2018-05-26 12:45:00

പരിശുദ്ധസിംഹാസനം ഭ്രൂണഹത്യാനുകൂല സകല നീക്കങ്ങള്‍ക്കുമെതിരെ


ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവനെതിരായ നിയമങ്ങള്‍ക്ക് പിന്തുണയേകാന്‍ ഐക്യരാഷ്ട്ര സഭയൊ ഐക്യരാഷ്ട്രസഭയുടെ ഘടകസംഘടനകളോ നടത്തുന്ന എല്ലാ ശ്രമങ്ങളെയും പരിശുദ്ധസിംഹാസനം ശക്തിയുക്തം എതിര്‍ക്കുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.

ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സര്‍ലണ്ടിലെ ജനീവാപട്ടണ​ത്തിലുള്ള കാര്യാലയത്തിലും ഐ ക്യരാഷ്ട്രസഭയുടെ ഉപസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം  ജനീവയില്‍ ലോകാരാഗ്യ സംഘടനയുടെ ഈ മാസം 21 മുതല്‍ 26 വരെ (21-26/05/18) നടന്ന എഴുപത്തിയൊന്നാം സമ്മേളനത്തെ അതിന്‍റെ  ഉപാന്ത്യ ദിനമായിരുന്ന വെള്ളിയാഴ്ച (25/05/18) സംബോധന ചെയ്യുകയായിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ആരോഗ്യ പരിരക്ഷണത്തിനായി 2015 ല്‍ തുടക്കം കുറിച്ച നൂതന ആഗോള പദ്ധതി പരിശോധനാവിധേയമാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയതായിരുന്നു ഈ സമ്മേളനം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തടയുക കുട്ടികള്‍ക്കുള്ള പരിപാടികളുടെ ഗുണഭോക്താക്കാളുടെ പ്രായപരിധി 18 വയസ്സുവരെ ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ സംതൃപതി രേഖപ്പെടുത്തുന്ന ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്  “സുരക്ഷിതമായ ഗര്‍ഭച്ഛിദ്രവും” ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതില്‍ ആശങ്ക അറിയിക്കുന്നു.

ഭ്രൂണഹത്യയും അതിനുവേണ്ട സേവനങ്ങളും പ്രജനനാരോഗ്യോന്മുഖ നടപടികളായി കാണാന്‍ പരിശുദ്ധസിംഹാസനത്തിനു സാധിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഭ്രൂണഹത്യ നിയമാനുസൃതമാക്കുന്ന എല്ലാ നടപടികളെയും പരിശുദ്ധസിംഹാസനം എതിര്‍ക്കുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിത്സ് വ്യക്തമാക്കി.

 








All the contents on this site are copyrighted ©.