2018-05-23 12:29:00

"സ്ഥൈര്യലേപനം-ക്രിസ്തീയ സാക്ഷ്യം"- പൊതുദര്‍ശനപ്രഭാഷണം


ഈ ദിനങ്ങളില്‍ അസ്ഥിരകാലാവസ്ഥ അനുഭവപ്പെടുന്ന റോമില്‍ ചൊവ്വാഴ്ച രാത്രിയിലെ സാമാന്യം ശക്തമായ മഴയ്ക്കു ശേഷം ബുധനാഴ്ച (23/05/18) രാവിലെ ചാറ്റല്‍ മഴയും കാരമേഘവൃതമായ അന്തരീക്ഷവും ആയിരുന്നു. എന്നിരുന്നാലും, പൊതുദര്‍ശനവേളയില്‍ മഴയുണ്ടായിരുന്നില്ല. ഫ്രാന്‍സീസ് പാപ്പാ, അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം തന്നെയായിരുന്നു ഈ ആഴ്ചയും. വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. കേരളത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ, കെസിബിസിയുടെ, കരിസ്മാറ്റിക് സമിതിയുടെ നാല്പത്തിയഞ്ചോളം പേരടങ്ങിയ ഒരു പ്രതിനിധി സംഘവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധികളും ഈ കൂടിക്കാഴ്ചാപരിപാടിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. പതിവുപോലെ വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തില്‍ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെയും ഗാനമാലപിച്ചും വരവേറ്റു.

ചത്വരത്തിലെത്തിയ പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ വാഹനത്തില്‍ നീങ്ങി. ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പേപ്പല്‍ വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ എതാണ്ട് 9.45 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. 17 ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അവന് നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു. 18 കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ  മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടന്ന് എന്നെ അയച്ചിരിക്കുന്നു”. (ലൂക്കാ :4,16-18)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ താന്‍ മാമ്മോദീസായെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര കഴിഞ്ഞയാഴ്ച സമാപിച്ചിതിനെ തുടര്‍ന്നു സ്ഥൈര്യലേപന കൂദാശയെക്കുറിച്ചുള്ള വിചിന്തന പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ക്രൈസ്തവ സാക്ഷ്യമായിരുന്നു വിചിന്തനവിഷയം.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് പ്രഭാഷണം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

പ്രഭാഷണ സംഗ്രഹം:

മാമ്മോദീസായെക്കുറിച്ചുള്ള പരിചിന്തനാന്തരം, പന്തക്കുസ്തായെതുടര്‍ന്നുള്ള ഈ ദിനങ്ങള്‍ നമ്മെ ക്ഷണിക്കുന്നത് സ്നാനപ്പെട്ടവരുടെ ജിവിതത്തില്‍ ചലനം സൃഷ്ടിച്ചുകൊണ്ടും അവരുടെ ജീവിതത്തെ പരനന്മയ്ക്കായ് തുറന്നുകൊടുത്തുകൊണ്ടും  പരിശുദ്ധാത്മാവ് അവരുടെ ജീവിതത്തില്‍ ഉളവാക്കുന്ന ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനാണ്. തന്‍റെ ശിഷ്യരെ യേശു ഭരമേല്പിച്ചത് വലിയൊരു ദൗത്യമാണ്: “നിങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാണ്” (മത്തായി 5,13-16) നമ്മുടെ പെരുമാറ്റരീതിയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രതീകങ്ങളാണ് അവ. ഉപ്പു കൂടുതലായാലും കുറവായാലും ഭക്ഷണത്തിന് അരുചിയേകുന്നു. അതു പോലെതന്നെ, വെളിച്ചത്തിന്‍റെ  ദൗര്‍ല്ലഭ്യതയും ആധിക്യവും കാഴ്ചയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു. സ്വാദുപകരുകയും മിലനമാകുന്നത് തടയുകയും ചെയ്യുന്ന ലവണവും ലോകത്തിന്‍റെ ഇരുളുനീക്കുന്ന വെളിച്ചവുമാക്കി നമ്മെ മാറ്റാന്‍ ക്രിസ്തുവിന്‍റെ അരൂപിക്കുമാത്രമല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക!  ഈ ദാനമാണ് നാം സ്ഥൈര്യലേപന കൂദാശയിലൂ‌ടെ സ്വീകരിക്കുന്നത്. സ്ഥൈര്യലേപനം എന്ന് അത് വിളിക്കപ്പെടുന്നു. കാരണം നമ്മുടെ മാമ്മോദീസായെ സ്ഥിരീകരിക്കുന്നതും അതിന്‍റെ കൃപയെ ശക്തിപ്പെടുത്തുന്നതും അതാണ്. ആശീര്‍വ്വദിക്കപ്പെട്ട പരിമളപൂരിത തൈലത്താലുള്ള അഭിഷേകത്താലാണ് നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത്.

മാമ്മോദീസായിലൂടെ ദൈവികജീവനിലേക്കു വീണ്ടും ജനിക്കുന്നത് ആദ്യ ചുവടുവയ്പ്പാണ്. തുടര്‍ന്ന് ദൈവമക്കളെപ്പോലെ വ്യാപരിക്കേണ്ടിയിരിക്കുന്നു. അതായത്, തിരുസഭയില്‍ പ്രവര്‍ത്തനനിരതനായ ക്രിസ്തുവിനോട്, ലോകത്തില്‍ അവിടത്തെ ദൗത്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, അനുരൂപരാകേണ്ടിയരിക്കുന്നു. അതു സാധ്യമാക്കിത്തീര്‍ക്കുന്നത് പരിശുദ്ധാത്മാഭിഷേകമാണ്. പരിശുദ്ധാരൂപിയുടെ ശക്തികൂടാതെ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. മുന്നോട്ടു പോകാനുള്ള ശക്തിയേകുന്നത് ഈ അരൂപിയാണ്.

പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ കന്യകാമറിയം ഗര്‍ഭംധരിച്ച യേശു ദൗത്യം ആരംഭിക്കുന്നത്, ജോര്‍ദ്ദാന്‍ നദിയിലെ ജലത്തില്‍ നിന്നു പുറത്തേക്കുവരുന്ന യേശുവിനെ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യുകയും ഈ അരൂപി അവിടത്തെ മേല്‍ ഇറങ്ങിവന്ന് വസിക്കുകയും ചെയ്തതിനുശേഷമാണ്.

ഇതു യേശുതന്നെ നസറത്തിലെ സിനഗോഗില്‍ വച്ച് പ്രഖ്യാപിക്കുന്നു. അവിടന്നു പറയുന്നു “കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്".

യേശു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനാണ്. പിതാവ് വാഗ്ദാനം ചെയ്ത പരിശുദ്ധാരൂപിയുടെ ഉറവിടവുമാണ് അവിടന്ന്.... ഉത്ഥിതനായ ക്രിസ്തുവിന്‍റെ  നിശ്വാസം സഭയുടെ ശ്വാസകോശങ്ങളില്‍ പ്രാണന്‍ നിറയ്ക്കുന്നു. വാസ്തവത്തില്‍ പരിശുദ്ധാത്മവിനാല്‍ പൂരിതരായ ശിഷ്യന്മാരുടെ അധരങ്ങള്‍ ദൈവത്തിന്‍റെ വലിയ പ്രവര്‍ത്തികളെ സകലരോടും പ്രഘോഷിക്കുന്നതിനായി തുറക്കപ്പെടുന്നു. എല്ലാ കൂദാശകളിലും പ്രവര്‍ത്തനനിരതമാണ് പരിശുദ്ധാരൂപി, പ്രത്യേകിച്ച്, വിശ്വാസികള്‍ പരിശുദ്ധാരൂപിയെ ഒരു ദാനമായി സ്വീകരിക്കുന്ന സ്ഥൈര്യലേപന കൂദാശയില്‍. സ്ഥൈര്യലേപന കൂദാശാവേളയില്‍ മെത്രാന്‍ പറയുന്നു : “നിനക്ക് ദാനമായി നല്കപ്പെട്ട പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍”.

മാമ്മോദീസായില്‍ പരിശുദ്ധാരൂപി നമ്മെ ക്രിസ്തുവില്‍ ആമഗ്നരാക്കുന്നുവെങ്കില്‍ സ്ഥൈര്യലേപനത്തിലാകട്ടെ ക്രിസ്തു നമ്മെ അവിടത്തെ ആത്മാവിനാല്‍ നിറയ്ക്കുകയും നമ്മെ അവിടെത്ത സാക്ഷികളും സ്വര്‍ഗ്ഗീയ പിതാവിന്‍റെ പദ്ധതിക്കനുസൃതം ജീവന്‍റെയും ദൗത്യത്തിന്‍റെയും ഏക ഉറവിടത്തില്‍ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു.

ക്രിസ്തീയ സാക്ഷ്യം അടങ്ങിയരിക്കുന്നത് ക്രിസ്തുവിന്‍റെ അരൂപി നമ്മോട് ആവശ്യപ്പെടുന്നതു മാത്രവും ആവശ്യപ്പെടുന്ന സകലവും ആ അരൂപി നല്കുന്ന ശക്തിയാല്‍ നിറവേറ്റുന്നതിലാണ്. നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ചൈനയിലെ കത്തോലിക്കര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം

മെയ് 24 അനുവര്‍ഷം ചൈനയിലെ കത്തോലിക്കര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കപ്പെടുന്നത് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിച്ചു..

ചൈനയില്‍ ഷാംഗ്ഹായിലെ ഷേഷനില്‍ “ക്രൈസ്തവരുടെ സഹായം” എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ ദിനമായ മെയ് 24 ന് ചൈനയിലെ കത്തോലിക്കരോട് ആദ്ധ്യാത്മികമായി ഒന്നു ചേരാന്‍ എല്ലാവരെയും പാപ്പാ ക്ഷണിച്ചു.

സാഹോദര്യത്തിന്‍റെയും ഏകതാനതയുടെയും അനുരഞ്ജനത്തിന്‍റെയും സമൂര്‍ത്തമായ പ്രവര്‍ത്തനങ്ങളാലും പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള ഐക്യത്തിലും തങ്ങളുടെ വിശ്വാസം ഉദാരതയോടും പ്രശാന്തതയോടുംകൂടെ ജീവിക്കാന്‍ അവര്‍ക്കു  കഴിയുന്നതിനുവേണ്ടി പരിശുദ്ധ അമ്മയോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ബുദ്ധിമുട്ടുകള്‍ക്കു മദ്ധ്യേയും ദൈവഹിതത്തിനു തങ്ങളെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ജീവിതം തുടരാന്‍ ചൈനയിലെ ക്രിസ്തുശിഷ്യര്‍ക്ക് കഴിയുന്നതിനുവേണ്ടി സാര്‍വ്വത്രിക സഭ അവരോടുകൂടിയും അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ ഉറപ്പുനല്കി. പരിശുദ്ധ അമ്മയുടെ സഹായം അവര്‍ക്കെപ്പോഴും ഉണ്ടാകുമെന്നും മാതൃവത്സല്യത്തോടെ അവള്‍ അവരെ സംരക്ഷിക്കുമെന്നും പാപ്പാ പറഞ്ഞു.

യുദ്ധമേല്‍പ്പിച്ച മുറിവുകളില്‍ നിന്ന് ഉക്രയിന്‍ സൗഖ്യമാക്കപ്പെടട്ടെ!

ഉക്രയിന്‍ രാഷ്ട്രത്തിന് സമാധാനം ലഭിക്കുന്നതിനുവേണ്ടിയും പാപ്പാ പ്രാര്‍ത്ഥിച്ചു. യുദ്ധം അന്നാടിനേല്‍പ്പിച്ച മുറിവുകള്‍ കര്‍ത്താവ് ഉണക്കുന്നതിനും ആ പ്രിയപ്പെട്ട നാടിന് ശാന്തിദാനമേകുന്നുതിനും താന്‍ അവിരാമം പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

വിശ്വശാന്തിക്കായി പ്രാര്‍ത്ഥിക്കുക

പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ അവരെ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേല്പിച്ചു. മെയ്മാസത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക ഊന്നല്‍ നല്കാന്‍ അവരെ ഓര്‍മ്മിപ്പിച്ച പാപ്പാ സഭയ്ക്കും ലോകം മുഴുവനും സമാധാനവും കാരുണ്യവും കര്‍ത്താവ് പ്രദാനം ചെയ്യുന്നതിന് പരിശുദ്ധ കന്യകാമറിയത്തോടു പ്രാര്‍ത്ഥിക്കാന്‍ എല്ലാവരേയും ക്ഷണിച്ചു.

തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.