2018-06-05 16:44:00

സത്യസന്ധമായി ചിന്തിക്കാനുള്ള കഴിവിനെ മാധ്യമങ്ങള്‍ നശിപ്പിക്കുന്നു!


ഔദാര്യത്തോടെ സ്നേഹിക്കാനും ആഴമായി ചിന്തിക്കാനുമുള്ള മനുഷ്യന്‍റെ കഴിവിനെ ആധുനിക മാധ്യമങ്ങള്‍ ഗൗനിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. പ്രസിദ്ധനായ ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍, ബിയാജ്യോ ആഗ്നസിന്‍റെ നാമത്തില്‍ സ്ഥാപിതമായ രാജ്യന്തര പത്രപ്രവര്‍ത്തന പുരസ്ക്കാര സമിതിക്കൊപ്പം (Biagio Agnes Internationla Journalism Award) ഇറ്റലിയുടെ നിരവധി മാധ്യമപ്രവര്‍ത്തകരും ജൂണ്‍ 4-Ɔο തിയതി തിങ്കളാഴ്ച രാവിലെ വിത്തിക്കാനില‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മാധ്യമലോകത്ത് ആധുനിക സാങ്കേതികത വളരുകയും, അതിന്‍റെ രൂപപരിണാമം ധൃതഗതിയില്‍ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്നിന്‍റെ മാധ്യമ ലോകത്തിന്‍റെയും ഡിജിറ്റല്‍ സാങ്കേതികതയുടെയും ബലതന്ത്രം യഥാര്‍ത്ഥമായ അറിവിനെ ഞെക്കിഞെരുക്കുന്ന വലിയ അപകടമാണ് വെളിപ്പെടുത്തുന്നത്. വിവരസാങ്കേതികതയുടെ വര്‍ണ്ണപ്പൊലിമയിലും ശബ്ദധോരണയിലും മൂല്യങ്ങള്‍ മുങ്ങിപ്പോവുകയാണ്.

സമര്‍ത്ഥനും സത്യസന്ധനുമായ ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ബിയാജ്യോ ആഗ്നസിന്‍റെ പേരിലുള്ള മാധ്യമ അവാര്‍ഡ് പ്രസ്ഥാനം ശരിയായതും, കാലികവും ഉത്തരവാദിത്ത്വപൂര്‍ണ്ണവുമായ മാധ്യമലോകം വളര്‍ത്താന്‍ പ്രചോദനമാകണം. കാരണം മാധ്യമപ്രവര്‍ത്തകര്‍ സമൂഹിക നന്മയുടെയും നീതിയുടെയും പ്രയോക്താക്കളാണ്.  നഗരങ്ങളില്‍ തിങ്ങിനില്ക്കുന്ന മാധ്യമങ്ങള്‍ നഗരപ്രാന്തങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും പാവങ്ങളുമായവരെ അവഗണിക്കരുത്. അവരുടെ കഥകള്‍ സാമൂഹിക കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ജീവിതകഥകളാണ്.

ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോള്‍ പ്രവാചക ദൗത്യത്തോടും ധൈര്യത്തോടുംകൂടെ മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിനും നീതിക്കുമായി നിലകൊള്ളുകയും സംഭവങ്ങളെ കൈകാര്യംചെയ്യുകയും വേണം. പ്രശ്നങ്ങള്‍ ധാരാളമുള്ള ലോകത്താണു നാം. പ്രശ്നമില്ലാത്ത ലോകം മായികമായിരിക്കാം. സമൂഹത്തിന്‍റെ തകര്‍ച്ചയും നിരാശയും വേദനയും ഇല്ലാതാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രത്യാശപൂര്‍ണ്ണരാകണം. പ്രത്യാശ കൈവെടിയരുത്! പാപ്പാ മാധ്യമ പ്രവര്‍ത്തകരോട് ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.