2018-05-25 17:12:00

"വിവാഹ കൂദാശയുടെ ദൈവികച്ഛായ": പാപ്പായുടെ വചനസന്ദേശം


2018 മെയ് 25-ാംതീയതി, വെള്ളിയാഴ്ചയില്‍, സാന്താ മാര്‍ത്താ വസതിയിലെ കപ്പേളയില്‍ പ്രഭാത ബലിമധ്യേ, വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്ന് (10:1-12) വിവാഹമോചനത്തെക്കുറിച്ച് യേശു നല്‍കുന്ന പ്രബോധനം ആസ്പദമാക്കി വചനവിചിന്തനം നല്‍കുകയായിരുന്നു മാര്‍പ്പാപ്പാ.

വിവാഹത്തിന്‍റെ ശ്രേഷ്ഠതയെ വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: “വിവാഹമോചനത്തെക്കുറിച്ചുള്ള ഫരിസേയരുടെ ചോദ്യം യേശുവിനെ പരീക്ഷിക്കുക എന്നതായിരുന്നു.  അവര്‍ക്കറിയേണ്ടിയിരുന്നത് വിവാഹമോചനം നിയമാനുസൃതമാണോ അല്ലയോ എന്നതും.  എന്നാല്‍ യേശുവിന്‍റെ ഉത്തരം അതിനുമുപരിയായി, സൃഷ്ടികര്‍മത്തിന്‍റെ ഒരാഴ്ചക്കാലത്തില്‍ സംഭവിച്ച ഒരു പക്ഷേ, ഏറ്റവും മനോഹരമായ ഒന്നായി വിവാഹത്തിന്‍റെ സൗന്ദര്യത്തെ വ്യക്തമാക്കുകയായിരുന്നു... അവിടുന്നു പറയുന്നു, 'സൃഷ്ടിയുടെ ആരംഭം മുതലേ, ദൈവം അവരെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു'. കര്‍ത്താവു വിവാഹത്തെക്കുറിച്ച് ശക്തമായ ഒരു പ്രബോധനം - അവര്‍ ഒരു ശരീരമാണ് എന്ന പ്രബോധനം - ആണു നല്‍കുന്നത്.  വിവാഹമോചനത്തെക്കുറിച്ചുള്ള പ്രശ്നം വിട്ട്, ദമ്പതികള്‍ ഒന്നായിരിക്കുന്നതിന്‍റെ സൗന്ദര്യത്തെക്കുറിച്ചാണു യേശു നല്‍കുന്ന ഉത്തരം.”  അതിനാല്‍ പാപ്പാ അവരോട് ഉപദേശിച്ചു:  ഈ നിയമജ്ഞരെപ്പോലെ, വിവാഹമോചനം സാധ്യമാണോ അല്ലയോ എന്ന കാര്യത്തിനുവേണ്ടി സമയം പാഴാക്കാതിരിക്കുക... ചിലപ്പോള്‍, ചില ദൗര്‍ഭാഗ്യങ്ങളില്‍, ഒരു യുദ്ധം അവസാനിപ്പിക്കാന്‍ ഒരുപക്ഷേ മോചനം ആവശ്യമായി വന്നേക്കാം.  അതൊരു ദൗര്‍ഭാഗ്യമാണ്.,, എന്ന് ആവര്‍ത്തിച്ച പാപ്പാ, ഒരിക്കല്‍ താന്‍ വിവാഹത്തിന്‍റെ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികളോട് 'നിങ്ങള്‍ സന്തോഷമുള്ളവരാണോ' എന്നു ചോദിച്ചപ്പോള്‍, പരസ്പരം നോക്കി, നിറകണ്ണുകളോടെ, 'ഞങ്ങള്‍ സ്നേഹത്തിലാണ്' എന്നു അവര്‍ മറുപടി പറഞ്ഞത് അനുസ്മരിച്ചു. 

പാപ്പാ തുടര്‍ന്നു, "വിഷമങ്ങളുണ്ട്, പ്രശ്നങ്ങളുണ്ട്, കുട്ടികളുമായും ദമ്പതികള്‍ പരസ്പരവും, വാഗ്വാദങ്ങളും വഴക്കുകളും..." വിവാഹം അവര്‍ക്കുമാത്രമല്ല, സഭയിലും ഒരു കൂദാശയാണ്... നോക്കുക, സ്നേഹം സാധ്യമാണ്... ആ സ്നേഹം ഒരു ജീവിതകാലം മുഴുവന്‍ സ്നേഹിക്കാന്‍ കഴിവുള്ളതാണ്... അതുകൊണ്ടു മുന്നോട്ടുപോവുക, അതു സുന്ദരമാണ്.

പുരുഷനും സ്ത്രീയും ദൈവത്തിന്‍റെ സാദൃശ്യത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടതായതിനാല്‍, വിവാഹവും, അവിടുത്തെ ഛായയുള്ളതാണ്.  അതു മനോഹരമാണ്... വിവാഹജീവിതം, മറ്റുള്ളവരോടുള്ള മൗനപ്രഭാഷണമാണ്, അനുദിനവും നടത്തുന്ന പ്രഘോഷണമാണ്.  വിവാഹവാര്‍ഷികങ്ങള്‍ വാര്‍ത്തകളാകുന്നില്ല, മറിച്ച്, വിവാഹമോചനങ്ങളും, ഉതപ്പുകളുമാണ് വാര്‍ത്ത കളായി മാറുക എന്നു പാപ്പാ പരിതപിച്ചു. സഭയും സമൂഹവും, കൂടുതല്‍ ആഴമായി വിവാഹം ദൈവികച്ഛായയുള്ളതാണെന്ന വസ്തുത ഇനിയും മനസ്സിലാക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന വാക്കുകളോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.

വിവാഹത്തിന്‍റെ 25, 50 വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ഏഴു ദമ്പതികള്‍ മറ്റു വിശ്വാസികളോടൊപ്പം പാപ്പായോടൊത്ത് ദിവ്യബലിയര്‍പ്പണത്തില്‍ പങ്കുചേരുന്നതിനെത്തിയിരുന്നു.
All the contents on this site are copyrighted ©.