2018-06-05 13:45:00

കുടിയേറ്റക്കാര്‍ക്ക് വിശ്വാസാധിഷ്ഠിത സമൂഹങ്ങളുടെ സേവനം


ദശലക്ഷക്കണക്കിനു വരുന്ന കുടിയേറ്റക്കാര്‍ക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ വിശ്വാസാധിഷ്ഠിത സംഘടനകള്‍ക്കുള്ള പ്രാധാന്യം ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് സ്ഥിരം നിരീക്ഷകനായ അദ്ദേഹം നാലാം തിയതി തിങ്കളാഴ്ച(04/06/18) അപകടകരമായ ചുറ്റുപാടുകളില്‍ കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും അവരെ സമൂഹത്തിന്‍റെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യേണ്ടതിനെക്കുറിച്ചും അതില്‍ വിശ്വാസധിഷ്ഠിത സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു.

കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങളും ഔന്നത്യവും സംരക്ഷിക്കുന്നതിലും അവര്‍ക്ക് ആഹാരവും പാര്‍പ്പിടവും വിദ്യഭ്യാസവും ചികിത്സയും മാനസിക പിന്തുണയും ലഭ്യമാക്കുന്നതിലും ഈ സംഘടനകള്‍ മുന്‍ നിരയില്‍ത്തന്നെയുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഇത്തരം സംഘടനകളില്‍ മിക്കതും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ശക്തമായ അടിത്തറയുള്ളവയാണെന്നും യോഗ്യതയുള്ളവരും സ്ഥലത്തെ അവസ്ഥകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമായ പ്രവര്‍ത്തകര്‍ ഈ സംഘടകള്‍ക്കുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ എടുത്തുകാട്ടുന്നു.

അതുപോലെതന്നെ സര്‍ക്കാരുകള്‍ക്കും സംഘടനകള്‍ക്കും ഇവയില്‍ വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു.

സന്നദ്ധസേവകരുടെ കാര്യത്തിലും വിശ്വാസാധിഷ്ഠിത സംഘടനകള്‍ക്ക് വലിയ ശൃംഖലയാണ് ഉള്ളതെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ അനുസ്മരിക്കുന്നു.

അതിനിടെ,

സുരക്ഷിതവും ക്രമനിബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ അധികരിച്ചുള്ള ആഗോള ഉടമ്പടിയുടെ നക്കലില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ സംതൃപ്തി രേഖപ്പെടുത്തുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഈ ഉടമ്പടിയെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട യോഗത്തെ ചൊവ്വാഴ്ച (04/06/18) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ കുടിയേറ്റക്കാരന്‍റെയും ഔന്നത്യവും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിയ്ക്കുന്നതും മനുഷ്യവ്യക്തിയില്‍ കേന്ദ്രീകൃതവുമായ നയങ്ങളും കുടിയേറ്റ നയങ്ങളും രൂപീകരിക്കാന്‍ ഒരോ പരമാധികാര രാഷ്ട്രത്തിനും സ്വതന്ത്രമായി തീരുമാനിക്കാമെന്നത് ഒരു വൈരുദ്ധ്യമല്ല പ്രത്യുത പരസ്പരപൂരകങ്ങളാണെന്ന് ഈ നക്കല്‍ കാട്ടിത്തരുന്നുവെന്നും അന്താരാഷ്ട്രമൂഹം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചിരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ സന്തുഷ്ടി പ്രകടിപ്പിച്ചു.

കുടിയേറ്റക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രതിബന്ധമായി നില്ക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും തന്‍റെ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

 








All the contents on this site are copyrighted ©.