2018-05-24 09:20:00

"സായുധസംഘട്ടനങ്ങളില്‍ പൗരസംരക്ഷണം ഉറപ്പാക്കണം": വത്തിക്കാന്‍


ന്യൂയോര്‍ക്ക്, 22 മെയ് 2018: സായുധസംഘട്ടനാവസരത്തിലെ പൗരസംരക്ഷണത്തെക്കുറിച്ച് യുഎന്‍ രക്ഷാസമിതിയില്‍ നടന്ന തുറന്ന ചര്‍ച്ചയിലാണ് ന്യൂയോര്‍ക്കിലെ അപ്പസ്തോലിക് ന്യുണ്‍ഷ്യോയും വത്തിക്കാന്‍റെ യു. എന്‍ നിരീക്ഷകനുമായ ആര്‍ച്ചുബിഷപ്പ് ഔസ്സ ഇങ്ങനെ പ്രസ്താവിച്ചത്.

മെയ് 22-ാംതീയതി നടന്ന ചര്‍ച്ചയില്‍, "നാലാമത് ജനീവ കണ്‍വെന്‍ഷനില്‍, അന്താരാഷ്ട്രമാനവിക നിയമങ്ങളുടെ ഹൃദയഭാഗത്ത് പൗരസംരക്ഷണം ഉള്‍പ്പെടുത്തിയിരിക്കുന്നു" എന്ന വാക്കുകളോടെ ആരംഭിച്ച ആര്‍ച്ചുബിഷപ്പ്, ഇന്നത്തെ യുദ്ധങ്ങളില്‍, ആക്രമണങ്ങള്‍, ഏറ്റവും കിരാതവും, ക്രൂരവുമായ രീതിയില്‍ പൗരസമൂഹത്തെ ലക്ഷ്യംവയ്ക്കുന്നതിന്‍റെ ഉദാഹരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാക്ഷ്യങ്ങള്‍ വേദനയോടെ ശ്രവിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സിറിയയിലും, നൈജീരിയയിലും കഠിനമായ ഭക്ഷ്യദൗര്‍ലഭ്യമുള്ള ദക്ഷിണസുഡാനിലും യെമനിലും ആക്രമണങ്ങള്‍, ലക്ഷ്യം വയ്ക്കുന്നത് നിഷ്ക്കളങ്കരായ പൗരസമൂഹത്തെയാണ്. ഇക്കാര്യം ഫ്രാന്‍സീസ് പാപ്പാ ആവര്‍ത്തി ച്ചു പ്രസ്താവിച്ചിരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒപ്പം, ഈ സംഘട്ടനവേളകളില്‍ പ്രത്യാശ പകരുന്ന വിധം, "അടിസ്ഥാനപരമായ ആരോഗ്യശുശ്രൂഷയും, ആതുരാലയങ്ങളും, ശുശ്രൂഷകരും സംലഭ്യമാകേണ്ടതും, ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും യാതൊരു തരത്തിലും ആക്രമിക്കപ്പെടാതിരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്...  രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അള്‍ത്താരകളില്‍ അര്‍പ്പിക്കപ്പെടേണ്ടതല്ല, മാനവസഹനങ്ങള്‍", അദ്ദേഹം അന്താരാഷ്ട്രസമൂഹത്തെ ഓര്‍മിപ്പിച്ചു.

ഈ മേഖലകളില്‍ മാനവസേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള അക്രമങ്ങളെയും അദ്ദേഹം അപലപിച്ചു. പൗരസംരക്ഷണം എന്നത് ആത്യന്തികമായി ലക്ഷ്യം വയ്ക്കേണ്ടത്, സായുധസംഘട്ടനങ്ങള്‍ ഒഴിവാക്കുന്നതിനായിരിക്കണം എന്നും, അതിന്, സംഘട്ടനങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി, തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം തന്‍റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.








All the contents on this site are copyrighted ©.