയ്ക്ക് വിളിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ ക്ലേശത്തിന്‍റെ നാളുകളിലാകാം കര്‍ത്താവു നമ്മെ സ്പര്‍ശിച്ചത്. ഈ സന്ദര്‍ഭങ്ങളൊക്കെ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ടാകാം. ഓര്‍മ്മച്ചെപ്പില്‍നിന്ന് അവ തിരിച്ചെടുക്കണം. അത് എന്‍റെ പക്കലേയ്ക്ക് ക്രിസ്തു കടന്നുവന്ന സമയമാണ്. അല്ലെങ്കില്‍ അവിടുത്തെ സന്നിധിയില്‍ ഞാന്‍ എത്തിച്ചേര്‍ന്ന അപൂര്‍വ്വമുഹൂര്‍ത്തവുമാണ്. ക്രിസ്തു എന്‍റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങള്‍ ഞാന്‍ എന്നും അനുസ്മരിക്കേണ്ടതാണ്.

b. അമ്മയും അമ്മുമ്മയും അപ്പനും...
പൂര്‍വ്വീകരുടെ സ്മൃതിയും ക്രിസ്ത്വാനുഭവത്തിന്‍റെ അവസരമാണ്. നമുക്ക് വിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ ഓതിത്തവര്‍... അമ്മുമ്മയും അപ്പനും അമ്മയും...! വിശ്വാസവെളിച്ചും കൈമാറി തന്നവര്‍. വിശ്വാസം ധീരരായ ഈ സ്ത്രീ പുരുഷന്മാര്‍ പകര്‍ന്നുതന്നതാണ്. ഹെബ്രായരുടെ ലേഖനം പറയുന്നപോലെ... വിശ്വാസം വിളക്ക് തെളിയിച്ചു തന്ന വിശ്വാസസാക്ഷികളും രക്തസാക്ഷികളും ജീവിതം സമര്‍പ്പിച്ചവരും നിരവധിയാണ്.

നമ്മുടെ ജീവിതത്തിന്‍റെ ജല സ്രോതസ്സ് വറ്റി ചേറാകുമ്പോള്‍, ശ്രദ്ധിക്കണം! ഉറവയിലേയ്ക്ക് പോകേണട്ത് അനിവാര്യമാണ്. ഉറവയിലെത്തിച്ചേരാനുള്ള മനഃസാന്നിദ്ധ്യവും സന്മനസ്സും നമുക്കുണ്ടാവണം. ജീവിതത്തില്‍ ക്ഷീണിതനാകുമ്പോള്‍ പിന്‍തിരിയാന്‍ സ്രോതസ്സുണ്ടോ? ജീവിതസാക്ഷികള്‍, നല്ല മാതൃകകള്‍ എനിക്കുണ്ടോ? എന്‍റെ പൂര്‍വ്വീകരുടെ ജീവിതത്തില്‍ വേരൂന്നി നില്ക്കാന്‍ എനിക്കു കെല്പുണ്ടോ? മൂലങ്ങളിലേയ്ക്ക്, വിശ്വാസം പകര്‍ന്നു തന്നവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള കൃപതരണമേ, എന്നു പ്രാര്‍ത്ഥിക്കാം.  

c. ദൈവകല്പനകളുടെ ഓര്‍മ്മയില്‍ നിലനില്ക്കാം
അവസാനമായി കല്പനകള്‍... ക്രിസ്തു ഇന്നത്തെ സുവിശേഷത്തില്‍ കല്പനകളെക്കുറിച്ച് ഓര്‍പ്പിക്കുന്നുണ്ട്. കല്പനകളെക്കുറിച്ചുള്ള ഓര്‍മ്മ ദൈവവുമായുളള ഉടമ്പടിയുടെയും സ്നേഹത്തിന്‍റെയും അടയാളമാണ്, ഓര്‍മ്മയാണ്. അത് അവിടുന്ന നമുക്കു തെളിച്ചുതരുന്ന വെളിച്ചവുമാണ്. എന്നാല്‍ കല്പനകളുടെ വെളിച്ചത്തെക്കുറിച്ച് ഓര്‍മ്മയില്ലെങ്കില്‍ ജീവിതത്തില്‍ നമ്മുടെ വഴി തെറ്റുകതന്നെ ചെയ്യും. കല്പനകള്‍ അറിയാമെന്നു പറയുകയും, അനുദിനജീവിതത്തില്‍ അതിനെക്കുറിച്ച് ഓര്‍മ്മയില്ലാതിരിക്കുകയും ചെയ്യുക ഭയാനകമാണ്. അവസാനം, പരീക്ഷണങ്ങളുടെ സമയത്തും, നിയമങ്ങള്‍ പാലിക്കുമ്പോഴും, കര്‍ത്താവില്‍ ദൃഷ്ടിപതിച്ച് മുന്നേറണമെന്നും, വിശ്വാസം എന്നിലേയ്ക്കു വന്ന നിമിഷങ്ങളും, ‌എന്നെ കര്‍ത്താവു തൊട്ടുസുഖപ്പെടുത്തുകയും, എനിക്കു മാനസാന്തരത്തിന് വഴി തുറന്നുതന്ന സംഭവങ്ങളെയും അയവിറയ്ക്കാം.

3. ഓര്‍മ്മയില്‍ വിരിയുന്ന പ്രത്യാശ
ഓര്‍മ്മയും പ്രത്യാശയും ഒരുമിച്ചുപോകും. ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്ക്! അവ പരസ്പര പൂരകങ്ങളാണ്. ക്രിസ്തു എനിക്കായി മനുഷ്യരൂപമെടുത്തു. അവിടുന്ന് എനിക്കായ് സ്വയര്‍പ്പണംചെയ്തു. ഇനിയും അവിടുന്ന് വരും... അങ്ങനെ അവിടുത്തെ ഓര്‍മ്മ എനിക്കു പ്രത്യാശ തരുന്നതാണ്. സാന്താ മാര്‍ത്തയിലെത്തിയ ഓരോരുത്തരോടും പാപ്പാ ചോദിച്ചു, നിങ്ങള്‍ ആദ്യമായി ക്രിസ്തുവിനെ കണ്ട, നിങ്ങള്‍ക്ക് വിശ്വാസം ലഭിച്ച സംഭവത്തിന്‍റെ ഓര്‍മ്മയെന്താണ്. നിങ്ങളുടെ പൂര്‍വ്വീകരിലും കാരണവന്മാരിലും അവിടുത്തെ അനുഭവമുണ്ടായ ഓര്‍മ്മകള്‍... അവിടുത്തെ കല്പനകളുടെ സ്മൃതി...! ഈ ഓര്‍മ്മകളെല്ലാം നമ്മെ ദൈവികമായ പ്രത്യാശയിലേയ്ക്കു നയിക്കട്ടെ!
All the contents on this site are copyrighted ©.