2018-05-30 12:19:00

"പരിശുദ്ധാത്മ മുദ്ര"- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


റോമില്‍ താപനില ഈ ദിനങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കയാണ്. ഈ ബുധനാഴ്ച (30/05/18) രാവിലെ പൊതുവെ കാര്‍മേഘവൃതമായ ഒരന്തരീക്ഷം ആയിരുന്നെങ്കിലും സുര്യകിരണങ്ങള്‍ നിര്‍ല്ലോഭം ചൊരിയപ്പെട്ട വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ     ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണമായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി ഈ ആഴ്ചയും. വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു.

ദക്ഷിണ കൊറിയക്കാരായ "തയെക്വോണ്ടൊ" ആയോധനകലാഭ്യാസികളായ ഒരു സംഘം സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും പാപ്പായ്ക്കുവേണ്ടി ഏതാനും കായികാഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും “സമാധാനം ജയോത്സവത്തെക്കാള്‍ അമൂല്യം” എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിപ്പിടിക്കുകയും ചെയ്തത് ഈ കൂടിക്കാഴ്ചാവേളയില്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മോസ്ക്കൊ പാത്രിയാര്‍ക്കാസ്ഥാനത്തിന്‍റെ 20 അംഗപ്രതിനിധി സംഘവുമായി പോള്‍ ആറാമാന്‍ ശാലയിലെ ചെറിയ ശാലയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചാനന്തരം, പതിവുപോലെ, വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തില്‍ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ വരവേറ്റു. വാദ്യമേളവും പശ്ചാത്തലത്തില്‍ ഉയരുന്നുണ്ടായിരുന്നു.

ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ എതാണ്ട് 9.45 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ആത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം,  ഇവയാണ്. ഇവയ്ക്കെതിരായ ഒരു നിയമവുമില്ല.” (ഗലാത്തി:5,22-23)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ താന്‍ സ്ഥൈര്യലേപനകൂദാശയെ അധികരിച്ച് കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രബോധന പരമ്പര തുടര്‍ന്നു. ഈ കൂദാശവഴി പതിക്കപ്പെടുന്ന പരിശുദ്ധാത്മ മുദ്രയായിരുന്നു പാപ്പായുടെ പരിചിന്തനവിഷയം.

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീ സഹോദരന്മാരേ ​എന്ന സംബോധനയോടെ തന്‍റെ പ്രഭാഷണം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

സ്ഥൈര്യലേപനകൂദാശയെ അധികരിച്ചുള്ള പരിചിന്തനത്തില്‍ ഇന്നു ഞാന്‍ എടുത്തുകാട്ടാന്‍ ആഗ്രഹിക്കുന്നത് ഈ കൂദാശയ്ക്ക് ക്രസ്തീയജീവിതാരംഭവുമായുള്ള അഭേദ്യ ബന്ധമാണ്.

മാമ്മോദീസാവഴി ലഭിച്ച കൃപയെ സ്ഥിരീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ആദ്ധ്യാത്മികാഭിഷേകം സ്വീകരിക്കുന്നതിനു മുമ്പ് സ്ഥൈര്യലേപനകൂദാശാര്‍ത്ഥി ഒരിക്കല്‍ മാതാപിതാക്കളും തലതൊട്ടപ്പന്മാരും തലതൊട്ടമ്മമാരും ചെയ്ത വാഗ്ദാനം നവീകരിക്കാന്‍ ക്ഷണിക്കപ്പെടുന്നു. എന്നാലിപ്പോള്‍ മെത്രാന്‍ ചോദിക്കുന്ന ചോദ്യത്തോടു  “ഞാന്‍ വശ്വസിക്കുന്നു” എന്നു പ്രത്യുത്തരിക്കാന്‍ സന്നദ്ധരായിക്കൊണ്ട് സഭയുടെ വിശ്വാസം പ്രഖ്യാപിക്കുന്നത് സ്ഥൈര്യലേപനകൂദാശാര്‍ത്ഥികളാണ്. കര്‍ത്താവും ജീവദാതാവുമായ, പന്തക്കൂസ്താദിനത്തില്‍ അപ്പസ്തോലന്മാര്‍ക്ക് നല്കപ്പെട്ടതു പോലെ, ഇപ്പോള്‍, സവിശേഷമാവിധം, സ്ഥൈര്യലേപനകൂദാശവഴി നല്കപ്പെടുന്ന, പരിശുദ്ധാരൂപിയിലുള്ള വിശ്വാസം പ്രഖ്യാപിക്കാന്‍ അവര്‍ സന്നദ്ധരാണ്.

പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിന് ഹൃദയങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായിരിക്കേണ്ടത് ആവശ്യമാണ്. സമൂഹത്തിന്‍റെ മൗനപ്രാര്‍ത്ഥനാനന്തരം മെത്രാന്‍ സ്ഥൈര്യലേപനകൂദാശാര്‍ത്ഥികളുടെ മേല്‍ കൈകള്‍ വച്ച് പരിശുദ്ധാത്മ നിവേശനത്തിനായി പ്രാര്‍ത്ഥിക്കുന്നു. ആത്മാവ് ഒന്നു മാത്രമാണെങ്കിലും നമ്മുടെ മേല്‍ ആവസിക്കുമ്പോള്‍ ജ്ഞാനം, ബുദ്ധി, അറിവ്, ഉപദേശം, ശക്തി, ദൈവികജ്ഞാനം, ദൈവഭയം എന്നീ ദാനങ്ങളും സംവഹിക്കുന്നു. ഏശയ്യാപ്രവാചകന്‍റെ   അഭിപ്രായത്തില്‍ മിശിഹായുടെ ദൗത്യനിര്‍വ്വഹണത്തിന് അവിടത്തെ മേല്‍ വര്‍ഷിക്കപ്പെട്ട ഏഴു പുണ്യങ്ങളാണ് അവ. പൗലോസപ്പസ്തോലനും ആത്മാവിന്‍റെ സമൃദ്ധഫലങ്ങളെക്കുറിച്ചു പറയുന്നു: സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ് അവ. ഏകാത്മാവ് അനേകം ദാനങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഏക സഭയെ സമ്പന്നയാക്കുന്നു. വൈവിധ്യങ്ങളു‌ടെ കര്‍ത്താവും ഒപ്പം ഐക്യത്തിന്‍റെ ശില്പിയുമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാരൂപി, അങ്ങനെ, വൈവിധ്യത്തിന്‍റെ സമ്പന്നതയേകുകയും അതുപോലെതന്നെ ഏകതാനത സംജാതമാക്കുകയും ചെയ്യുന്നു. ഈ ആദ്ധ്യാത്മികസമ്പന്നതകളുടെതായ ഐക്യം ക്രൈസ്തവരായ നമുക്കുണ്ട്.

മാമ്മോദീസായുടെ കൃപ പൂര്‍ണ്ണമാക്കുന്ന പരിശുദ്ധാത്മാവ് നല്കപ്പെടുന്നത് അപ്പസ്തോലന്മാര്‍ സാക്ഷ്യപ്പെടുത്തുന്ന പാരമ്പര്യമനുസരിച്ച്, കൈവയ്പു വഴിയാണ്.

വിശുദ്ധ തൈലം, അഥവാ, ക്രിസം ഔഷധഗുണമുള്ളതും സൗന്ദര്യസംവര്‍ദ്ധകവുമാണ്. അത് ശരീരത്തില്‍ പ്രവേശിക്കുകവഴി മുറിവുകളെ സുഖപ്പെടുത്തുകയും അവയവങ്ങള്‍ക്ക് പരിമളമേകുകയും ചെയ്യുന്നു. അതുകൊണ്ടാണ് സ്നാനിതിനെ വിശുദ്ധീകരിക്കുകയും അവനില്‍ ഉള്‍പ്രവേശിക്കുകയും അവനെ സിദ്ധികളാല്‍ നിറയ്ക്കുകയും ചെയ്യുന്ന  പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തെ ദ്യോതിപ്പിക്കുന്നതിന് ബൈബിളിലും ആരാധനാക്രമത്തിലും തൈലം പ്രതീകാത്മകമായി ഉപയോഗിക്കപ്പെടുന്നത്. “നിനക്കു ദാനമായി നല്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ മുദ്ര നീ സ്വീകരിക്കൂ” എന്നു പറഞ്ഞുകൊണ്ട് മെത്രാന്‍ സ്ഥൈര്യലേപനകൂദാശാര്‍ത്ഥിയുടെ നെറ്റിയില്‍ തൈലം പൂശിക്കൊണ്ടാണ് ഈ കൂദാശ നല്കുന്നത്. പരിശുദ്ധാരൂപി ചൊരിയപ്പെട്ട അദൃശ്യദാനവും തൈലം ഈ അരൂപിയുടെ ദൃശ്യ മുദ്രയും ആണ്.

ശ്രദ്ധാപൂര്‍വ്വം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒരു ദാനമാണ് അത്. ഇന്ന് ലോകത്തില്‍ യേശുക്രിസ്തു പ്രതിഫലിപ്പിക്കപ്പെടേണ്ടതിന് ആ അരൂപിയുടെ ജ്വലിക്കുന്ന ഉപവിയാല്‍ മെഴുകുപോലെ രൂപപ്പെടുത്തപ്പെടാന്‍ നമ്മെ വിട്ടുകൊടുത്തുകൊണ്ട് അവിടത്തെ പ്രവര്‍ത്തനങ്ങളോടു നാം സഹകരിക്കണം

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ വ്യാഴാഴ്ച മരിയന്‍ മാസം (31/05/18) അവസാനിക്കുന്നത് അനുസ്മരിച്ചു. സന്തോഷസന്താപവേളകളില്‍ ഒരുപോലെ ദൈവജനനി അവരുടെ അഭയകേന്ദ്രവും കുടുംബങ്ങളുടെ വഴികാട്ടിയും ആയിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.