2018-05-24 12:30:00

ലെയൊണേല്ല സ്ഗൊര്‍ബാത്തി


നിണസാക്ഷിയായ സന്ന്യാസിനി ലെയൊണേല്ല സ്ഗൊര്‍ബാത്തി ശനിയാഴ്ച (26/05/18) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.

വത്തിക്കാനില്‍ നിന്ന് 500 ലേറെ കിലോമീറ്റര്‍ അകലെ ഇറ്റലിയുടെ വടക്കുഭാഗത്തുള്ള പ്യച്ചേന്‍സ ആയിരിക്കും വാഴ്ത്തപ്പെട്ട പദപ്രഖ്യാപനതിരുക്കര്‍മ്മ വേദി.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

സമാശ്വാസനാഥയുടെ പ്രേഷിതസഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്ന നിണസാക്ഷി ലെയൊണേല്ല സ്ഗൊര്‍ബാത്തിയുടെ ജനനം പ്യചേന്‍സയ്ക്കടുത്തുള്ള ഗത്സോളയില്‍ 1940 ഡിസമ്പര്‍ 9നായിരുന്നു. വ്രതവാഗ്ദാനാനന്തരം ആഫ്രിക്കന്‍ നാടായ കെനിയയില്‍ എത്തിയ സിസ്റ്റര്‍ ലെയൊണേല്ല സൂതികര്‍മ്മിണ് (മിഡ്വൈഫ്) ആയി സേവനമനുഷ്ഠിച്ചു. ആഭ്യന്തരകലാപ വേദിയായിരുന്ന സൊമാലിയായിലേക്കും തന്‍റെ ശുശ്രൂഷ വ്യാപിപ്പിച്ച സഹോദരി ലെയൊണേല്ല അന്നാടിന്‍റെ തലസ്ഥാനമായ മൊഗദിഷുവില്‍ നഴ്സുമാര്‍ക്കും   സൂതികര്‍മ്മിണികള്‍ക്കുമായുള്ള ഒരു പരിശീലന കേന്ദ്രം ആരംഭിച്ചു.

2006 സെപ്റ്റംബര്‍ 17ന്  ആ കേന്ദ്രത്തില്‍ പരിശീലനപരിപാടി കഴിഞ്ഞ് മഠത്തിലേക്കു മടങ്ങവേ ലെയൊണേല്ലയ്ക്ക് 7 വെടിയേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിസ്റ്ററിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

ഞാന്‍ പൊറുക്കുന്നു എന്ന് മൂന്നുതവണ ആവര്‍ത്തിച്ചുകൊണ്ടാണ് സിസ്റ്റര്‍ ലെയോണേല്ല അന്ത്യശ്വാസം വലിച്ചത്.

വെടിവെയ്പ്പിനിടയില്‍ സിസ്റ്റര്‍ ലെയോണേല്ലയെ രക്ഷിക്കാന്‍ ശ്രമിച്ച, സഹായി ആയിരുന്ന ഇസ്ലാം അനുയായി മൊഹമ്മദ് മഹ്മൂദ് എന്നയാളും വെടിയേറ്റു മരിച്ചു.

 
All the contents on this site are copyrighted ©.