2018-06-01 12:49:00

ക്രൈസ്തവവിരുദ്ധ പീഡനങ്ങള്‍ക്ക് പിന്നില്‍ പൈശാചിക ശക്തി-പാപ്പാ


ലോകത്തില്‍ ഇന്നും ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുകയും വാര്‍ത്താമാധ്യമങ്ങള്‍ മൗനം പാലിക്കുകയും ചെയ്യന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ വെള്ളിയാഴ്ച(01/06/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ക്രൈസ്തവരെന്നല്ല ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോള്‍ അതിനു പിന്നില്‍ പൈശാചിക ശക്തിയുണ്ടെന്നും ക്രൈസ്തവരുടെ വിശ്വാസത്തെയും  സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും, സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെയും നശിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കയാണെന്നും യുദ്ധവും ഇത്തരം നശീകരണത്തിനുള്ള ഉപകരണമാണെന്നും പാപ്പാ പറഞ്ഞു.

നരകുലത്തെ നശിപ്പിക്കുന്നതിന് ശാരീരികമായും ധാര്‍മ്മികമായും സാസ്കാരികമായും സ്ത്രീപുരുഷന്മാരെ ഇല്ലാതാക്കുന്നതിന് ആയുധനിര്‍മ്മാണ ശാലകള്‍ നടത്തുന്നവര്‍ നിരവധിയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

പട്ടിണി അടിമത്തം സാസ്കാരിക കോളണിവത്ക്കരണം യുദ്ധങ്ങള്‍ എന്നിവയുടെയല്ലാം പിന്നില്‍ സാത്താനാണെന്നും അടിമത്തത്തിന്‍റെ രൂപങ്ങള്‍ നിരവധിയാണെന്നും പാപ്പാ പറയുന്നു.

മാനവ ഔന്നത്യം നശിപ്പിക്കുകയാണ് ആത്യന്തികമായി സാത്താന്‍ ലക്ഷ്യമിടുന്നതെന്നും അതിനു വേണ്ടിയാണ് പീഢനം അഴിച്ചുവിടുന്നതെന്നും പാപ്പാ വിശദീകരിക്കുന്നു.

ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി പീഢനമേല്ക്കേണ്ടിവരുന്നവരും നിണസാക്ഷികളും നിരവധിയാണെന്നും ക്രൈസ്തവരു‍ടെ അവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യങ്ങളുണ്ടെന്നും കുരിശുധരിച്ചാല്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.
All the contents on this site are copyrighted ©.