2018-05-26 15:11:00

കൂട്ടായ്മയില്‍ അനുരൂപപ്പെടുന്ന ത്രിത്വരഹസ്യം


ത്രിത്വരഹസ്യം


പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍... ആമേന്‍.
പ്രിയ സ്നേഹിതരേ, പെന്തക്കോസ്ത കഴിഞ്ഞുവരുന്ന ഞായറാഴ്ച ഇന്നേ ദിവസം സഭാമാതാവ് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ആഘോഷിക്കുന്നു. നാം എല്ലാവരും ഏകദൈവത്തില്‍ മൂന്ന് ആളുകളുണ്ടെന്ന് നാം വിശ്വസിക്കുന്നു – പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്! പരിശുദ്ധ ത്രിത്വം!! യുക്തികൊണ്ട് താത്വികമായി വേഗത്തില്‍ മനസ്സിലാക്കാനോ, അംഗീകരിക്കാനോ സാധിക്കാത്ത ഒരു മഹാരഹസ്യമാണ് പരിശുദ്ധ ത്രിത്വദൈവം! എന്നാല്‍ വിശ്വാസത്തിന്‍റെ ആഴത്തില്‍ ഏറ്റവും വേഗത്തില്‍ ഉള്‍ക്കൊള്ളുവാനും ജീവിക്കുവാനും സാധിക്കുന്ന ഒന്നാണ് ത്രിത്വൈക ദൈവിതത്തിലുള്ള വിശ്വാസവും രഹസ്യവും.

പരിശുദ്ധ ത്രിത്വം വിശുദ്ധ ഗ്രന്ഥത്തില്‍...
വിശുദ്ധ ബൈബിളിന്‍റെ ആദ്യംമുതല്‍ അവസാനംവരെ – ഉല്പത്തിമുതല്‍ വെളിപാടുവരെ ത്രിത്വൈക ദൈവത്തിന്‍റെ സാന്നിദ്ധ്യം പരോക്ഷമായും പ്രത്യക്ഷമായും നമുക്ക് അനുഭവിക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, ഉല്പത്തി 1, 1-3 > “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ചെയ്തു. വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചമുണ്ടായി.”  ഇവിടെ സ്രഷ്ടാവായ ദൈവം – പിതാവ്, ചൈതന്യമായ ആത്മാവ്, പ്രകാശമായ ക്രിസ്തു, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരാണ്. അവസാന പുസ്തകം വെളിപാട് 22, 21, കര്‍ത്താവായ യേശുവിന്‍റെ കൃപ എല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

കര്‍ത്താവായ ദൈവം, പുത്രനായ യേശു, കൃപാദാതാവായ പരിശുദ്ധാത്മാവ്.. അതിനാല്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും, വിശുദ്ധ ബൈബിള്‍ മുഴുവനും ത്രിത്വൈക ദൈവത്തിന്‍റെ രഹസ്യസാന്നിദ്ധ്യംകൊണ്ട് പരിപൂരിതമാണെന്ന്. പുത്രന്‍ പിതാവിനെ സ്നേഹിക്കുന്നു. തന്നെത്തന്നെ പൂര്‍ണ്ണമായി പിതാവിനു പുത്രന്‍ സമര്‍പ്പിക്കുന്നു (ലൂക്ക 23, 46... ഫിലിപ്പിയര്‍ 2, 8). പിതാവിന്‍റെയും പുത്രന്‍റെയും പരസ്പര സ്നേഹത്തില്‍നിന്ന് സ്നേഹത്തിന്‍റെ നിറവായ പരിശുദ്ധാത്മാവ് പുറപ്പെടുന്നു ( റോമ 5, 5... യോഹ. 14, 16). ആളത്വത്തില്‍ വ്യത്യാസമുണ്ടെങ്കിലും സത്തയിലും സ്വഭാവത്തിലും മൂന്നാളുകളും തമ്മില്‍ വ്യത്യാസമില്ല. ആളുകള്‍ മൂന്നുണ്ടെങ്കിലും ദൈവം ഒന്നുമാത്രം. ഇത് ഒരു വിശ്വാസരഹസ്യമാണ്. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമെങ്കിലും ദൈവം വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം അംഗീകരിച്ച് ജീവിക്കേണ്ട വിശ്വാസരഹസ്യമാണ്... പ്രഘോഷിക്കേണ്ട ദൈവിക വിശ്വാസസത്യമാണ്.

കൗദാശിക ജീവിതം
ക്രൈസ്തവ ജീവിതം ആരംഭിക്കുന്നത് കൂദാശകളിലൂടെയാണ്. ഏതൊരു കൂദാശയും നാം വസ്തുനിഷ്ഠമായി മനസ്സിലാക്കുമ്പോള്‍ ത്രിത്വൈക ദൈവത്തിന്‍റെ നിറഞ്ഞ സാന്നിദ്ധ്യം നമുക്ക് അനുഭവവേദ്യമാകുന്നു.  ഉദാഹരണത്തിന്, ജ്ഞാസ്നാനം. ജ്ഞാനസ്നാനത്തിലൂടെയാണല്ലോ നാം ക്രൈസ്തവരായിത്തീരുന്നത്. പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തിലാണ് നാം ജ്ഞാനസ്നാനം സ്വീകരിക്കുന്നത് (മത്തായി 28, 20). പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പ്രവര്‍ത്തനം നമ്മുടെ ജ്ഞാനസ്നാനത്തില്‍ സുവ്യക്തമാമണ്. ജ്ഞാനസ്നാനം സ്വീകരിക്കുന്നതോടെ നമുക്ക് മുന്നില്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ ഇറങ്ങിവരുന്നു, എഴുന്നള്ളിവരുന്നു. അങ്ങനെ നാം പിതാവിന് സംപ്രീതരായ മക്കാളായി മാറുന്നു (മത്തായി 3, 6-17). പുത്രന്‍റെ മരണത്തിലും ഉത്ഥാനത്തിലും നാം പങ്കുകാരാകുന്നു (കൊളോസി. 2, 12). എല്ലാ കൂദാശകളിലും എത്രയോ തവണ ആവര്‍ത്തിച്ചാണ് നാം പരിശുദ്ധ ത്രിത്വത്തിന്‍റെ സാന്നിദ്ധ്യം അനുഭവിക്കുന്നത്.

പരിശുദ്ധ ത്രിത്വത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെടുകയും (ഉല്പത്തി 1, 26), പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ പുനര്‍സൃഷ്ടിക്കപ്പെടുകയും, ജ്ഞാനസ്നാനംവഴി (യോഹ ൩, 18) നവജീവന്‍ പ്രാപിക്കുകയും ചെയ്ത നാം പരിശുദ്ധ ത്രിത്വത്തില്‍ ഐക്യപ്പെടുകയും അനുരൂപപ്പെട്ടതുമായ ജീവിതം നയിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ഇതിനുള്ള എളുപ്പവഴി യേശുവിന്‍റെ വചനം പാലിക്കുകയാണ്. “എന്നെ സ്നേഹിക്കന്നവന്‍ എന്‍റെ വചനം പാലിക്കും” (യോഹ. 14, 23). അപ്പോള്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും ആ വ്യക്തിയില്‍വന്ന് വസിക്കുന്നു. യേശുവിന്‍റെ വചനം (കല്പന) ഇതാണ്, “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളം പരസ്പരം സ്നേഹിക്കുവിന്‍” (യോഹ. 15, 12-13). പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ ജ്ഞാനസാനം സ്വീകരിച്ച് പുതിയ സൃഷ്ടികളായി തീര്‍ന്ന നാം പാലിക്കേണ്ട ഏകകല്പന സ്നേഹമാണ്. സ്നേഹമാണ് ക്രിസ്തു ശിഷ്യന്‍റെ മുഖരേഖ.

ത്രിത്വത്തിന്‍റെ സാമൂഹികമാനം
പരസ്പരം സ്നേഹിക്കുകുയം ശുശ്രൂഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന സമൂഹമാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ ദൃശ്യമായ സാക്ഷ്യം (യോഹ. 17, 21). യേശവിന്‍റെ പ്രാര്‍ത്ഥനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. അവിടുന്നു പ്രാര്‍ത്ഥിച്ചു, “അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്നു എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” നമ്മുടെ ജീവിതം ദൈവസ്നേഹത്തിന്‍റെ ജീവിതമെന്നപോലെ പരസ്നേഹത്തിന്‍റെയും ജീവിതമാണ്. അപരനുമായി പങ്കുവയ്ക്കുന്ന ജീവിതം. അപരന്‍റെ ശുശ്രൂഷയ്ക്കായി മുറിക്കപ്പെട്ട ജീവിതം. അപരനെ തന്നെക്കാളും ഉപരി സ്നേഹിക്കുന്ന ജീവിതം. ആദിമ ക്രൈസ്തവരുടെ ജീവിതം അപ്രകാരമായിരുന്നു (അപ്പ. 2, 43-47).

കൂട്ടായ്മയില്‍ അനുരപപ്പെടുന്ന ത്രിത്വമാതൃക
പ്രിയ സ്നേഹതിരേ, ത്രിത്വത്തില്‍ ഒളിഞ്ഞിരിക്കുന്ന ദൈവിക രഹസ്യത്തെ പങ്കുവയ്ക്കുകയും സമര്‍പ്പിക്കുകയും ശുശ്രൂഷിക്കുകയും സഹവസിക്കുകയും സ്നേഹിക്കുയും ചെയ്യുന്ന ജീവിതമാണ് നാം ഓരോരുത്തരും നയിക്കേണ്ടത്. നമ്മുടെ ദൈവം എല്ലാം നല്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ദൈവമാണ്. സമര്‍പ്പിക്കുന്ന ദൈവം, സ്നേഹിക്കുകയും സഹവസിക്കുകയകും ചെയ്യുന്ന ദൈവം! ഇന്ന് കുടുംബത്തിലും സമുദായത്തിലും സമൂഹത്തിലും സാമൂഹികമായ ചിന്ത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഹാരമാര്‍ഗ്ഗം ഒന്നേയുള്ളൂ. പരിശുദ്ധ ത്രിത്വത്തോട് അനുരൂപപ്പെട്ട ജീവിതം നയിക്കുക. പരസ്പരം പങ്കുവയ്ക്കുക, സമര്‍പ്പിക്കുക, ശുശ്രൂഷിക്കുക, സ്നേഹിക്കുക, സഹവസിക്കുക. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സംസര്‍ഗ്ഗവും നമ്മോടുകൂടെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ! എല്ലാവര്‍ക്കും പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ആശംസകള്‍!








All the contents on this site are copyrighted ©.